നമ്മള്‍ അംഗീകരിക്കാന്‍ മടിക്കുന്ന സത്യങ്ങള്‍ ധൈര്യപൂര്‍വ്വം അവതരിപ്പിക്കുകയാണ് അവര്‍; 'ഈട'ക്ക് കൈയ്യടികളുമായി എന്‍.എസ് മാധവന്‍
Mollywood
നമ്മള്‍ അംഗീകരിക്കാന്‍ മടിക്കുന്ന സത്യങ്ങള്‍ ധൈര്യപൂര്‍വ്വം അവതരിപ്പിക്കുകയാണ് അവര്‍; 'ഈട'ക്ക് കൈയ്യടികളുമായി എന്‍.എസ് മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th January 2018, 11:36 am

കോഴിക്കോട്:ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ചിത്രസംയോജകനായ ബി. അജിത്കുമാറിന്റെ ആദ്യസംവിധാന സംരംഭമായ “ഈട”ക്ക് കൈയ്യടികളുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. 2018ന്റെ തുടക്കം തന്നെ ഗംഭീരമാക്കികൊണ്ടാ ണ് “ഈട”യുടെ റിലീസ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

കണ്ണൂരിലെ റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്നാണ് ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. കെ.ജെ.പി കുടുബത്തില്‍ നിന്നുള്ള നായകനും കെ.പി.എം കാരിയായ നായികയുടെ കഥയാണ് ഈട. നിരന്തരം നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ധൈര്യപുര്‍വ്വം അവതരിപ്പിക്കുകയാണ് ഈട സിനിമയെന്നും എന്‍.എസ് മാധവന്‍ പറയുന്നു.

എം.ബി.എ കഴിഞ്ഞു മൈസൂരിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി ചെയ്യുന്ന ആനന്ദിന്റെയും യാദൃശ്ചികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തെ ഉത്തര മലബാറിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സിനിമ.

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ചിത്രസംയോജകനായ ബി. അജിത്കുമാറിന്റെ ആദ്യസംവിധാന സംരംഭമായ “ഈട”യില്‍ യുവനടന്‍ ഷെയ്ന്‍ നിഗവും, “തൊണ്ടിമുതലും ദൃക്‌സാക്ഷിയും” എന്ന ചിത്രത്തിലെ പ്രേക്ഷകശ്രദ്ധ നേടിയ നിമിഷ സജയനുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, സുധി കോപ്പ, ബാബു അന്നൂര്‍, ഷെല്ലി കിഷോര്‍, വിജയന്‍ കാരന്തൂര്‍, “സുനിത എന്നിവരാണ് “ഈട”യില്‍ മറ്റ് കഥാപാത്രങ്ങളാകുന്നത്. ഡെല്‍റ്റ സ്റ്റുഡിയോക്കു വേണ്ടി ശര്‍മിള രാജ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് കളക്ടീവ് ഫേസ് വണ്‍ ആണ്.