ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്കെതിരെ വിമര്‍ശനവുമായി എന്‍.എസ്.എസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ വിശ്വാസികളെ സ്വാധീനിക്കാന്‍ വേണ്ടി പുതിയ വാദഗതികളുമായി രാഷ്ട്രീയ കക്ഷികള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കേന്ദ്ര ഭരണം കയ്യിലിരിക്കെ ബി.ജെ.പിക്ക് ഒരു നിയമനിര്‍മാണത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമായിരുന്നു ഇതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി യു.ഡി.എഫിന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമായിരുന്നുവെന്നും അതിന് പകരം ഭരണത്തിലിരിക്കുമ്പോള്‍ നിയമനിര്‍മാണം നടത്താമെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം വിശ്വാസം സംരക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് താത്പര്യമുണ്ടായിരുന്നെങ്കില്‍ സുപ്രീം കോടതിയില്‍
അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തി കൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും എന്‍.എസ്.എസ് പറഞ്ഞു.
ശബരിമലയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി നടപ്പായാല്‍ അത് ശബരിമലയില്‍ മാത്രമല്ല, സംസ്ഥാനത്തുള്ള മുഴുവന്‍ ഹൈന്ദവ ക്ഷേത്രങ്ങളിലും നൂറ്റാണ്ടുകളായി നിലനിന്ന് പോരുന്ന വിവിധങ്ങളായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ എന്നപോലെ വിശ്വാസ സംരക്ഷണം ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും ഉണ്ടാകേണ്ടത് അനിവാര്യമാണ്. എന്‍.എസ്.എസിന്റെ പ്രഖ്യാപിത നയം ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണെന്നും എന്‍.എസ്.എസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക