തൃശൂര്‍: എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ ഒരുവിഭാഗം നടത്തുന്ന നീക്കം ഏകാധിപത്യത്തിനു മുന്നോടിയായുള്ള സാംപിള്‍ വെടിക്കെട്ടാണെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മലയാളത്തിന്റെ മുത്തായ എം.ടിയുടെ മുകളില്‍ കുതിരകയറാനുള്ള ഒരുവിഭാഗത്തിന്റെ ശ്രമം ഇതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാഷിസ്റ്റ് ഭീഷണിക്കെതിരെ എം.ടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിചാര്‍ വിഭാഗിന്റെയും സംസ്‌കാര സാഹിതിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, അഭിപ്രായം പ്രകടിപ്പിക്കുന്നയാളുടെ വ്യക്തിത്വത്തെ ഹനിക്കാനോ അഭിപ്രായത്തിന്റെ മൂല്യം ഇല്ലാതാക്കാനോ ഉള്ള ശ്രമങ്ങള്‍ ഹിറ്റ്‌ലര്‍ ശൈലിയിലുള്ള കുതന്ത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
എം.ടി ഇതിന്റെ ഇരയാണ്. കലാകാരന്മാരെയും എഴുത്തുകാരെയും ഭയപ്പെട്ടിരുന്ന ഹിറ്റ്‌ലര്‍ അവരെ നിശ്ശബ്ദരാക്കുകയാണ് ആദ്യം ചെയ്തത്. ഭിന്നാഭിപ്രായത്തെ ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റ് തന്ത്രമാണ് ഇവിടെയും ഉപയോഗിക്കപ്പെടുന്നതെന്നും എന്‍.എസ് മാധവന്‍ ചൂണ്ടിക്കാട്ടി. ജര്‍മ്മന്‍ ശൈലിയിലുള്ള ഈ അസഹിഷ്ണുതയ്ക്ക് ഇവിടെ തുടക്കമായി.
എം.ടി കാരുണ്യരഹിതമായി സംസാരിക്കാത്ത വ്യക്തിയാണ്. മൃദുവാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. പക്ഷേ, അതിരൂക്ഷ ഭാഷയില്‍ അദ്ദേഹത്തിനു നേരെ നടക്കുന്ന കടന്നാക്രമണത്തെ പ്രബുദ്ധ ജനത ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക പ്രസക്തിയുള്ള മറ്റു വിഷയങ്ങളിലൊന്നും എം.ടി പ്രതികരിച്ചില്ലെന്നും കറന്‍സി വിഷയത്തില്‍ മാത്രം എന്തുകൊണ്ട് പ്രതികരിക്കുന്നു എന്നുമാണ് ഒരുവിഭാഗത്തിന്റെ ചോദ്യം. ഈ ചോദ്യം തന്നെ ഇരട്ടത്താപ്പാണ്. സ്ഥിരമായി പ്രതികരിക്കുന്നയാളാണെങ്കില്‍ ഞങ്ങള്‍ ക്ഷമിച്ചേനേ എന്നാണ് ചോദ്യം നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
സ്വസ്ഥമായി എഴുതാന്‍ ഇനി സാധിക്കണമെങ്കില്‍ സംസാരിച്ചേ പറ്റൂ എന്ന അവസ്ഥയാണ്. എഴുത്തുകാരന്റെ ഏകാന്തതയും സ്വസ്ഥതയും ഇല്ലാതാക്കപ്പെടുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു.
നേരത്തെ നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി നേതാക്കളായ കെ. സുരേന്ദ്രനും എ.എന്‍ രാധാകൃഷ്ണനും വിഷയത്തില്‍ എം.ടിക്കെതിരെ പരസ്യമായി നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഫാഷിസ്റ്റ് ഭീഷണിക്കെതിരെ എം.ടിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിരോധ സദസ് സംഘടിപ്പിച്ചത്.