| Friday, 23rd March 2018, 4:35 pm

'സച്ചിനു പിച്ചിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ കെ.സി.എയിലെ വിദ്വാന്‍ രാത്രി ഉറങ്ങുന്നത് അദ്ദേഹം ഉണ്ടാക്കിയ കട്ടിലിലാണു'; കെ.സി.എ സെക്രട്ടറിയ്‌ക്കെതിരെ എന്‍.എസ് മാധവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ രംഗത്തെത്തിയ കെ.സി.എ സെക്രട്ടറിയ്‌ക്കെതിരെ സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. ബ്ലാസ്റ്റേഴ്‌സിനു മൈതാനം നഷ്ടമാവുമെന്ന പേടിയാണെന്ന ആരോപണവുമായി രംഗത്തെത്തിയ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയ്‌ക്കെതിരെയാണ് എന്‍.എസ്. മാധവന്‍ രംഗത്തെത്തിയത്.

“സച്ചിന്‍ ടെണ്ടുല്‍ക്കറിന് ക്രിക്കറ്റ് പിച്ച് ഉണ്ടാക്കുന്നതിനെ പറ്റി ഒന്നും അറിയില്ല എന്ന് പറഞ്ഞ കെ സി എയിലെ വിദ്വാന്‍ രാത്രി ഉറങ്ങുന്നത് അദ്ദേഹം ഉണ്ടാക്കിയ കട്ടിലിലാണു.” എന്നാണ് എന്‍.എസ് മാധവന്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് എന്‍.എസ് മാധവന്റെ പ്രതികരണം. കെ.സി.എ സെക്രട്ടറിയെ പേരെടുത്ത് പറയാതെയാണ് എന്‍.എസിന്റെ വിമര്‍ശനം.

നേരത്തെ കൊച്ചിയില്‍ ക്രിക്കറ്റ് മത്സരം നടത്താന്‍ പോകുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു കൊച്ചിയിലെ ടര്‍ഫ് നഷ്ടപ്പെടുമോയെന്ന ആശങ്ക പങ്കുവെച്ച് സച്ചിന്‍ രംഗത്തെത്തിയത്. ഇതിനു മറുപടിയുമായി രംഗത്തെത്തിയ കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് സച്ചിനെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചത്.

സച്ചിന് ക്രിക്കറ്റ് പിച്ച് തയ്യാറാക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും കേരള ബ്ലാസ്റ്റേര്‍സിന് മൈതാനം നഷ്ടമാവുമെന്ന പേടിയിലാണ് ഉടമ കൂടിയായ സച്ചിന്‍ കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിനെ എതിര്‍ക്കുന്നതെന്നുമായിരുന്നു ജയേഷ് ജോര്‍ജ് പറഞ്ഞത്.

We use cookies to give you the best possible experience. Learn more