പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത നവോഥാന സംഗമത്തില്‍ നിന്ന് എന്‍.എസ്.എസ് വിട്ട് നിന്നതാണല്ലോ പുതിയ ചര്‍ച്ച. കേരളാ മന്ത്രിസഭയുടെ തീരുമാനങ്ങളെ നിശിതമായി വിമര്‍ശിക്കാനും മന്നം ജൂനിയര്‍ സുകുമാരന്‍ നായര്‍ മടിച്ചില്ല. ഇങ്ങനെ ഒരു തുറന്ന പോര് തന്നെ എന്‍.എസ്.എസും കേരള സര്‍ക്കാറും തമ്മില്‍ ഉടലെടുക്കുന്നുണ്ട്.
ഇതേ സമയത്ത് തന്നെയാണ് വേറൊരു കൂട്ടര്‍ സി.പി.ഐ.എമ്മിനെ സവര്‍ണ്ണരുടെ സംഘടനയെന്നും, നായര്‍ പാര്‍ട്ടിയെന്നും വിളിക്കുന്നതെന്നത് മറ്റൊരു വിരോധാഭാസം. ഈ സി.പി.ഐ.(എം) എന്‍.എസ്.എസ് പോര് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നത് ചരിത്ര പരിശോധനയില്‍ നിന്ന് മനസ്സിലാവുന്ന ഒരു സംഗതിയാണ്. കേരള രൂപീകരണ കാലം മുതല്‍ അല്ലെങ്കില്‍ അതിനും മുമ്പ് തന്നെ വിരുദ്ധ ചേരികളില്‍ നിലയുറപ്പിച്ച് പരസ്പരം പോര്‍ വിളിച്ചവരാണ് ഇരു കക്ഷികളും.
ഒരു കാലത്തും എന്‍.എസ്.എസിനൊപ്പം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലയുറപ്പിച്ചിട്ടില്ല. ഒരു പക്ഷേ സാമ്പത്തിക സംവരണ വാദത്തിലും നേതാക്കളുടെ പ്രാതിനിധ്യത്തിലുമുള്ള എണ്ണവുമായിരിക്കണം സി.പി.ഐ.എമ്മിന് നായര്‍ പാര്‍ട്ടി എന്ന പട്ടം ചാര്‍ത്തി കൊടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ ചരിത്രപരിശോധനയില്‍ സി.പി.ഐ.എം എന്നും ഒരു ആന്റി എന്‍.എസ്.എസ് പാര്‍ട്ടി ആയിട്ടേ നില കൊണ്ടിട്ടുള്ളു എന്ന് വേണം മനസ്സിലാക്കാന്‍.
മന്നത്ത് പത്മനാഭപിള്ള
ചങ്ങനാശ്ശേരി പെരുന്നയിലെ തീര്‍ത്തും ദരിദ്രമായ ഒരു നായര്‍ തറാവാട്ടില്‍ മൂലം നക്ഷത്രത്തിലാണ് മന്നത്താചാര്യന്റെ ജനനം. കഷ്ടിച്ച് നാലാം ക്ലാസ് ജയിക്കുകയും, തുടര്‍ന്ന് അധ്യാപകനും അഭിഭാഷകനുമാവുകയുമായിരുന്നു. തന്റെ സമുദായം ക്ഷയിച്ച് പോവുക ആണെന്ന ഉള്‍വിളിയെ തുടര്‍ന്ന് 1914ല്‍ “നായര്‍ ഭൃതജനസംഘം” ഉണ്ടാക്കുകയും പിന്നീട് അതിനെ ഇന്ന് നമ്മള്‍ കാണുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ആക്കി വളര്‍ത്തിയതും മന്നത്താണ്.
നായര്‍ സമുദായത്തില്‍ അന്ന് നിലനിന്നിരുന്ന താലികെട്ട്, കാത്കുത്ത്, പുളികുടി, തിരണ്ട് കല്യാണം, സംബന്ധ വിവാഹം(മന്നത്തിന്റെ പിതാവ് ഒരു നമ്പൂതിരി ആയിരുന്നു) തുടങ്ങിയ അനാചരങ്ങളെ എതിര്‍ത്ത് കൊണ്ടാണ് അന്ന് സംഘടന പ്രവര്‍ത്തിച്ചത്. യോഗക്ഷേമ സഭയുടെ എല്ലാം അക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ പോലെ സ്വസമുദായത്തെ നവീകരിക്കല്‍. എന്നാല്‍ നായര്‍ന്മാര്‍ക്ക് തീരെ ഐക്യം ഇല്ലെന്ന തോന്നല്‍ കലശലായതോടെ 1915ല്‍ വക്കീല്‍ പണി രാജി വെച്ച് സമുദായത്തില്‍ ഐക്യമുണ്ടാക്കാന്‍ മന്നത്ത് ഇറങ്ങി പുറപ്പെട്ടു.
നാട് മുഴുവന്‍ ഇരന്ന് വിദ്യാലയങ്ങള്‍ എന്‍.എസ്.എസിന്റെ പേരില്‍ സ്ഥാപിക്കുകയായിരുന്നു പരിപാടികള്‍. മറ്റ് സമുദായങ്ങള്‍ക്ക് വേണ്ടിയും അക്കാലത്ത് എന്‍.എസ്.എസ് പ്രവര്‍ത്തിച്ചത് വിസ്മരിച്ച് കൂടാ. വൈക്കം സത്യാഗ്രത്തിലും, ഗുരുവായൂര്‍ സത്യാഗ്രഹത്തിലും മന്നത്ത് നേതൃനിരയില്‍ തന്നെ ഉണ്ടായിരുന്നു. 1925ലെ സവര്‍ണ്ണ ജാഥ നയിച്ചതും ഇതേ പത്മനാഭ പിള്ള തന്നെ. പക്ഷേ കാലം കടന്ന് പോകുന്നോറും മന്നം കൂടുതല്‍ കൂടുതല്‍ “നായര്‍” ആയി മാറുകയായിരുന്നു. സര്‍വ്വ സമുദായങ്ങളും ജാതി തിരിഞ്ഞ് സര്‍ക്കാരില്‍ നിന്ന് അവകാശങ്ങള്‍ പിടിച്ച് വാങ്ങുമ്പോള്‍ നമ്മള്‍ നായര്‍മാര്‍ മാത്രം എന്തിന് വെറുതെ ഇരിക്കണം എന്നതായിരുന്നു മന്നത്തിന്റെ ചിന്ത. സുറിയാനികളും, ഈഴവരും, കുഭംകോണം ബ്രാഹ്മണരും വന്‍ മുന്നേറ്റം സാമ്പത്തികമായും സാമുദായികവും ആയിട്ട് ഉണ്ടാക്കുമ്പോള്‍ നായര്‍മാര്‍ വീട്ടില്‍ മൃഷ്ടാന ഭോജനം നടത്തി കുടവയര്‍ തടവി ഇരിക്കുന്നു. മന്നത്തിന് സഹിച്ചില്ല.
1931ലെ ഭരണപരിഷ്‌കരണ വിളംബരവും, തുടര്‍ന്ന് സംഭവിച്ച നിവര്‍ത്തന പ്രക്ഷോഭവുമാണ് മന്നത്തിനെ കേരള രാഷ്ട്രീയ കളരിയിലേക്ക് എത്തിക്കുന്നത്. ഭരണപരിഷ്‌കരണ വിളംബരം കൊണ്ട് ഏറ്റവുമധികം മെച്ചമുണ്ടായത് നായര്‍ സമുദായത്തിനാണ്. ഈ പരിഷ്‌ക്കരണത്തിനെതിരെ ഈഴവ-ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ രംഗത്ത് വന്നു. നിവര്‍ത്തന പ്രക്ഷോഭം വിജയിക്കുകയും ഈ കക്ഷികള്‍ എല്ലാം ചേര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് എന്ന കക്ഷി ആയി രൂപം കൊള്ളുകയും ചെയ്തു. മന്നം വിട്ടില്ല, 1938ല്‍ തിരുവിതാംകൂര്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ജനപിന്തുണ തീരെ ഇല്ലാത്ത ഒരു രാഷ്ട്രീയ കക്ഷി ഉണ്ടാക്കി. സ്റ്റേറ്റ് കോണ്‍ഗ്രസ് ക്രിസ്റ്റ്യാനികളുടെ പാര്‍ട്ടി ആണെന്ന് പ്രചരിപ്പിച്ച്, സര്‍ സിപിയുടെ പാദസേവയുമായി തുടര്‍ന്നു. സിപിയുടെ വെണ്ണക്കല്‍ പ്രതിമ ഉണ്ടാക്കി തമ്പാന്നൂര്‍ സത്രത്തിന് മുന്നില്‍ പ്രതിഷ്ഠിച്ചു(എസ്.എന്‍.ഡി.പിയും ഇത് ചെയ്തിട്ടുണ്ട്).
മന്നത്തിന്റെ ഈ സിപി ഭക്തി കൊണ്ട് പല സമുദായ പ്രമാണികളും ഉന്നത സ്ഥാനങ്ങളിലെത്തി. സ്‌കൂളും കോളേജും യഥേഷ്ടം ഉണ്ടാക്കാന്‍ സിപി എല്ലാ ആശീര്‍വാദവും കൊടുത്തു. എന്നാല്‍ സ്വാതന്ത്രാനന്തരം മന്നം സിപിക്ക് എതിരായി.
സ്വതന്ത്ര തിരുവിതാംകൂറിനെ ആവുന്നത്ര പുച്ഛിച്ചു. ഇങ്ങനെ അവസരത്തിനൊത്ത് മറുകണ്ടം ചാടുന്നവനാണോ ഈ സൗകര്യങ്ങളൊക്കെ ചെയ്ത് കൊടുത്തതെന്ന് സിപി കുണ്ഠിതപ്പെട്ടു. 1947 മേയ് 25ന് നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് മന്നം ജയിലിലുമായി.
ദിവാന്‍ ഭരണം അവസാനിച്ചതോടെ മന്നം കോണ്‍ഗ്രസുകാരനായി. 1948ലെ തെരഞ്ഞെടുപ്പില്‍ നായന്മാര്‍ക്ക് പരമാവധി സീറ്റുകള്‍ വിലപേശി വാങ്ങിക്കൊടുത്തു. കുമ്പള വള്ളിക്കോട് മണ്ഢലത്തില്‍ നിന്ന് നിയമസഭാഗവുമായി. ദേവസ്വം ബോര്‍ഡ് മെംബറും. ഒടുവില്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് പുറത്തായപ്പോള്‍ ആര്‍.ശങ്കറൂമായി ചേര്‍ന്ന് ഹിന്ദുമഹാമണ്ഢലവുമുണ്ടാക്കി. 1950ല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ഉണ്ടാക്കി കോണ്‍ഗ്രസിനെ എതിര്‍ത്തു, നായന്മാര്‍ക്ക് 6 സീറ്റ് കിട്ടിയപ്പോള്‍ എതിര്‍പ്പ് അവസാനിപ്പിച്ചു.
ഇങ്ങനെ ഇന്നത്തെ ശ്രീധരന്‍ പിള്ളയെപ്പോലെ നിലപാടില്ലത്ത, സുവര്‍ണ്ണാവസരങ്ങള്‍ കിട്ടുമ്പോള്‍ അക്കരയ്ക്കും ഇക്കരയ്ക്കും കുളത്തിലും ഒക്കെ ചാടിയ വീരന്റെ ജന്മദിനം മന്നം ജയന്തിയായി ആചരിക്കുന്നല്ലോ എന്നോര്‍ത്ത് ആരും അത്ഭുതപ്പെടേണ്ട, ചിലര്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്താറുണ്ട്. കിട്ടുന്ന അവധിയില്‍ പരമാവധി സന്തോഷിക്കുക.
മന്നവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും
ജനിച്ച ചോവനും, നശിച്ച നായരും, പിഴച്ച മാപ്പിളയുമാണ് കമ്യൂണിസ്റ്റാകുന്നത് എന്നാണ് മന്നത്തിന്റെ അഭിപ്രായം. നായര്‍ സമുദായത്തിനോ മനുഷ്യസമുദായത്തിന് തന്നെയോ ചേര്‍ന്നതല്ല കമ്യൂണിസം. കമ്യൂണിസ്റ്റുകാരോട് എനിക്ക് ദേഷ്യമില്ല,വിഷംകുടിച്ച് മരിക്കുന്നവരോട് സഹതാപം കാണിക്കണമല്ലോ. മന്നം 1956ല്‍ പറഞ്ഞതാണിത്. ആ വര്‍ഷം തന്നെ കമ്യൂണിസ്റ്റ്കാരായ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കണമെന്ന് നായര്‍ സ്ത്രീകളോട് മന്നം അഹ്വാനവും ചെയ്തു.
എന്നാല്‍ കമ്യൂണിസ്റ്റുകാരായ നായന്മാര്‍ക്ക് വോട്ട് ചെയ്യാനുള്ള ചില്ലറ അഹ്വാനങ്ങളും മന്നത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. “”കമ്യൂണിസ്റ്റാണെങ്കിലും കല്യാണകൃഷ്ണന്‍ ഒരു നായരല്ലേ”” എന്ന പ്രശസ്ത മന്നം വചനം തന്നെയുണ്ടല്ലോ. മന്നത്തിന്റേയും നായന്മാരുടേയും പത്രം എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന “ദേശബന്ധു”വും 1957ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ക്രിസ്ത്യാനികളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ തോല്പ്പിക്കാന്‍ തന്നെയാവണം. എന്നാല്‍ വലിയൊരു പുലിവാലാവും ഈ മന്ത്രിസഭ എന്ന് പത്രാധിപര്‍ ശങ്കുണിപ്പിള്ളയ്ക്ക് അന്ന് മുന്‍കൂട്ടി കാണാന്‍ സാധിക്കാതെ പോയി.
പ്രഥമസര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ലാണ് എന്‍.എസ്.എസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യക്ഷ തര്‍ക്കത്തിന് വഴി തുറന്നത് എന്ന് പറയാം. വിദ്യാഭ്യാസ ബില്ലിനെ ക്രൈസ്തവ സംഘടനകള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത് കൊണ്ടിരുന്ന കലത്ത് മന്നം സ്വീകരിച്ചത് ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ്. ക്രിസ്ത്യാനികളുടെ വിദ്യാഭ്യാസ കുത്തക തകരുന്നെങ്കില്‍ തകരട്ടെ എന്ന മന്നത്താചാര്യന്റെ മംഗളലക്ഷ്യം അഭിപ്രായമായി രൂപം കൊണ്ടെന്ന് മാത്രം. ഇതിന് പ്രത്യുപകാരമായി തന്റെ വലംകൈയ്യായ മക്കപ്പുഴ വാസുദേവപിള്ളയെ ദേവസ്വം ബോര്‍ഡില്‍ കൊണ്ടുവരണം എന്ന് മന്നം ന്യായമായും ആഗ്രഹിച്ചു. എന്നാല്‍ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് മക്കപ്പുഴയെ നിഷ്‌കരുണം വെട്ടി. ഇതിന് പുറമേ പാലക്കാട് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങാനുള്ള അപേക്ഷ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരസിക്കുകയും കൂടെ ചെയ്തതോടെ മന്നം പൂര്‍ണ്ണമായും കമ്യൂണിസ്റ്റ് വിരുദ്ധനായി.
ഏത് നിലയ്ക്കും എന്‍.എസ്.എസിനെ തുരത്തണം എന്ന് ഉദ്ദേശിച്ച് തന്നെയാവണം പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.സി മേനോന്റെ നേതൃത്വത്തില്‍ കോളേജ് തുടങ്ങാനുള്ള അപേക്ഷ കൊടുത്തത്. മന്നം ആണെങ്കില്‍ 4 മാസം മുമ്പ് തന്നെ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു. നാട്ടുകാരുടെ സൊസൈറ്റിയെ പരിഗണിച്ചിട്ടേ എന്‍.എസ്.എസിനെ പരിഗണിക്കൂ എന്നറിഞ്ഞ മന്നം ക്ഷുഭിതനായി. ഗവര്‍ണറെ കണ്ട് മന്നം പരാതി അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ വലിച്ച് താഴെയിട്ടില്ലെങ്കില്‍ നായര്‍മാര്‍ക്ക് തലയുയര്‍ത്തി നടക്കാനാവില്ലെന്ന് മന്നം തിരിച്ചറിഞ്ഞു.
സര്‍ക്കാരിന്റെ കാര്‍ഷിക ബന്ധബില്ലാണ് മന്നത്തിനെ ചൊടിപ്പിച്ച മറ്റൊന്ന്. കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുക, മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കുക, ഒഴിപ്പിക്കല്‍ നിരോധനം ഇതൊന്നും മന്നത്തിന് സഹിച്ചില്ല. “കുടിയിറക്ക് നിരോധനം എന്നൊരു ഒതളങ്ങ ഓര്‍ഡിനന്‍സ് ഗവണെന്റ് കൊണ്ടുവന്നിട്ടുണ്ട്, കമ്യൂണിസ്റ്റുകളായ ചെന്നായ്ക്കളെ കൊണ്ട് വസ്തു കൈവശപ്പെടുത്തുകയാണ് ഉദ്ദേശം” മന്നത്തിന്റെ വാക്കുകള്‍. ഇതിന് പുറമേ 1959 മാര്‍ച്ച് 8ന് പെരുന്നയില്‍ എന്‍.എസ്.എസ് പ്രതിനിധി സമ്മേളനത്തിടെ മന്നം പ്രസംഗിച്ചത് ഈ വിധമാണ് “”ഭൂനയത്തെപ്പറ്റി ഞാന്‍ എന്ത് പറയാനാണ്? കമ്യൂണിസ്റ്റ് മൂര്‍ഖന്‍ പാമ്പ് എന്നെ വിഴുങ്ങി. ചക്ഷുശ്രവണ ഗളസ്ഥമായ ദര്‍ദുരം പോലെയാണ് എന്റെ ഇരിപ്പ്. സമുദായത്തിന്റെ കട പറിച്ചെടുക്കാനുള്ള ശ്രമത്തിലാണവര്‍””. എന്നാല്‍ ഇതൊന്നും മന്ത്രിസഭ ചെവിക്കൊണ്ടില്ല. കര്‍ഷകബന്ധബില്‍ 1959 ജൂണ്‍ 11ന് പാസായി പിറ്റേന്ന് തന്നെ വിമോചനസമരം ആരംഭിച്ചു.
മന്നം, സംവരണം പിന്നെ ഇ.എം.എസും
1958 നവംബര്‍ 18ന് മന്നം ഇ.എം.എസിനെ കണ്ട് എഴ് ഡിമാന്റുകള്‍ മുന്നോട്ട് വെച്ചു. സംവരണവ്യവസ്ഥ പൂര്‍ണ്ണമായി പൊളിച്ചെഴുതണം, പട്ടികജാതിക്കാര്‍ ഒഴികെയുള്ള പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നത് പുനപരിശോധിക്കണം, റിഫോംസ് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം, ഈഴവരെ മുന്നോക്ക സമുദായത്തില്‍ പെടുത്തണം, പിന്നാക്ക സമുദായക്കാരെ സാമ്പത്തിക സ്ഥിതിയുടെ മാനദണ്ഢത്തില്‍ പുനര്‍നിര്‍ണയിക്കണം, സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രം വിദ്യാഭ്യാസ രംഗത്ത് സംവരണം നല്‍കുക, സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം. ഇതൊക്കെ ആയിരുന്നു മന്നത്തിന്റെ ആവശ്യങ്ങള്‍. മന്നത്തിന്റെ തലയ്ക്ക് പിരിയിളകി എന്നാണ് അന്ന് മുന്‍ മുഖ്യമന്ത്രി സി.കേശവന്‍ പറഞ്ഞത്.
എന്നാല്‍ ഇ.എം.എസിനും പലകാര്യങ്ങളിലും സമാനമായ അഭിപ്രായം ഉണ്ടായിരുന്നത് വിസ്മരിച്ച്കൂട. ഇ.എം.എസും, മുണ്ടശ്ശേരിയും റിഫോംസ് കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. സംവരണം എടുത്ത് കളയണം എന്നായിരുന്നു കമ്മിറ്റി നിര്‍ദ്ദേശം. എന്നാല്‍ ഈഴവ സമുദായത്തില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് പിന്‍വലിക്കുകയായിരുന്നു. സാമുദായിക പ്രാതിനിധ്യവാദത്തെ എതിര്‍ക്കാന്‍ കാര്യക്ഷമതാ വാദവും അന്നത്തെ കമറ്റി മുന്‍പോട്ട് വെച്ചു. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തന്നെ സംസ്ഥാനക്കമ്മറ്റി തന്നെ റിപ്പോര്‍ട്ട് തള്ളിയത് കൊണ്ട് ക്യാബിനറ്റില്‍ ചര്‍ച്ചയായില്ല.
വിമോചന സമരം
ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ കുത്തക അവസാനിപ്പിക്കാന്‍ ആദ്യം വിദ്യാഭ്യാസ ബില്ലിനെ പിന്തുണച്ച മന്നം ഇപ്പറത്ത് ചാടി. ബില്ല് പാസ്സായാലും നടപ്പാക്കാന്‍ സമ്മതിക്കില്ല എന്നായി. നായര്‍ എം.എല്‍.എമാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിടണം എന്നും അഹ്വാനം ചെയ്തു. എന്നിട്ട് സ്‌കൂളുകള്‍ മുഴന്‍ അടച്ചിട്ട് കുട്ടികളുടെ വിദ്യാഭ്യാസം മുടക്കാന്‍ ആരംഭിച്ചു.
സര്‍ക്കാരും വിട്ട്കൊടുത്തില്ല ഷെഡ്ഡ് കെട്ടി പഠിപ്പിക്കും എന്നായി. എന്നാല്‍ അത് നടന്നില്ല. സ്‌കൂളുകള്‍ അടഞ്ഞ് കിടന്നു, പോരത്തതിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിമോചന സമരക്കാര്‍ പിക്കറ്റിങ്ങും തുടങ്ങി. ഹൈന്ദവ ക്രൈസ്തവ ഇസ്ലാം വിഭാഗങ്ങള്‍ ചേര്‍ന്ന് കമ്യൂണിസ്റ്റ് കരടിയെ പിടികൂടാന്‍ പോവുകയാണെന്നുമുണ്ട് മന്നത്തിന്റെ പ്രശസ്ത വചനങ്ങള്‍. ഭാരതീയ ജനസംഘവും, ഗോള്‍വാക്കറും വിമോചന സമരത്തിന് കുടപിടിച്ചതിനും പിന്നില്‍ മന്നത്തിന്റെ സാന്നിധ്യമായിരുന്നു.
അക്കാലത്ത് ഉയര്‍ന്ന ജാതീയമായ മുദ്രാവക്യങ്ങളും ആരും മറക്കാന്‍ ഇടയില്ല.
“”പളേക്കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ, ചാക്കോ നാട് ഭരിക്കട്ടെ””
“”ഗൗരിച്ചോത്തി പെണ്ണല്ലേ
പുല്ല് പറിയ്ക്കാന്‍ പൊയ്ക്കൂടെ?””
“”ഗൗരിച്ചോത്തിയെ വേളികഴിച്ചൊരു
റൗഡിത്തോമ സൂക്ഷിച്ചോ””
“”ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാട് ഭരിക്കും നമ്പൂരി””
“”ഗൗരിച്ചോത്തിടെ കടിമാറ്റാന്‍ കാചിയതാണീ മുക്കൂട്ട്””
“”വിക്കാ ഞൊണ്ടീ ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായം””
“”മന്നം നാട് ഭരിക്കട്ടെ, എം.എന്‍ തൂങ്ങിച്ചാവട്ടെ””
ഇതൊക്കെയായിരുന്നു എന്‍.എസ്.എസ്-ലീഗ്-ക്രൈസ്തവ സഭകള്‍-കോണ്‍ഗ്രസ് എന്നിവര്‍ നേതൃത്വം കൊടുത്ത വിമോചന സമര മുദ്രാവാക്യങ്ങളും, അവര്‍ പരത്തിയ സന്ദേശവും.
ഇതൊക്കെയാണ് കേരള ചരിത്രം. അതുകൊണ്ട് ഒരു നവോഥാന സദസ്സില്‍ നിന്ന് എന്‍.എസ്.എസ് വിട്ട് നിന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നും തന്നെയില്ല. കേരള നവോഥാനത്തില്‍ എന്‍.എസ്.എസിന് എന്ത് പങ്കുണ്ട്. ഗുരുവായൂര്‍ വൈക്കം സത്യാഗ്രഹങ്ങളില്‍ മന്നം ആനപ്പുറത്ത് കയറിയ തഴമ്പ് കയ്യില്‍ വെച്ചാല്‍ മതിയല്ലോ. എന്നും ജന്മി-പുരോഹിത വര്‍ഗ്ഗങ്ങളെ പ്രതിനിധീകരിച്ച എന്‍.എസ്.എസ് കേരളത്തിലെ വിപ്ലവകരമായി വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്‌കരണ ബില്ലും സവര്‍ണ്ണ താല്പര്യങ്ങള്‍ക്ക് എതിരാണെന്ന് കണ്ട് പല്ലും നഖവും പുറത്തെടുത്തവരാണ്. വിമോചന സമരം എന്ന അപഹാസ്യ നാടകം നടത്തിയവരാണ്. അതിനിടെ കേരളത്തിലെ ഇതര സമുദായങ്ങളെ ജാതീയമായി അധിക്ഷേപിച്ചവരാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ശബരിമലയിലും പൗരോഹിത്യത്തിന് കുടപിടിക്കുന്ന നിലപാടില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കേരള നവോഥാനത്തിന് എന്‍.എസ്.എസ് എന്ന വര്‍ഗ്ഗീയ കക്ഷി കൂടെ ഇല്ലെങ്കിലും ഒന്നും സംഭവിക്കാനില്ല.