| Tuesday, 25th May 2021, 12:39 pm

പിന്തുണ വേണമെന്ന് സതീശനും ആവശ്യപ്പെട്ടിരുന്നു, പിന്നീട് തള്ളിപ്പറയുന്നത് ശരിയല്ല; പ്രതിപക്ഷ നേതാവിനെതിരെ എന്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എന്‍.എസ്.എസ്. സമുദായസംഘടനകള്‍ രാഷ്ട്രീയത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന സതീശന്റെ പ്രസ്താവനയാണ് എന്‍.എസ്.എസിനെ ചൊടിപ്പിച്ചത്.

സതീശനും തങ്ങളുടെ പിന്തുണ തേടിയ ആളാണെന്നും അതിന് ശേഷം തള്ളിപ്പറയുന്നത് ശരിയല്ലെന്നും എന്‍.എസ്.എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗ നേതൃത്വങ്ങളെയും നേരിട്ട് കണ്ട് അദ്ദേഹം സഹായം തേടി.

ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും എന്‍.എസ്.എസിനോട് സഹായം തേടിയിരുന്നു. എന്നാല്‍ ആര്‍ക്കും എതിരായ നിലപാട് എന്‍.എസ്.എസ് സ്വീകരിച്ചിട്ടില്ല.

പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് പ്രസ്താവനകളിറക്കുന്നു. നിലവാരം കുറഞ്ഞ ഭാഷയാണ് സതീശന്റേതെന്നും എന്‍.എസ്.എസ് വിമര്‍ശിച്ചു.

പാര്‍ട്ടിയുടെ നയപരമായ നിലപാട് വ്യക്തമാക്കേണ്ടത് കെ.പി.സി.സിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. മതസാമുദായിക സംഘടനകളോടും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെ.പി.സി.സിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്.

വോട്ടെടുപ്പ് ദിവസം എന്‍.എസ്.എസിന്റെ പ്രതികരണം ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു.

മത-സാമുദായിക നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കാനേ പാടുള്ളൂ കിടക്കരുതെന്നും സതീശന്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്‍.എസ്.എസ് പ്രസ്താവനയുടെ പൂര്‍ണ രൂപം

‘ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്, തല്‍സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ കാണാനിടയായി. ഈ രാജ്യത്തെ ഒരു ദേശീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അതാണോ എന്ന് അതിന്റെ നേതൃത്വം വിലയിരുത്തേണ്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ മത-സാമുദായികവിഭാഗങ്ങളെയും സംഘടനകളെയും തങ്ങളോടു ചേര്‍ത്തുനിര്‍ത്തിയ അനുഭവമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇന്നോളം ഉണ്ടായിട്ടുള്ളത്.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ മത-സാമുദായികസംഘടനകള്‍ ഇടപെടാന്‍ പാടില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികള്‍ക്കുള്ളതുപോലെ മത-സാമുദായികസംഘടനകള്‍ക്കും ഉണ്ടെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ മനസ്സിലാക്കണം.

പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെ.പി.സി.സി.യാണ്, പ്രതിപക്ഷനേതാവല്ല. മത-സാമുദായികസംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെ.പി.സി.സി.യുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. ആവശ്യം വരുമ്പോള്‍ മത-സാമുദായികസംഘടനകളെ സമീപിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയും, അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല.

ഈ തിരഞ്ഞെടുപ്പില്‍ മുന്നണിവ്യത്യാസമില്ലാതെതന്നെ, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും എന്‍.എസ്.എസ്സില്‍ വന്ന് സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും എതിരായ ഒരു നിലപാട് എന്‍.എസ്.എസ്. സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പുദിവസത്തില്‍ ഉണ്ടായ എന്‍.എസ്.എസ്സിന്റെ അഭിപ്രായപ്രകടനം വിവാദമാക്കിയെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ല.

പ്രതിപക്ഷനേതാവും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി, ഒരു മണിക്കൂറോളം ചെലവഴിച്ചതാണ്. അതിനുശേഷം താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗനേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്‍.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഒരേ നിലപാടാണ് മുന്നണികളോടും പാര്‍ട്ടികളോടും മേലിലും ഉണ്ടാവൂ. ഗവണ്മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകതന്നെ ചെയ്യും, തെറ്റായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യഥാവിധി അവരെ അറിയിക്കുകയും ചെയ്യും’

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: NSS Against VD Satheesan

We use cookies to give you the best possible experience. Learn more