| Thursday, 19th April 2018, 10:50 pm

വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കോളേജ് അലമാരയില്‍ കെട്ടിക്കിടക്കുന്നു; മൂല്യനിര്‍ണ്ണയത്തിന് അയച്ചില്ല; കൂട്ടത്തോല്‍വിയുമായി വിദ്യാര്‍ത്ഥികള്‍

ഗോപിക

പരീക്ഷാഫലം വൈകുന്നതുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ എന്നും വിദ്യാഭ്യാസ മേഖലയെ പിന്തുടര്‍ന്നുകൊണ്ടിരിക്കയാണ്. എന്നാല്‍ കോളേജ് അധികൃതരുടെ അനാസ്ഥകാരണം തുടര്‍പഠനം വഴിമുട്ടി നില്‍ക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലുള്ളത്. വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ്സുകള്‍ മൂല്യനിര്‍ണ്ണയത്തിനായി സര്‍വ്വകലാശാല ക്യാംപില്‍ എത്തിക്കാതെ കോളേജിന്റെ അലമാരയില്‍ സൂക്ഷിച്ച അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പരീക്ഷാ ഫലം വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ തോല്‍ക്കുകയായിരുന്നു. കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലാണ് ഒരുവര്‍ഷം മുമ്പ് നടന്ന ബി.എസ്.സി ബോട്ടണി നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സര്‍വ്വകലാശാലയ്ക്ക് കൈമാറാതെ കോളേജില്‍ വച്ചത്. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ പുനര്‍ മൂല്യനിര്‍ണ്ണയത്തിന് സര്‍വ്വകലാശാലയിലെത്തിയപ്പോളാണ് ഉത്തരക്കടലാസുകള്‍ സര്‍വ്വകലാശാലയില്‍ എത്തിയിട്ടില്ലെന്ന കാര്യം അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഉത്തരക്കടലാസുകള്‍ സര്‍വ്വകലാശാലയില്‍ എത്തിയിട്ടില്ലന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ അന്വേഷിച്ചപ്പോഴാണ് കോളേജിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച കണ്ടെത്തിയത്.


ALSO READ: വിദ്യാര്‍ത്ഥികളുടെ സിനിമാസ്വപ്‌നത്തിന് വിലങ്ങുതടി; കോട്ടയം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാലസമരത്തില്‍


നിലവില്‍ ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലെ പരീക്ഷാ നടത്തിപ്പിന്റെ ചുമതല പ്രിന്‍സിപ്പാള്‍ നേരിട്ടാണ് വഹിക്കുന്നത്. ഓരോ പരീക്ഷയ്ക്ക് ശേഷം അടുത്ത ദിവസങ്ങളില്‍ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സര്‍വ്വകലാശാലയിലെത്തിക്കേണ്ട ചുമതല പ്രിന്‍സിപ്പാളിനാണ്. എന്നാല്‍ പരീക്ഷ കഴിഞ്ഞിട്ടും വര്‍ഷത്തോളമായി ഉത്തരക്കടലാസുകള്‍ കോളേജില്‍ തന്നെ ഇരിക്കുകയാണ്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതിയുമായിയെത്തിയപ്പോഴാണ് ഉത്തരക്കടലാസുകള്‍ അവിടെ ഇരിക്കുന്ന വിവരം കോളേജ് അധികൃതര്‍ അറിഞ്ഞത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുഴുവന്‍ കോളേജുകളും അടച്ചതിനുശേഷം മൂല്യനിര്‍ണ്ണയ ക്യാമ്പ് നടത്തിയാണ് സര്‍വ്വകലാശാല നാലാം സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സഹായകമാകുന്നതിനുവേണ്ടിയാണ് എത്രയും പെട്ടന്നുതന്നെ പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ കേന്ദ്രത്തിലേക്ക് അയക്കാതിരിക്കുന്നത് ഇതാദ്യത്തെ സംഭവമാണ്. മറ്റൊരു പ്രധാന പ്രതിസന്ധി സര്‍വ്വകലാശാല ഇവരുടെ ഉത്തരക്കടലാസുകള്‍ വീണ്ടും മൂല്യനിര്‍ണ്ണയം നടത്താന്‍ സമ്മതിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല എന്നതാണ്. നിലവിലെ കോളേജുകളിലെ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന പ്രശ്‌നമായി ഇത് മാറിയിരിക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥിസംഘടനകള്‍ പറയുന്നത്. മൂല്യ നിര്‍ണ്ണയത്തിന് സര്‍വ്വകലാശാല തയ്യാറായില്ലെങ്കില്‍ ഈ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യത ഇല്ലാതാകും.


MUST READ: ആവശ്യത്തിനു അനസ്തീസിയ ഡോക്ടര്‍മാരില്ല; കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ടേബിളുകള്‍ വെട്ടിക്കുറച്ചു


്അതേസമയം സംഭവത്തില്‍ വിദ്യാര്‍ഥികളെ സ്വാധീനിക്കുന്ന നിലപാടുമായാണ് സര്‍വ്വകലാശാല അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. പരാതി നല്‍കാന്‍ തയ്യാറായ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പരാതി നല്‍കിയാല്‍ അവരുടെ ഭാവിക്ക് പ്രശ്‌നമാകുമെന്നും തങ്ങളുടെ മറ്റ് സ്വാധീനങ്ങള്‍ ഉപയോഗിച്ച് മൂല്യനിര്‍ണ്ണയം നടത്തി തരാമെന്നും പറഞ്ഞ് പ്രിന്‍സിപ്പാള്‍ പിന്തിരിപ്പിച്ചതായി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ പറയുന്നു.

ഇതേത്തുടര്‍ന്ന പരാതിയില്ലെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നും കോളേജ് അധികൃതര്‍ എഴുതി വാങ്ങിയിരുന്നു. എന്നാല്‍ തങ്ങളുടെ പ്രശ്‌നത്തില്‍ സര്‍വ്വകലാശാല അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാര്‍ത്ഥികളും പരാതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇത്തരം അലംഭാവം കാണിച്ച കോളേജ് അധികൃതര്‍ക്കെതിരെ കുറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്തെത്തിയിരിക്കയാണ്.

“ഈ കോളേജില്‍ പരീക്ഷാ ക്രമക്കേടുകള്‍ നടക്കുന്നത് ഇതാദ്യ സംഭവമല്ല. 2017 ബാച്ച്, ഒന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ രജിസ്‌ട്രേഷനിലും പ്രിന്‍സിപ്പല്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ക്രമീകരിച്ചിട്ടുള്ള പരീക്ഷാ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകണമെങ്കില്‍ അതത് വിഷയത്തിന്റെ ട്യൂട്ടര്‍, വകുപ്പ് മേധാവി എന്നിവര്‍ പരിശോധിച്ച് പ്രിന്‍സിപ്പലിന് ഫോര്‍വേഡ് ചെയ്യണം. പ്രിന്‍സിപ്പല്‍ ലെവലില്‍ നിന്ന് സര്‍വ്വകലാശാലയ്ക്ക് ഫോര്‍വേഡ് ചെയ്യുന്നതോടെയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നത്. എന്നാല്‍ ഒന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ പ്രിന്‍സിപ്പല്‍ ഇതേവരെ ഫോര്‍വേഡ് ചെയ്തില്ല. മുപ്പത്തിയാറോളം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി”- വിദ്യാര്‍ത്ഥി സംഘടന പ്രതിനിധി പറഞ്ഞു.

അതുകൊണ്ടു തന്നെ ഇത്തരത്തില്‍ അലംഭാവം കാട്ടിയ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തുണ്ട്

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more