കോട്ടയം: ശശി തരൂര്‍ എം.പിയെ തറവാടി നായരെന്ന് വിളിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നും, പക്ഷെ ഒപ്പമുള്ളവര്‍ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘തരൂര്‍ ഒരു തറവാടി നായരാണ്. ഒരു ആഗോള പൗരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മഹത്തായ അറിവിന്റെ ഒരു നേര്‍ക്കാഴ്ച ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. മാത്രമല്ല രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മായ്ക്കുന്ന ആളാണ് അദ്ദേഹം.
തരൂര്‍ ദല്‍ഹി നായരാണെന്ന തന്റെ മുന്‍പരാമര്‍ശം തിരുത്തുന്നതിന് കൂടി വേണ്ടിയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിച്ചത്,’ സുകുമാരന്‍ നായര്‍ പറഞ്ഞു.
തരൂര്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന, സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. അതുകൊണ്ട് അദ്ദഹത്തെ വെറുമൊരു കോണ്‍ഗ്രസുകാരനായി കാണേണ്ടതില്ലന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് യു.ഡി.എഫ് തോറ്റതെന്നും, ഉമ്മന്‍ ചാണ്ടിയെയാണ് ഉയര്‍ത്തിക്കാട്ടിയതെങ്കില്‍ ഇത്രയും വലിയ പരാജയം യു.ഡി.എഫിന് ഉണ്ടാകില്ലായിരുന്നുവെന്നും സുകുമാരന് നായര്‍ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും സുകുമാരന്‍ നായര്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷമുണ്ടോ? എന്ന ചോദ്യമുന്നയിച്ചാണ് വി.ഡി സതീശനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കരുതെന്ന് പറയുന്നു. ഇത്രയും സംസ്‌കാരശൂന്യമായ പദപ്രയോഗം ഇവിടെ സാധാരണ ആരാണ് നടത്താറുള്ളത്? അതാരും ചര്‍ച്ചചെയ്യുന്നില്ല.
ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കരുതെന്ന് പറയുന്നത് അശ്ലീലമാണ്. ആ പ്രയോഗം നടത്തിയതിനാണ് ആ മനുഷ്യനോട് വിരോധമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മോശം ഭാഷയിലാണ് വി.ഡി. സതീശന്‍ പലപ്പോഴും സംസാരിക്കുന്നതെന്നും, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തലയും സതീശനും ഒരേ തൂവല്‍ പക്ഷികളാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.
എല്ലാവര്‍ക്കും നായന്മാരോട് അസൂയയാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങള്‍ എന്നതാണ് ഇതിന് കാരണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.