ചെന്നൈ: വിജയ് ചിത്രം മെര്‍സലിനെതിരായ ബി.ജെ.പി നടപടിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തമിഴന്‍സ്vs മോദി ഷാഷ്ടാഗില്‍ പങ്കുചേര്‍ന്നാണ് എന്‍.എസ് മാധവന്‍ ബി.ജെ.പി നടപടിക്കെതിരെ രംഗത്ത വന്നത്.
“2.86 ശതമാനം മാത്രം വോട്ടു ലഭിച്ച ഒരു പാര്‍ട്ടി തമിഴ് നാട്ടിലെ 97.14 ശതമാനം ജനങ്ങള്‍ എന്ത് കാണരുതെന്ന് തീരുമാനിക്കുന്നുവെന്നാണ്” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ചിത്രത്തിനെതിരായ ബി.ജെ.പി കേന്ദ്രങ്ങളുടെ പരാമര്‍ശത്തെക്കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്താണ് എന്‍.എസിന്റെ ട്വീറ്റ്.
A party that got 2.86% votes wants to decide what 97.14% Tamilians shouldn’t watch. #TamiliansVsModi https://t.co/ENk0m0A5qb
— N.S. Madhavan (@NSMlive) October 21, 2017
അറ്റ്‌ലീ സംവിധാനം ചെയ്ത മെര്‍സലില്‍ ജി.എസ്.ടിയേയും ഗോരഖ്പൂര്‍ സംഭവവുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. 7% ജി.എസ്.ടി ഉള്ള സിങ്കപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിനെ വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്.
ഇതിനെതിരെയാണ് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിടുകയും ചെയ്തിരുന്നു.
വിജയ് ക്രിസ്ത്യാനിയാണെന്നും അത് കൊണ്ടാണ് ചിത്രത്തില്‍ അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞതെന്നും വിജയ് നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നികുതി അടച്ചതിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെ വിമര്‍ശിച്ച് എന്‍.എസ് മാധവന്‍ രംഗത്തെത്തിയത്.