കോഴിക്കോട്: ബലാത്സംഗക്കേസ് പ്രതിയായ സിവിക് ചന്ദ്രനെ പിന്തുണക്കുന്ന എഴുത്തുകാരി ജെ. ദേവികക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ജെ. ദേവിക മധു കിശ്വറാകാനുള്ള വഴിയിലാണെന്ന് എന്‍.എസ്. മാധവന്‍ കുറ്റപ്പെട്ടുത്തി. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ്. മാധവന്റെ പ്രതികരണം.
‘ജെ. ദേവിക മധു കിശ്വറാകാനുള്ള വഴിയിലാണ്! ബലാത്സംഗക്കേസ് പ്രതിയായ സിവിക് ചന്ദ്രനെ പിന്തുണക്കുകയും ഇരകളെ അപമാനിക്കുകയും ചെയ്യുന്ന മറ്റൊരു വ്യക്തി രാഹുല്‍ ഈശ്വര്‍ മാത്രമാണ്!,’ എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു.
ആദ്യകാലത്ത് പുരോഗമന നിലപാടുണ്ടായിരുന്ന ഫെമിനിസ്റ്റായിരുന്നു എന്‍.എസ്. മാധവന്‍ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്ത മധു കിശ്വര്‍. പിന്നീട് 1990 ഹിന്ദുത്വ പ്രത്യേയശാസ്ത്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതോടെ മുമ്പുണ്ടായ നിലപാടില്‍ നിന്നുണ്ടായ അവരുടെ മാറ്റവും ചര്‍ച്ചയായിരുന്നു. നിലവില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചില്‍ ചെയര്‍ പ്രൊഫസറായാണ് മധു കിശ്വര്‍ ജോലി ചെയ്യുന്നത്.
സിവിക് ചന്ദ്രന്റെ ലൈംഗികാതിക്രമം നടത്തി എന്ന സാഹിത്യകാരിയുടെ പരാതിയിന്മേല്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ട ജെ.ദേവികക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് എന്‍.എസ്. മാധവന്റെ പ്രതികരണം.
സിവിക് ചന്ദ്രന് എതിരായ മീ.ടു ആരോപണത്തില്‍ നടന്ന സംഭവങ്ങളെ പറ്റി കാര്യമായി ഒന്നുമില്ലെന്നും സി.പി.ഐ.എം വിമര്‍ശകരായ പുരുഷന്മാരുടെ വിശ്വാസ്യതയെ നശിപ്പിക്കാന്‍ നീക്കമാണെന്നും ജെ. ദേവിക പറഞ്ഞിരുന്നു.
അതിനിടെ സിവിക് ചന്ദ്രന്‍ നടത്തിയ ലൈംഗികാക്രമണകേസിലെ രണ്ടാമത്തെ അതിജീവിതയുടെ ഐഡന്റിറ്റി ഡാ.ജെ ദേവിക അവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയതും വിവാദമായിരുന്നു.
ഇത് വിമര്‍ശനത്തിന് കാരണമായതിന് പിന്നാലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് ഡിലിറ്റ് ചെയ്യുകയും ശേഷം അതിജീവിതയുടെ പേരില്ലാതെ റീ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
CONTENT HIGHLIGHTS: NS Madhavan criticizes J. Devika who supports rape case accused Civic Chandran