തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് എന്‍.എസ്.എസ്. രാഷ്ട്രീയം പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങും ക്ഷണവും ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന് എന്‍.എസ്.എസ് പറഞ്ഞു.
ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ അയോധ്യ ചടങ്ങിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ത്ഥതക്കും രാഷ്ട്രീയ നേട്ടത്തിനുമായിരിക്കുമെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ നിലപാട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും രാഷ്ട്രീയ ലക്ഷ്യത്തിനും വേണ്ടിയല്ലെന്നും എന്‍.എസ്.എസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം എന്‍.എസ്.എസിന്റെ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ട് ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം രംഗത്തെത്തി. എന്‍.എസ്.എസിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ട് സംഘടനയുടെ നിലപാട് വ്യക്തമായ ഒന്നാണെന്നും ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നതാണെന്നും ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്‍.എസ്.എസിന്റെ പരാമര്‍ശം ഐക്യത്തെ ശക്തിപ്പെടുത്തുന്നതാണെന്നും സംഘടനയോട് അഭിമാനം തോന്നുന്നുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
അയോധ്യ ചടങ്ങില്‍ പങ്കെടുക്കുകയില്ലെന്ന കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനത്തില്‍ കെ.പി.സി.സിയും മുസ്ലിം ലീഗും ആശ്വാസം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനുപിന്നാലെയാണ് നേതൃത്വത്തെ വെട്ടിലാഴ്ത്തിക്കൊണ്ട് എന്‍.എസ്.എസ് ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത്.
ബി.ജെ.പിയും ആര്‍.എസ്.എസും ക്ഷേത്രത്തെ രാഷ്ട്രീയ പദ്ധതിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണം നിരസിച്ചത്.
ഉചിതമായ സമയത്ത് കൃത്യമായ നിലപാട് സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്. നിലവില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
വിഷയത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കാത്തതില്‍ ഇന്ത്യ മുന്നണിയിലും വിമര്‍ശനം ശക്തമായിരുന്നു. മുന്നണിയിലെ പ്രധാന പാര്‍ട്ടികളെല്ലാം തന്നെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Content Highlight: NSS criticizes Congress’ stance of not participating in Ayodhya ceremony