| Thursday, 28th October 2021, 12:43 pm

നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ടെന്ന വ്യത്യാസം എന്തായാലും ഉണ്ട്; ഹൃദയം തീര്‍ച്ചയായും കാണുമെന്ന് എന്‍.എസ്. മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാലിനേയും ദര്‍ശന രാജേന്ദ്രനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തെ കുറിച്ച് കുറിപ്പുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ഹൃദയം റിലീസ് ആയാല്‍ താന്‍ എന്തായാലും കാണുമെന്നും അതിനൊരു കാരണമുണ്ടെന്നുമാണ് എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.

‘ഈ ചിത്രം ഞാന്‍ എന്തായാലും കാണും. ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട് എന്ന വ്യത്യാസം എന്തായാലും ഉണ്ട്’ എന്നായിരുന്നു ദര്‍ശനയുടേയും പ്രണവിന്റേയും ചിത്രമുള്ള ഹൃദയത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് എന്‍.എസ്. മാധവന്‍ കുറിച്ചത്.

കിസ്മത്ത് സിനിമയിലും അങ്ങനെ ആയിരുന്നല്ലോ എന്നും ചിത്രം വര്‍ക്ക് ഔട്ട് ആകുമെന്ന് പ്രതീക്ഷിക്കാം എന്നെല്ലാമാണ് ചിലര്‍ കുറിപ്പിന് താഴെ കമന്റ് ചെയ്യുന്നത്.

എന്നാല്‍ എന്‍.എസ്. മാധവന്റെ അഭിപ്രായത്തോട് വിയോജിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍.എസ്. മാധവന്‍ പറഞ്ഞ രീതിയിലുള്ള ഒരു അഭിപ്രായം തങ്ങള്‍ക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടത്. ‘ദര്‍ശന…’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്.

15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തിന്റെ സംഗീത സംവിധായകന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം കൂടിയാണ് ഹൃദയം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: NS Madhavan About Hridayam Movie

We use cookies to give you the best possible experience. Learn more