ഇടുക്കി: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി വിമതവിഭാഗം. താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരെ സുകുമാരന്‍ നായര്‍ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുന്നുവെന്നാണ് ആരോപണം. എന്‍.എസ്.എസിലെ വിമത വിഭാഗമാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയമ പോരാട്ടത്തില്‍ നിന്ന് വിവരങ്ങള്‍ ബോധ്യപ്പെട്ടുവെന്നും അഴിമതി ആരോപണങ്ങളില്‍ സുകുമാരന്‍ നായര്‍ മറുപടി പറയുന്നില്ലെന്നും ഇടുക്കി ഹൈറേഞ്ച് യൂണിയന്‍ വിമത വിഭാഗം പ്രസിഡന്റ് ആര്‍. മണികുട്ടന്‍ പറഞ്ഞു. വളര്‍ന്നുവരുന്ന പ്രവര്‍ത്തകരെ ഇല്ലാതാക്കി സുകുമാരന്‍ നായര്‍ അധികാര കസേര ഉറപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘടനയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സുകുമാരന്‍ നായര്‍ക്ക് സാധിക്കില്ല. താന്‍ രാജിവെക്കുവാന്‍ തയ്യാറുമല്ല. അധികാരത്തിനായി സുകുമാരന്‍ നായര്‍ പലരെയും വെട്ടി നിരത്തിയെന്നും മണിക്കുട്ടന്‍ പ്രതികരിച്ചു. സംഘടനയുടെ വളര്‍ച്ചക്കായി നേതൃനിരയില്‍ നല്ല ആളുകള്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരന്‍ നായരുടെത് ചെറിയ ഒരു ലോകമാണ്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകളെ സമൂഹം പരിഹസിക്കുകയാണ്. അടിസ്ഥാനമില്ലാത്ത നിലപാടുകളാണ് സുകുമാരന്‍ നായര്‍ എടുക്കുന്നതെന്നും മണിക്കുട്ടന്‍ ചൂണ്ടിക്കാട്ടി.
Content Highlight: NSS General Secretary Sukumaran Nair is criticized by the rebel faction