കൊച്ചി: കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവനും. കലൂര്‍ സ്റ്റേഡിയത്തിനെ ജി.സി.ഡി.എയില്‍നിന്നു മോചിപ്പിക്കുക. അവര്‍ അതിനെ ആര് ചോദിച്ചാലും വാടകയ്ക്ക് കൊടുക്കാവുന്ന കല്യാണമണ്ഡപമായിട്ടാണ് കാണുന്നതെന്നാണ് എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. #SaveKochiTurf എന്ന ഹാഷ് ടാഗും ഉള്‍പ്പെടുത്തിയാണ് ട്വീറ്റ്.
കലൂര്‍ സ്റ്റേഡിയം ഏകദിന ക്രിക്കറ്റ് മത്സരത്തിനായി വിട്ടുനല്‍കുന്നതില്‍ പ്രതിഷേധം അറിയിച്ച് താരങ്ങളായ ഇയാന്‍ ഹ്യൂം, സി.കെ വിനീത്, റിനോ തുടങ്ങിയവും ശശി തരൂര്‍ ഉള്‍പ്പടെയുള്ള പ്രമുഖരും രംഗത്തെത്തിയരുന്നു.
ക്രിക്കറ്റ് ഭ്രാന്തിന്റെ പേരില്‍ അറിയപ്പെടുന്ന ഇന്ത്യയില്‍ ഒരു ക്രിക്കറ്റ് മത്സരത്തിന് വേണ്ടി ഫുട്ബോള്‍ ഗ്രൗണ്ട് നശിപ്പിക്കണോ എന്നാണ് ബ്ലാസ്റ്റേഴ്‌സ് താരം സി.കെ വിനീത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചോദിച്ചത്. പല കാരണങ്ങള്‍ കൊണ്ട്ഈ തീരുമാനം തെറ്റാണെന്നാണ് തന്റെ അഭിപ്രായമെന്ന് വിനീത് പറഞ്ഞു.
വളരെയേറെ സമയമെടുത്ത് ഒരുപാട് പണം ചെലവഴിച്ചാണ് കലൂര്‍ സ്റ്റേഡിയം ഫുട്ബോളിനായി പാകപ്പെടുത്തിയെടുത്തതെന്നും ഒരു ക്രിക്കറ്റ് മത്സരത്തിനായി ഫുട്ബോള്‍ മൈതാനം നശിപ്പിക്കരുതെന്നുമാണ് ഇയാന്‍ ഹ്യൂം പറഞ്ഞത്.
നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത്. ആദ്യം ഇതിനായി തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു നിശ്ചയിച്ചതെങ്കിലും കെ.സി.എയും കലൂര്‍ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വേദി കൊച്ചിയിലേക്കു മാറ്റിയത്.