| Sunday, 12th November 2023, 10:47 am

മിത്ത് പരാമര്‍ശത്തെ തുടര്‍ന്നുള്ള എന്‍.എസ്.എസ് നാമജപയാത്ര; കേസുകള്‍ എഴുതിത്തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മിത്ത് പരമാര്‍ശത്തിന് പിന്നാലെ എന്‍.എസ്.എസ് നടത്തിയ നാമജപ യാത്രക്കെതിരായ കേസുകള്‍ എഴുതിത്തള്ളി. നാമജപയാത്രയില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായില്ല എന്ന പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതോടെ ഈ കേസ് പൂര്‍ണമായും അവസാനിച്ചു.

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു എന്‍.എസ്.എസ് നേതൃത്വത്തില്‍ നാമജപയാത്ര നടത്തിയത്. തിരുവനന്തപുരത്ത് പാളയം മുതല്‍ പഴവങ്ങാടി വരെയായിരുന്നു യാത്ര. യാത്രയില്‍ പങ്കെടുത്ത എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഉള്‍പ്പടെയുള്ള ആയിരം പേര്‍ക്കെതിരെയായിരുന്നു കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നത്. ഗതാഗതം തടസ്സപ്പെടുത്തി, അനുമതിയില്ലാതെ പരിപാടി നടത്തി തുടങ്ങിയ കാര്യങ്ങള്‍ക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തിരുന്നത്.

അന്നു തന്നെ ഈ കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് സര്‍ക്കാറിനെയും ഒപ്പം കോടതിയെയും സമീപിച്ചിരുന്നു. എന്‍.എസ്.എസിന് അനുകൂലമായ തീരുമാനമാണ് അന്ന് സര്‍ക്കാര്‍ കൈകൊണ്ടിരുന്നത്. കേസ് എത്രയും പെട്ടെന്ന് തന്നെ അവസാനിപ്പിക്കുമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കിയിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനമെടുത്തിരുന്നത്. എന്‍.എസ്.എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിലപാട് എന്ന് അന്നു തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസുകള്‍ എഴുതിത്തള്ളാന്‍ പൊലീസ് തീരുമാനിച്ചത്. യാത്രക്ക് അനുമതി ആവശ്യപ്പെട്ട് എന്‍.എസ്.എസ് പൊലീസിനെ സമീപിച്ചിരുന്നതിനാലും യാത്രയില്‍ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായിട്ടില്ല എന്ന കാരണത്താലും ഈ കേസ് എഴുതിത്തള്ളാമെന്നുമാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കോടതിയില്‍ ഈ കേസ് എഴുതിത്തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ തീരുമാനമാണ് ഇപ്പോള്‍ കോടതിയും ശരിവെച്ചത്. പൊലീസിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ഈ കേസ് അവസാനിപ്പിച്ചതായും കോടതി ഉത്തരവിട്ടുണ്ട്.

content highlights: NSS Namajapayatra following myth reference; Cases were dismissed

We use cookies to give you the best possible experience. Learn more