കോഴിക്കോട്: കോണ്‍ഗ്രസ് ബാന്ധവം സംബന്ധിച്ചുള്ള സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയുടെ കരട് രേഖയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച നടക്കെ സഖ്യത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സി.പി.ഐ.എമ്മിന് മുന്നറിയിപ്പുമായി എന്‍.എസ് മാധവന്‍. മനോരമ പത്രത്തില്‍ “കോണ്‍ഗ്രസ് പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസും” എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് തന്റെ നിലപാട് അദ്ദേഹം സി.പി.ഐ.എമ്മിനെ അറിയിക്കുന്നത്.
കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് നല്‍കിയ അഭിമുഖം ഉദ്ധരിച്ചാണ് എന്‍.എസ് മാധവന്റെ കുറിപ്പ്.
ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ കൂടെ കൂട്ടണമെന്ന് ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയുടെ കരട്പ്രമേയം അംഗീകരിച്ചാല്‍ സി.പി.ഐ.എമ്മിന് ശക്തിയുള്ളിടത്തും ഇല്ലാത്തിടത്തും ആത്മഹത്യപരമായ അവസ്ഥയാകുമെന്ന് ഇര്‍ഫാന്‍ ഹബീബ് പറയുന്നതായും തന്റെ കോളത്തില്‍ എന്‍.എസ് മാധവന്‍ പറയുന്നു.
1953 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി തുടരുന്നയാളാണ് ഇര്‍ഫാന്‍ ഹബീബ്. ഇര്‍ഫാന്‍ ഹബീബിന്റെ അതേ അഭിപ്രായം തന്നെയാണ് സി.പി.ഐ.എം അംഗങ്ങളും പ്രഗല്‍ഭരുമായ പ്രഭാത് പട്‌നായിക്കും കെ.എന്‍ പണിക്കരുമൊക്കെ പറയുന്നത്. ഇവരാരും തന്നെ ഫാഷിസത്തെ കുറിച്ചോ നവലിബറലിസത്തെ കുറിച്ചോ അറിയാത്തവരല്ലെന്നും എന്‍.എസ് മാധവന്‍ സി.പി.ഐ.എം നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു.
കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് പറയുന്ന പ്രമേയം അംഗീകരിച്ചാലും ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഉണ്ടാകുന്ന അപകടത്തെ പറ്റിയും ഇര്‍ഫാന്‍ ഹബീബ് അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹം തന്റെ കുറിപ്പില്‍ ഉള്‍കൊള്ളിക്കുന്നു.
“”(പാര്‍ട്ടിക്ക്) ശക്തിയുള്ളിടത്തും ഇല്ലാത്തിടത്തും ആത്മഹത്യാപരമായ സ്ഥിതിയിലാകും.”” പല വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, ഇന്ത്യയ്ക്കു പാര്‍ലമെന്ററി ജനാധിപത്യം തന്നതും മതനിരപേക്ഷക സമീപനം നിലനിര്‍ത്തിയതും കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം പറയാന്‍ വിട്ടുപോയ ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കട്ടെ: ഉന്നതനിലവാരം പുലര്‍ത്തുന്ന, സ്വതന്ത്രമായ അക്കാദമിക് അന്തരീക്ഷമുള്ള ഒരു സര്‍വകലാശാലയിലൂടെയായിരിക്കണം ജവാഹര്‍ ലാല്‍ നെഹ്റുവിന്റെ സ്മരണ നിലനിര്‍ത്തേണ്ടത് എന്നു വിശ്വസിച്ചു ജി. പാര്‍ഥസാരഥിയെ മുന്‍നിര്‍ത്തി ഇന്ദിരാഗാന്ധി തുടങ്ങിയ സ്ഥാപനമാണ് ജെഎന്‍യു. അവിടത്തെ വിദ്യാര്‍ഥിരാഷ്ട്രീയം അല്ലാതെ പ്രകാശ് കാരാട്ടിന്റെയും സീതാറാം യച്ചൂരിയുടെയും ബയോഡേറ്റയില്‍ ഗ്രാസ് റൂട്ട് രാഷ്ട്രീയപരിചയം കാണില്ല.
കരടുപ്രമേയം അനുസരിച്ചാണു കര്‍ണാടക തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവിടെ ഒരിടത്തു (ബാഗെപ്പള്ളി) മാത്രമാണു രണ്ടാം സ്ഥാനത്ത് എത്തിയതെങ്കിലും ഇത്തവണ, റിപ്പോര്‍ട്ട് അനുസരിച്ച്, 19 സീറ്റുകളില്‍ അവര്‍ മത്സരിക്കുന്നു. സിപിഎം പ്രഖ്യാപിച്ചിട്ടുള്ള സീറ്റുകളില്‍ ദക്ഷിണ കന്നട ജില്ലയിലെ നാലു സീറ്റുകളുടെ 2013ലെ ഫലം പരിശോധിച്ചപ്പോള്‍ നാലിടത്തും കോണ്‍ഗ്രസ് ആണ് വിജയിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ബിജെപി. ഈ നാലില്‍ മൂന്നുസീറ്റുകളിലും ഭൂരിപക്ഷം, തരംഗം വേണ്ട, ചെറുതെന്നലില്‍ത്തന്നെ നഷ്ടമാകാം. “”വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രം ശ്രമിക്കുന്നവര്‍ക്കു ജനം എന്തിനു വോട്ട് ചെയ്യണം?””