'ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിന്റെ നിലപാടായിരുന്നു ശരി'; തിരുത്താന്‍ പറ്റുമോയെന്ന് അലോചിക്കേണ്ടതാണെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ
D' Election 2019
'ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിന്റെ നിലപാടായിരുന്നു ശരി'; തിരുത്താന്‍ പറ്റുമോയെന്ന് അലോചിക്കേണ്ടതാണെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2019, 7:51 pm

കൊല്ലം: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ പരാജയത്തില്‍ ശബരിമല പ്രതിഫലിച്ചെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിന്റെ നിലപാട് ശരിയായിരുന്നെന്നും ഇടതുപക്ഷത്തിന് അക്കാര്യത്തില്‍ തെറ്റുപറ്റിയെന്നും ഗണേഷ് പറഞ്ഞു. ശബരിമല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നതില്‍ നിന്ന് ഓടിയൊളിച്ചിട്ട് കാര്യമില്ലെന്നും തിരുത്താന്‍ പറ്റുമോയെന്നാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘മതന്യൂന പക്ഷങ്ങള്‍ മോദിക്കെതിരെ പ്രതികരിച്ചത് കോണ്‍ഗ്രസിന് വോട്ടായി മാറി. രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുമെന്ന ജനത്തിന്റെ വിശ്വാസമാണ് അതിന് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജാതിയും മതവുമാണ് തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായതെന്നും രാഷ്ട്രീയപരമായ തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടന്നതെന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരായ വോട്ടര്‍മാരുടെ എണ്ണം കൂടുകയാണെന്നതും പഠിക്കണമെന്നും ഗണേഷ് അഭിപ്രായപ്പെട്ടു.

നേരത്തെ ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും അഭിപ്രായപ്പെട്ടിരുന്നു. ശബരിമല എല്‍.ഡി.എഫിന് ദോഷം ചെയ്തെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല പ്രശ്നം പരിഹരിക്കാനാകില്ല. എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാന്‍ കഴിയില്ല’വിശ്വാസസംരക്ഷണ നിലപാടായിരുന്നു എന്‍.എസ്.എസിന്റേത്. അതായിരുന്നു ശരിയായ നിലപാടെന്നും ഇടതുമുന്നണിയിലെ അംഗം കൂടിയായ ബാലകൃഷ്ണപിള്ള പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതര മതരസ്ഥരേയും ശബരിമല ബാധിച്ചുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു.

DoolNews Video