റിയാദ്: ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടികാഴ്ച്ച നടത്തി. കശ്മീര്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യു.എ.ഇ കിരാടാവകാശി മുഹമ്മദ് ബിന്‍ സയാദ് അല്‍ നഹയാനും യോഗത്തില്‍ പങ്കെടുത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് സൗദി നേതാക്കള്‍ക്കോട് വിശദീകരിച്ചതായി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ യു.എന്‍.ജി.എ വേദിയില്‍ വെച്ച് കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അജിത് ദോവലിന്റെ കൂടികാഴ്ച്ച. കശ്മീര്‍ വിഷയത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാന്‍ ഇമ്രാന്‍ഖാന്‍ കഴിഞ്ഞ മാസം റിയാദ് സന്ദര്‍ശനവും നടത്തിയിരുന്നു.
കൂടികാഴ്ച്ചയില്‍ ഇമ്രാന്‍ഖാന്‍ കശ്മീര്‍ താഴ്വരയില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ഇന്ത്യയ്ക്കെതിരെ എല്ലാ ഇസ്ലാമിക രാജ്യങ്ങളും കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇരുവരുടേയും കൂടികാഴ്ച്ചയില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയം മാത്രമല്ല ചര്‍ച്ച ചെയ്തതെന്നും കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്തതിന് പുറമേ പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഗോള സമാധാനത്തിനു വേണ്ടിയുള്ള ചര്‍ച്ചകളും നടന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
അരാം കോയിലെ എണ്ണപ്പാടങ്ങള്‍ക്കെതിരായ ആക്രമണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.