കോഴിക്കോട്: നാഷണല്‍ സര്‍വീസ് സ്‌കീം ക്യാമ്പുകള്‍ക്ക് നല്‍കിയ മൊഡ്യൂളുകള്‍ക്കെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. സ്വവര്‍ഗാനുരാഗത്തെ വെള്ളപൂശാനാണ് സര്‍ക്കാര്‍ എന്‍.എസ്.എസ് ക്യാമ്പുകള്‍ക്ക് നല്‍കിയ മൊഡ്യൂളുകളിലൂടെ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ലിബറലിസവും മതനിരാസവും കുത്തിക്കയറ്റാനുള്ള വേദിയല്ല എന്‍.എസ്.എസ് ക്യാമ്പുകളെന്നും സര്‍ക്കാര്‍ ചെലവില്‍ വിദ്യാര്‍ത്ഥികളില്‍ അധാര്‍മിക വിറ്റഴിക്കുന്നത് നോക്കിനില്‍ക്കാനാകില്ലെന്നും പി.എം.എ. സലാം പറഞ്ഞു.
എന്‍.എസ്.എസ് ക്യാമ്പുകള്‍ക്ക് നല്‍കിയ മൊഡ്യൂളില്‍ സമദര്‍ശന്‍ ഭാഗത്തിലുള്ളത് അനാവശ്യവും അധാര്‍മികവുമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജെന്റര്‍ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ അത് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ നടപ്പിലാക്കൂ എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതായും വേണ്ടി വന്നാല്‍ പാഠപുസ്തകത്തില്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്‍.എസ്.എസ് ക്യാമ്പുകളിലെ അദ്ധ്യാപകര്‍ക്ക് നല്‍കിയ ഗൈഡില്‍ പറയുന്നത് മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന അനാവശ്യ കാര്യങ്ങളാണെന്നും പി.എം.എ സലാം പറഞ്ഞു.
സാധാരണ എന്‍.എസ്.എസ് ക്യാമ്പുകളില്‍ സാമൂഹിക സാഹചര്യവുമായി പൊരുത്തപ്പെട്ട് ജീവിക്കുകയും അത്തരം സാഹചര്യങ്ങളെ കുറിച്ചുമാണ് പഠിക്കാറുള്ളതെന്നും എന്നാല്‍ ഇപ്പോള്‍ സ്വവര്‍ഗാനുരാഗത്തെ കുറിച്ചും അത് കുഴപ്പമില്ല എന്നുമാണ് പഠിപ്പിക്കുന്നത് എന്നും ലീഗ് നേതാവ് പറഞ്ഞു. ലിംഗമാറ്റത്തെ കുറിച്ചും ജെന്റര്‍ മാറ്റത്തെ കുറിച്ചും ഈ ക്യാമ്പുകള്‍ പഠിപ്പിക്കുന്നതായും പി.എം.എ സലാം പറഞ്ഞു.
നേരത്തെ ഫേസ്ബുക്കിലും പി.എം.എ സലാം ഇത് സംബന്ധിച്ച വിമര്‍ശനം ഉന്നയിച്ചിരുന്നു.
പി.എം.എ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘മനസ്സ് നന്നാവട്ടെ ….
മതമേതെങ്കിലുമാവട്ടെ …
മാനവഹൃത്തിന്‍ ചില്ലയിലെന്നും
മാണ്‍പുകള്‍ വിടരട്ടെ ….’
പ്രാര്‍ത്ഥനാ ഗീതം പോലെ മനോഹരമായി വിദ്യാര്‍ത്ഥികളോട് സംവദിക്കാനുള്ള വേദിയാണ് എന്‍.എസ്.എസ് (നാഷണല്‍ സര്‍വീസ് സ്‌കീം).
അശാസ്ത്രീയ മത വിരുദ്ധ കാഴ്ച്ചപ്പാടിലേക്ക് ഇത്തരം ദൗത്യങ്ങളെ വലിച്ചിഴക്കാനുള്ള ശ്രമങ്ങളെ അനുവദിക്കാനാവില്ല.
ജനുവരി 1ന് അവസാനിക്കുന്ന വിധം നടക്കുന്ന എന്‍.എസ്.എസ് ക്യാമ്പില്‍ അവതിരിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൊഡ്യൂള്‍ സകല വൃത്തിക്കേടും വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സ്വവര്‍ഗ്ഗ രതിയെ അടക്കം വെള്ളപൂശുന്നു. ലിംഗ മാറ്റം, ജെന്‍ഡര്‍ മാറ്റം ഇതെല്ലാം ലളിതവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ മൊഡ്യൂള്‍ വഴി നടത്തുന്നു.
ലിബറലിസവും മത നിരാസവും കുത്തി കയറ്റാനുള്ള വേദിയല്ല വിദ്യാലയവും എന്‍.എസ്.എസ് ക്യാമ്പുകളും. സര്‍ക്കാര്‍ ചെലവില്‍ അധാര്‍മ്മികത വിദ്യാര്‍ത്ഥികളില്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ നോക്കി നില്‍ക്കാനാകില്ല. ഒറ്റക്കെട്ടായി പ്രതിഷേധങ്ങള്‍ ഉയരുക തന്നെ ചെയ്യും.
CONTENT HIGHLIGHTS: NSS Camps Teach About Homosexuality; Muslim League with criticism