തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷ തന്നെയാണെന്നും ഉയരുന്ന ടി.പി.ആറില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ഡി.വൈ.എഫ്.ഐയുടെ മുഖ മാസികയായ യുവധാരയിലാണ് എന്‍.എസ്. മാധവന്‍ ഇക്കാര്യം പറയുന്നത്.
ഡി.വൈ.എഫ്.ഐ കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എന്‍.എസ്. മാധവന്‍ ഇതുസംബന്ധിച്ച് പറയുന്ന വീഡിയോ പങ്കുവെച്ചു. യുവധാരയുടെ ഉടന്‍ പുറത്തിറങ്ങുന്ന ലക്കത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.
‘ഈ നമ്പറുകളിലൊന്നും വലിയ കാര്യമില്ല. ദിവസവും 13, 14 ടി.പി.ആര്‍. കാണുമ്പോഴേക്ക് നമ്മള്‍ പരിഭ്രാന്തരാകേണ്ട. നമ്മള്‍ പരിഭ്രാന്തരാകേണ്ടത് ഐ.സി.യു. ബെഡുകള്‍ എത്ര പേര്‍ ഉപയോഗിക്കുന്നു, ഓക്‌സിജന്‍ ബെഡുകള്‍ എത്ര പേര്‍ ഉപയോഗിക്കുന്നു എന്നതിലാണ്.
ഇതാണ് ഒരു ഭരണകൂടത്തിന് മുന്നിലുള്ള ഏറ്റവും വലിയ ചലഞ്ചായി കാണാറുള്ളത്. ഇതില്ലാതായപ്പോയാണ് ഇറ്റലിയിലും ഇംഗ്ലണ്ടിലുമൊക്കെ തകര്‍ച്ച വന്നത്. ഇപ്പോഴും കേരളത്തില്‍ പകുതിയിലധികം ഐ.സി.യു. ബെഡുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പാന്‍ഡമിക്കിന്റെ കാര്യത്തില്‍ എനിക്ക് വലിയ ആശങ്കയില്ല,’ എന്‍.എസ്. മാധവന്‍ പറഞ്ഞു.