| Sunday, 1st January 2023, 3:41 pm

സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള എന്‍.എസ്.എസിന്റെ പോരാട്ടം തുടരും; നിലപാട് ആവര്‍ത്തിച്ച് സുകുമാരന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള എന്‍.എസ്.എസിന്റെ പോരാട്ടം തുടരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് കോട്ടയത്ത് എന്‍.എസ്.എസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്നത്ത് പത്മനാഭന്‍ 64 വര്‍ഷം മുമ്പ് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പത്തിക സംവരണം തത്വത്തില്‍ അംഗീകരിച്ചത് ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അതൊന്നും വിലപ്പോകില്ല.

സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മത സാമുദായിക സംഘടനകള്‍ക്ക് അവകാശമുണ്ട്. മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള ചിലരുടെ ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള നാമജപ ഘോഷയാത്ര സംബന്ധിച്ച കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും സാമ്പത്തിക സംവരണ വിഷയത്തില്‍ സുപ്രീം കോടതി വിഷയം സ്വാഗതം ചെയ്തും പ്രതിനിധി സമ്മേളനം പ്രമേയം പാസാക്കി.

ജാതി സംവരണം അവസാനിപ്പിക്കണമെന്നും പകരം സമ്പത്തിന്റെ അടിസ്ഥാത്തില്‍ സംവരണം നടപ്പാക്കണമെന്നും കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

സാമ്പത്തിക സംവരണം എന്ന ആവശ്യത്തില്‍ നിന്നും ഒരടി പോലും എന്‍.എസ്.എസ് പിന്നോട്ടു പോകില്ലെന്നും സമ്പന്നര്‍ ജാതിയുടെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ അടിച്ചുമാറ്റുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

സാമ്പത്തിക സംവരണം പത്ത് ശതമാനം എന്നുള്ളത് മാറി തൊണ്ണൂറു ശതമാനം സാമ്പത്തിക സംവരണം ഉണ്ടാകുന്ന അവസ്ഥ വരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

എന്നാല്‍ സുകുമാരന്‍ നായരുടെ ഈ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നിരുന്നത്.

ജാതിസംവരണം തൊഴിലിനുള്ള കുറുക്കുവഴിയല്ല, മറിച്ച് തലമുറയായി നീതി നിഷേധിക്കപ്പെവര്‍ക്ക് സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ചുവടുവെപ്പാണ്, ജാതികള്‍ തമ്മിലുള്ള അസമത്വം അവസാനിക്കും വരെ ജാതി സംവരണം തുടരണമെന്നാണ് ആളുകള്‍ പറഞ്ഞിരുന്നത്.

Content Highlight: NSS General Secretary G.Sukumaran Nair reiterated the demand to implement financial reservation

We use cookies to give you the best possible experience. Learn more