കൊച്ചി: കൊച്ചിയിലെ റീജിയണല്‍ ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെ വേദിയിലെ സത്രീ പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് എഴുത്തുകരാന്‍ എന്‍.എസ്. മാധവന്‍. സിനിമാ രംഗത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസകരമാണ്. ഞാന്‍ സംസാരിക്കുന്ന വേദിയില്‍ അതിശക്തരായ രണ്ട് സ്ത്രീകള്‍(ബീനാ പോള്‍, സജിത മഠത്തില്‍) ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയൊക്കെ പുരുഷ സാന്നിധ്യമാണ്. സദസിലും സ്ത്രീ സാന്നിധ്യം ഉണ്ടങ്കിലേ നമ്മുടെ ഉള്ളിലിരിപ്പും സ്ത്രീകള്‍ക്ക് അനിയോജ്യമായി മാറുകയൊള്ളു. അത് വാക്കുകള്‍ കൊണ്ട് മാത്രം പറയുന്ന ഒന്നായി സ്ത്രീ സൗഹൃദം മാറാതിരിക്കട്ടെയെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് സ്ത്രീ സുരക്ഷക്കായി നിയമനിര്‍മാണം വരുത്തുന്നതെന്നും അതില്‍ സംസ്ഥാന സര്‍ക്കാരിന് ഭാവുകങ്ങള്‍ നേരുന്നതായും എന്‍.എസ്. മാധവന്‍ വ്യക്തമാക്കി. ഔദ്യോഗിക ജീവിതത്തില്‍ ഐ.എഫ്.എഫ്.ഐ ഉള്‍പ്പെടെയുള്ള ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകനായ കാര്യവും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.
ഐ.എഫ്.എഫ്.കെയുടെ റീജിയിണല്‍ ഫിലിം ഫെസ്റ്റിവല്‍ കൊച്ചിയില്‍ നടക്കുന്നത് സ്വാഗതാര്‍ഹമാണെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു. മലയാള സിനിമ മാറിമറിഞ്ഞത് കൊച്ചിയിലും എറണാകുളത്തും വെച്ചാണ്. മലയാള സിനിമ തുടങ്ങിയ കാലത്ത് സംഗീത നാടകങ്ങളുടെയും തമിഴ്, ബംഗാളി സിനിമകളുടെയും അനുകരണങ്ങളായിരുന്നു. ആദ്യമായിട്ട് കേരളത്തിന്റെ, മലയാളത്തിന്റെ തുടിപ്പ് സിനിമാരംഗത്ത് കൊണ്ടുവന്നത് ഒരു കൊച്ചിക്കാരനായ ടി.കെ. പരീക്കുട്ടിയായിരുന്നു. ടി.കെ. പരീക്കുട്ടിയുടെ നീലക്കുയില്‍ എന്ന സിനിമയോട് കൂടിയാണ് ഒരുപക്ഷേ ആധുനിക മലയാള സിനിമ ആരംഭിക്കുന്നതെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു.
ഫിലിം ഫെസ്റ്റിവലുകള്‍ക്ക് മുമ്പ് കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോടും, കൊച്ചിയിലും, തിരുവനന്തപുരത്തും പ്രമുഖ തിയേറ്ററുകളില്‍ ആഴ്ചയില്‍ ഒരു ദിവസം ലോക സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അത്തരത്തിലുള്ള സിനിമാ സംസ്‌കാരം തിരിച്ചുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടല്‍ ഉണ്ടാകണം. നല്ല സിനിമകള്‍ തിയേറ്ററിലേക്ക് മടങ്ങണം. നമ്മുടെ സിനിമാ സംസ്‌ക്കാരം ഫെസ്റ്റിവലില്‍ മാത്രം ഒതുങ്ങിപ്പോകേണ്ടതല്ലെന്നും എന്‍.എസ്. മാധവന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അടൂര്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം ഉടനെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പുതിയ നിയമത്തിന്റെ കരട് തയ്യാറെന്നും നിയമം എത്രയും വേഗം നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ ചലച്ചിത്ര മ്യൂസിയം സ്ഥാപിക്കും. ഇതിനായി കൊച്ചി നഗരസഭ അഞ്ച് ഏക്കര്‍ കണ്ടെത്തണം. പിണറായി സര്‍ക്കാരിന്റെ ഇനിയുള്ള കാലയളവിലും കൊച്ചിയില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: NS Madhavan Says During his inaugural address at the Regional IFFK in Kochi, questioned the representation of women on stage.