ചങ്ങനാശ്ശേരി: മുന്നാക്ക സംവരണ വ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാണെന്നും നിയമത്തില്‍ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവെക്കണം. 3.1.2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവെച്ച ഒഴിവുകളില്‍ ഉദ്യോഗാര്‍ഥികളെ ലഭിക്കാതെ വന്നാല്‍ അത്തരം ഒഴിവുകള്‍ അതേ സമുദായത്തില്‍ നിന്നുതന്നെ നികത്തപ്പെടണമെന്നും എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം പുതിയ സര്‍ക്കാര്‍ ഉത്തരവ് ജാതി സംവരണത്തിന് എതിരാണെന്നാരോപിച്ച് എസ്.എന്‍.ഡി.പി രംഗത്തെത്തിയിരിക്കുകയാണ്. മുന്നാക്ക സംവരണം പത്ത് ശതമാനമെന്നത് അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലൂടെ പിന്നാക്ക-മുന്നാക്ക അന്തരം വര്‍ധിക്കുകയാണ്. ഒരു തുണ്ടു ഭൂമി ഇല്ലാത്തവന് ഇനിയും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാതിരിക്കുമ്പോള്‍ ഏക്കറു കണക്കിനു ഭൂമിയും മാളികകളുമുള്ള കോടിപതികള്‍ സംവരണത്തിന്റെ ഗുണഭോക്താക്കളാകുന്ന കാഴ്ചയാണ് ഇനി കാണാനിരിക്കുന്നത്. പദവികളിലും അവസരങ്ങളിലുമുള്ള പിന്നാക്ക-മുന്നാക്ക അന്തരം കുറയ്ക്കുകയാണു സംവരണത്തിന്റെ ലക്ഷ്യം. പക്ഷെ മറിച്ചാണു സംഭവിക്കുന്നത്’- അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വലിയ വൈരുധ്യമുണ്ടെന്നും ഇക്കാര്യത്തില്‍ ഉപദേശകര്‍ക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംവരണ വ്യവസ്ഥകള്‍ക്കെതിരെ ലീഗ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ഈ നിയമത്തിലെ അപകടം തങ്ങള്‍ പറഞ്ഞിരുന്നുവെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കകാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണമേര്‍പ്പെടുത്തിയാണ് വിജ്ഞാപനം.
ഇതോടെ ഇനിമുതലുള്ള എല്ലാ പി.എസ്.സി നിയമനങ്ങള്‍ക്കും സംവരണം ബാധകമായി.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെയും പി.എസ്.സിയുടെയും ശുപാര്‍ശകള്‍ പരിഗണിച്ചു കൊണ്ടാണ് കെ.എസ്.എസ്.ആറില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല.
പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Forward Caste Reservation Nss And SNDP