'കുംബ്ലെയും ഗവാസ്‌കറും വിരാടിനെ ധാര്‍മ്മികത പഠിപ്പിക്കാന്‍ നില്‍ക്കേണ്ട'; പുറത്താക്കപ്പെടും മുമ്പ് ധോണി ടീമിന്റെ പരിശീലസ്ഥാനം ഏറ്റെടുക്കണമെന്ന് എന്‍.എസ് മാധവന്‍
Daily News
'കുംബ്ലെയും ഗവാസ്‌കറും വിരാടിനെ ധാര്‍മ്മികത പഠിപ്പിക്കാന്‍ നില്‍ക്കേണ്ട'; പുറത്താക്കപ്പെടും മുമ്പ് ധോണി ടീമിന്റെ പരിശീലസ്ഥാനം ഏറ്റെടുക്കണമെന്ന് എന്‍.എസ് മാധവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd June 2017, 9:11 am

കൊച്ചി: ഇന്ത്യന്‍ ടീമിനെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന കോഹ് ലി-കുംബ്ലെ പോരില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി എന്‍.എസ് മാധവന്‍. ധോണി ഇന്ത്യന്‍ ടീമിന്റ കോച്ചാകുന്നത് മികച്ച തീരുമാനമാകുമെന്ന് ഹിഗ്വിറ്റയുടെ കഥാകാരന്‍ പറയുന്നത്.

കോച്ചും ക്യാപ്റ്റനും തമ്മിലുള്ള ഈഗോ പ്രശ്നങ്ങള്‍ കാരണം കോച്ചായ കുംബ്ലെ രാജിവച്ചതിനേത്തുടര്‍ന്നാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ധോണി ബുദ്ധിമാനായ ക്രിക്കറ്ററാണെന്ന് പറഞ്ഞ എന്‍.എസ് മാധവന്‍ ടീമില്‍നിന്ന് പുറത്താക്കുന്നതുവരെ ധോണി കാത്തുനില്‍ക്കേണ്ട എന്നും ട്വിറ്ററില്‍ കുറിച്ചു.

ഫുട്ബോളില്‍ കോച്ചിനുള്ള റോളല്ല ക്രിക്കറ്റില്‍ കോച്ചിനുള്ളത്. അനില്‍ കുംബ്ലെ ഇക്കാര്യം മനസിലാക്കിയിട്ടില്ല. കുംബ്ലെയും ഗാവസ്‌കറുമടങ്ങിയ പഴയ തലമുറ വിരാടിന്റെ തലമുറയോട് ധാര്‍മികത പഠിപ്പിക്കാന്‍ നില്‍ക്കേണ്ട എന്ന് അദ്ദേഹം സൂചിപ്പിച്ചു. അവരുടെ സിക്സ് പായ്ക്ക് കായിക ക്ഷമത പഴയ തലമുറയുടെ ചിന്തകള്‍ക്കുമപ്പുറത്താണ്.

1983ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കോച്ചിനേയും അദ്ദേഹം പരാമര്‍ശിച്ചു. മാന്‍ സിംഗ് എന്നൊരാളായിരുന്നു കോച്ച്. അയാളെ ടീം മാനേജര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ബി.സി.സി.ഐയ്ക്കുവേണ്ടി ചാരപ്പണി നടത്തുകയായിരുന്നു മാന്‍സിംഗിന്റെ പണി എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


Also Read: ‘ഇതിഹാസങ്ങളും കലിപ്പ് മോഡില്‍’; തങ്ങളുടെ വാക്ക് കണക്കിലെടുക്കാത്ത നായകനുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും


അതേസമയം, രാജിവച്ച ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയോടുള്ള അതൃപ്തി വീണ്ടും വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തി. കോഹ്ലിക്ക് തന്നോടുള്ള ഭിന്നതകളാണ് രാജിക്ക് വഴിവച്ചതെന്ന് പരസ്യമാക്കിയതിന് പിന്നാലെ കുംബ്ലെ ഇന്ത്യന്‍ പരിശീലകനായി നിയോഗിക്കപ്പെട്ടപ്പോള്‍ സ്വാഗതം ചെയ്ത പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്താണ് കോഹ്ലി പ്രതികരിച്ചത്.

2016 ജൂണ്‍ 23ന് ചെയ്ത ട്വീറ്റാണ് കോഹ്ലി നീക്കം ചെയ്തത്. “”സ്വാഗതം അനില്‍ കുംബ്ലെ സര്‍, താങ്കളുമായുള്ള കൂട്ടുകെട്ടിനായി കാത്തിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന നല്ല ദിനങ്ങളാണ്”” – ഇതായിരുന്നു കോഹ്ലിയുടെ സ്വാഗത ട്വീറ്റ്.