| Friday, 14th June 2013, 11:21 am

വിവരം ചോര്‍ത്തിയതിനാല്‍ അമേരിക്കയ്‌ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാനായി: എന്‍.എസ്.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വാഷിങ്ടണ്‍: അമേരിക്കയുടെ വിവരം ചോര്‍ത്തല്‍ നടപടി ആഗോള തലത്തില്‍ വലിയ പ്രതിഷേധം ഉണ്ടാക്കുമ്പോള്‍ പ്രവര്‍ത്തിയെ ന്യായീകരിച്ച് യു.എസ് രഹസ്യാന്വേഷണ ഏജന്‍സി എന്‍.എസ്.എ.

വ്യക്തികളുടെ ഫോണ്‍ സംഭാഷണങ്ങളും ഇന്റര്‍നെറ്റ് വിവരങ്ങളും ചോര്‍ത്തിയതിനാല്‍ രാജ്യത്ത് നടക്കാനിരുന്ന പല അക്രമങ്ങളും തടയാന്‍ സാധിച്ചെന്നാണ് എന്‍.എസ്.എയുടെ ന്യായീകരണം. []

എന്‍.എസ്.എ മേധാവി കെയ്റ്റ് അലക്‌സാണ്ടറാണ് ന്യായീകരണവുമായി എത്തിയിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് ഇതാദ്യമായാണ് എന്‍.എസ്.എ പരസ്യമായി അംഗീകരിക്കുന്നത്.

പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല നടന്നതെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കായുള്ള നടപടികളാണ് സ്വീകരിച്ചതെന്നും എന്‍.എസ്.എ വ്യക്തമാക്കി.

അതേസമയം, എന്‍.എസ്.എയുടെ വിവരം ചോര്‍ത്തല്‍ പുറത്ത് കൊണ്ടുവന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ്. ഇദ്ദേഹം ഹോങ് കോങ്ങില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

എന്‍.എസ്.എയുടെ വെളിപ്പെടുത്തല്‍ ചൈന-അമേരിക്ക ബന്ധത്തെ കാര്യമായി ബാധിക്കുമെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more