| Wednesday, 7th August 2019, 7:15 pm

മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരടക്കമുള്ളവര്‍ക്കതിരെ നടപടി സ്വീകരിച്ചത് എന്‍.എസ്.എസ് ആവശ്യപ്രകാരം, ബഹിഷ്‌ക്കരണം പിന്‍വലിക്കും; തെളിവായി സര്‍ക്കുലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഥാകൃത്ത് എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപര്‍ കമല്‍റാം സജീവ് അടക്കമുുള്ളവരെ നീക്കം ചെയ്തത് എന്‍.എസ്.എസ് ആവശ്യപ്പെട്ടത് പ്രകാരം എന്ന് തെളിയിക്കുന്ന സര്‍ക്കുലര്‍ പുറത്ത്. ഇന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പേരില്‍ എല്ലാ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്നതിന് വേണ്ടി തയ്യാറാക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം സമുദായ സംഘടന തന്നെ വ്യക്തമാക്കുന്നത്.

മീശ നോവല്‍ ക്ഷേത്ര സംസ്‌ക്കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസ്സിനെയും അധിക്ഷേപിക്കുന്നു എന്നാരോപിച്ച് മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ എന്‍.എസ്.എസ് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മാതൃഭൂമി പ്രവര്‍ത്തനത്തിന്റ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മാതൃഭൂമി ചെയര്‍മാനും എം.ഡിയുമായ വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് വന്ന് ചര്‍ച്ച നടത്തിയെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഈ ചര്‍ച്ചയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തെന്നും അവരാരും ഇപ്പോള്‍ സര്‍വ്വീസിലില്ലെന്നും, തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നുവെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു. അതിനാല്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കുന്നത് നിര്‍ത്തി പഴയത് പോലെ സഹകരിക്കുകയാണ് വേണ്ടത് എന്ന് കരുതുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാതൃഭൂമി ബഹിഷ്‌ക്കരണം നിര്‍ത്തി എന്ന ആശയം താഴെതലങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായി എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരോടും സെക്രട്ടറിമാരോടും സര്‍ക്കുലറില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more