സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. വിമോചന സമരത്തിന് രൂപപ്പെട്ട മത – ജാതി പ്രതിലോമ കൂട്ടായ്മ ഇടതുപക്ഷ തുടര്‍ഭരണം വരാതിരിക്കാനും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കിട്ടാവുന്ന ആയുധങ്ങളൊക്കെ വലതുപക്ഷം ഉപയോഗിച്ചു.
ഇതിന് സമാനമാണ് 2021 ല്‍ നടന്നതെന്നും ലേഖനം ആരോപിക്കുന്നു. 2021ലും തുടര്‍ഭരണം തടയാന്‍ വലതുപക്ഷ ശക്തികള്‍ ഒന്നിച്ചുചേര്‍ന്നതിന് പല കാരണമുണ്ട്. മൂന്നു ദശകമായി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് – ബി.ജെ.പി സര്‍ക്കാരുകള്‍ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ തീവ്രമായി നടപ്പാക്കുകയാണ്. പൊതുമേഖല, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണം തുടങ്ങിയ മേഖലകളില്‍നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റവും തീവ്ര സ്വകാര്യവല്‍ക്കരണവുമായിരുന്നു അവരുടെ നയം. സാമൂഹ്യസുരക്ഷാ മേഖലയിലെ പിന്മാറ്റവും ഈ നയത്തിന്റെ ഭാഗമായിരുന്നു. ഇടതുപക്ഷം ഇതിനെ തുടക്കംമുതല്‍ എതിര്‍ത്തുപോന്നെന്നും ലേഖനത്തില്‍ പറഞ്ഞു.
പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ കേരളത്തിലെ യു.ഡി.എഫും ബി.ജെ.പിയും കൈകോര്‍ത്തുപിടിച്ചു. ഒട്ടേറെ സമരാഭാസങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കി. വിമോചനസമരകാലത്തെ കേന്ദ്ര ഇടപെടലിനു തുല്യമായി കേരളത്തിലെ വികസനം മുടക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കൂട്ടത്തോടെ ഇവിടെ എത്തി. ഫെഡറല്‍ തത്വങ്ങളെ ലംഘിച്ച് കേരള വികസനത്തെ അട്ടിമറിക്കാനുള്ള ഈ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് യു.ഡി.എഫ് പരസ്യമായി കൂട്ടുനിന്നു. ഇത് യാദൃച്ഛികമല്ല. സി.ബി.ഐ പോലുള്ള അന്വേഷണ ഏജന്‍സികളെ വിളിച്ചുവരുത്തിയതും യു.ഡി.എഫ് ആയിരുന്നു.
ഇടതുപക്ഷ തുടര്‍ഭരണം ഒഴിവാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതുപോലെ കോണ്‍ഗ്രസ്, ലീഗ്, ജമാ അത്തെ ഇസ്‌ലാമി സഖ്യം വിപുലീകരിച്ച് ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തുകയെന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കേരളത്തില്‍ ശ്രമവുമുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.
ഈ അട്ടിമറിശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യപ്രസ്താവനകളുമായി രംഗത്തുവന്നതെന്നും ഇതെല്ലാം സൂക്ഷ്മമായി അപഗ്രഥനം നടത്തുന്നവര്‍ക്ക് 1959ലെ വിമോചനസമര കൂട്ടായ്മയുടെ പുതിയ രൂപമായിട്ടേ ഈ രാഷ്ട്രീയ സമവാക്യങ്ങളെ കാണാന്‍ കഴിയുവെന്നും വിജയരാഘവന്‍ ലേഖനത്തില്‍ പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയം ഊര്‍ജമാകുമെന്നും എ. വിജയരാഘവന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക