കോട്ടയം: രാജ്യത്ത് ജാതി സംവരണം അവസാനിപ്പിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജാതി സംവരണം വോട്ട് രാഷ്ട്രീയത്തെ മാത്രം കണക്കിലെടുത്ത് രൂപീകരിച്ചതാണെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. ഇന്ന് നടന്ന എൻ.എസ്.എസ് ബഡ്‌ജറ്റ് സമ്മേളനത്തിലായിരുന്നു വിമർശനം.
വോട്ട് രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള ജാതി സംവരണം, രാജ്യത്ത് വർഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്ന് സുകുമാരൻ നായർ പറഞ്ഞു. ജാതിമത ഭേദമന്യേ എല്ലാവരെയും തുല്യരായി കാണുന്ന ബദൽ സംവിധാനമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികൾ ജാതി സമുദായങ്ങളുടെ തന്ത്രത്തിന് വഴങ്ങുകയാണ്. ഈ സമ്മർദത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയുമെന്നും സുകുമാരൻ നായർ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും വർഗീയ സ്പർദ്ധ വളർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും സുകുമാരൻ നായർ ആരോപിച്ചു.
സ്വകാര്യ വിദ്യാഭ്യസ മേഖലയിൽ മികച്ച രീതിയിൽ സേവനം നടത്തുന്ന സംഘടനയാണ് എൻ.എസ്.എസ്. എന്നാൽ നിലവിൽ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം സുഗമമായ രീതിയിൽ നടത്താൻ കഴിയുന്ന സാഹചര്യമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അഴിമതികൾക്കെതിരെ നടപടിയെടുക്കാതെ എയ്‌ഡഡ് മേഖലയെ സംസ്ഥാന സർക്കാർ ബോധപൂർവം തകർക്കുകയാണെന്നും ജി. സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ഇതിനുമുമ്പും സുകുമാരൻ നായർ ജാതി സംവരണത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. ജാതി മത വ്യത്യസമില്ലാതെ പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ പ്രവർത്തിക്കണമെന്നും അതിനായി ഒരു ബദൽ നയം നടപ്പിലാക്കണമെന്നുമായിരുന്നു ആവശ്യം.
Content Highlight: NSS General Secretary G. Sukumaran Nair wants to end caste reservation in the country