| Saturday, 30th April 2022, 12:20 pm

പി.സി ജോര്‍ജിനെ ഒന്നുകില്‍ ചങ്ങലക്കിടണം ഇല്ലെങ്കില്‍ നാട്ടുകാര്‍ തന്നെ പഞ്ഞിക്കിടും: ഷോണ്‍ ജോര്‍ജ്ജിന് കത്തുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലീം സമൂഹത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.സി ജോര്‍ജ്ജിന്റെ പ്രസംഗത്തിനെതിരെ മകന്‍ ഷോണ്‍ ജോര്‍ജ്ജിന് തുറന്ന കത്തയച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എന്‍ നുസൂര്‍.

നാട്ടില്‍ മതസ്പര്‍ദ്ദ വളര്‍ത്താന്‍ വല്ലതും വിളിച്ച് പറയുമ്പോള്‍ ചെറുപ്പക്കാരന്‍ എന്ന നിലയിലും മകനെന്ന നിലയിലും താങ്കള്‍ അതിനെ തടയണമെന്നും ആലങ്കാരികമായി പറഞ്ഞാല്‍ ചങ്ങലക്കിടണം എന്നുമായിരുന്നു എസ്.എന്‍ നുസൂര്‍ കത്തില്‍ പറഞ്ഞത്. ഇല്ലാത്ത പക്ഷം നാട്ടുകാര്‍ തന്നെ ചിലപ്പോള്‍ അദ്ദേഹത്തെ പഞ്ഞിക്കിടുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

”പ്രിയപ്പെട്ട ഷോണ്‍ ജോര്‍ജ്ജ്,

വര്‍ഗ്ഗീയതക്കെതിരെ നമ്മള്‍ യുവാക്കള്‍ എല്ലാകാലത്തും നിലപാട് എടുക്കാനുള്ളവരാണ്. അതില്‍ താങ്കള്‍ എതിരാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ താങ്കളുടെ പിതാവ് ഇന്നലെ ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം കേള്‍ക്കുകയുണ്ടായി.

പൂഞ്ഞാറില്‍ തോറ്റത് കയ്യിലിരുപ്പ് കൊണ്ടാണ്. അതിന് കേരളത്തിലുള്ള എല്ലാവരും അദ്ദേഹത്തെ സഹിക്കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. പ്രായമാകുമ്പോള്‍ പിതാക്കന്മാര്‍ പലതും വിളിച്ച് പറയും. അത് ഏറ്റവുമധികം ബാധിക്കുന്നത് മക്കളെയായിരിക്കും.

അദ്ദേഹം തികഞ്ഞ മുസ്‌ലിം വിരുദ്ധത പ്രകടമാക്കുന്നത് ബി.ജെ.പിയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്. അത് താങ്കള്‍ക്ക് ബി.ജെ.പിയുടെ ദയാദാക്ഷണ്യത്തിന് വേണ്ടിയിട്ടാണെന്ന് മനസിലാക്കുന്നു.

അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത് പോലെ ക്രിസ്ത്യന്‍ പള്ളികളുടെ നിയന്ത്രണാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോട് താങ്കള്‍ക്ക് യോജിപ്പുണ്ടോ? ആരാധനാലയങ്ങളുടെ നിയന്ത്രണാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഒരാവശ്യം സര്‍ക്കാര്‍ പറഞ്ഞാല്‍ ഞാന്‍ വ്യക്തിപരമായി അതിനെ അനുകൂലിക്കും. അതിന് ഉപാധികളുണ്ടെങ്കില്‍ മാത്രം.

ലവ് ജിഹാദിനെപ്പറ്റിയൊക്ക അദ്ദേഹം സംസാരിച്ചു. അങ്ങനെ ഒരു ജിഹാദ് ബോധപൂര്‍വ്വം നാട്ടിലുണ്ടെന്ന് എനിക്കഭിപ്രായമില്ല. താങ്കളുടെ വിവാഹത്തിന് താങ്കള്‍ അനുഭവിച്ച മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അവസാനം ‘മാമോദിസ മുക്കിയിട്ടല്ലേ വിവാഹത്തിന് താങ്കളുടെ പിതാവ് സമ്മതിച്ചുള്ളൂ.

ഇത്രയൊക്കെ ചെയ്തിട്ട് നാട്ടില്‍ മതസ്പര്‍ദ്ദ വളര്‍ത്താന്‍ വല്ലതും വിളിച്ച് പറയുമ്പോള്‍ ചെറുപ്പക്കാരന്‍ എന്ന നിലയിലും മകനെന്ന നിലയിലും താങ്കള്‍ അതിനെ തടയണം. ആലങ്കാരികമായി പറഞ്ഞാല്‍ ചങ്ങലക്കിടണം എന്നും പറയാം. ഇല്ലെങ്കില്‍ ചിലപ്പോള്‍ നാട്ടുകാര്‍ തന്നെ പഞ്ഞിക്കിടും എന്ന് പറഞ്ഞാല്‍ തെറി വിളിക്കാം എന്നല്ലാതെ ഒന്നും ചെയ്യാനും കഴിയില്ല. താങ്കള്‍ എന്നെപ്പറ്റി സംശയിക്കേണ്ട. ഞാന്‍ തികഞ്ഞ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ വിരോധി തന്നെയാണ്. എല്ലാകാലത്തും. പിതാവിനെ നല്ല ബുദ്ധി ഉപദേശിക്കും എന്ന വിശ്വാസത്തോടെ.-
എന്‍ എസ് നുസൂര്‍”

ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശം പി.സി ജോര്‍ജ് നടത്തിയത്. ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമുള്‍പ്പടെ മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രസ്താവനകളായിരുന്നു പി.സി ജോര്‍ജ് നടത്തിയത്.

പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനക്കെതിരെ യൂത്ത് ലിഗ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുമുണ്ട്. വളരെ സൗഹാര്‍ദപൂര്‍വം ജനങ്ങള്‍ അധിവസിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പറഞ്ഞും പ്രസംഗിച്ചും ചേരിതിരിവുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ ഒരു തരത്തിലും അനുവദിച്ചുകൂടെന്നും ഹിന്ദു മഹാപരിഷത്ത് വേദിയില്‍ നടത്തിയ പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു പി.സി ജോര്‍ജ്ജെന്നും പരാതിയില്‍ പറയുന്നു.

ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ധവും നിലനിര്‍ത്താന്‍ അനിവാര്യമാണെന്നും ആയതിനാല്‍, ഐ.പി.സി 153 എ പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും പി.സി ജോര്‍ജിനെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പി.സി ജോര്‍ജിന്റെ പരാമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. തീവ്ര വര്‍ഗീയ ഭാഷണങ്ങളും വെല്ലുവിളികളും മുമ്പില്ലാത്തവിധം ശക്തിപ്പെടുകയാണെന്നും എന്നിട്ടും ഒരു ചെറുവിരലനക്കാന്‍ രാഷ്ട്രീയ നേതൃത്വമോ ആഭ്യന്തര വകുപ്പോ തയ്യാറാവുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Content Highlight: NS Nusoor Open Letter to Shone George PC George Issue

Latest Stories

We use cookies to give you the best possible experience. Learn more