എസ്.എന്‍.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചു: എന്‍.എസ്.എസ്
Kerala
എസ്.എന്‍.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചു: എന്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2014, 4:54 pm

[]കോട്ടയം: എസ്.എന്‍.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതായി എന്‍.എസ്.എസ്.

പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ്  യോഗത്തിന് ശേഷം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്.

എന്‍.എസ്.എസുമായി ഐക്യം തുടരേണ്ടതില്ലെന്നാണ് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനമെന്നും സമീപകാല സംഭവ വികാസങ്ങള്‍ സമുദായ സൗഹാര്‍ദ്ദത്തിന് കോട്ടം വരുത്തിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

വിശാല ഭൂരിപക്ഷ സമുദായ ഐക്യം ലക്ഷ്യമിട്ടാണ് എസ്.എന്‍.ഡി.പിയുമായി പ്രത്യേക നയരൂപരേഖയുടെ അടിസ്ഥാനത്തില്‍ ഐക്യമുണ്ടാക്കിയത്.എന്നാല്‍ സമീപകാല സംഭവവികാസങ്ങള്‍ സമുദായ സൗഹാര്‍ദ്ദത്തിന് കോട്ടം വരുത്തി- സുകുമാരന്‍ നായര്‍ പറഞ്ഞു.

സുകുമാരന്‍ നായരുടെ മാടമ്പിത്തരമാണ് എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം പൊളിച്ചതെന്ന് കഴിഞ്ഞദിവസം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു.

എസ്.എന്‍.ഡി.പി യെ സഹായിക്കുന്ന രാഷ്ട്രീയ കക്ഷികളെ തിരിച്ചും സഹായിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടിയ്ക്കായി ആവശ്യമുയര്‍ന്നാല്‍ വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു.

ചെന്നിത്തലയെ മന്ത്രിയാക്കാന്‍ എന്‍.എസ്.എസ് തന്നെ കരുവാക്കിയെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ വെള്ളാപ്പള്ളിയുടെ ആരോപണത്തെ എതിര്‍ത്തു കൊണ്ട് സുകുമാരന്‍ നായരും ഉടന്‍ രംഗത്തെത്തിയിരുന്നു.