| Sunday, 17th December 2017, 7:30 am

'പ്രവസികള്‍ക്കായി ഇനി പകരക്കാരനു വോട്ട് രേഖപ്പെടുത്താം'; പ്രവാസി വോട്ടവകാശ ബില്‍ വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ പ്രവാസികള്‍ക്ക് നാട്ടില്‍ വോട്ടു ചെയ്യുന്നതിനായി സര്‍ക്കാര്‍ പ്രവാസി വോട്ടവകാശ ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പ്രവാസികള്‍ക്ക് തങ്ങളുടെ വോട്ടവകാശം പകരക്കാരനെ ചുമതലപ്പെടുത്താന്‍ കഴിയുന്ന ബില്ലാണ് സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കുക. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വോട്ടവകാശം നല്‍കാന്‍ കഴിയുന്ന രീതിയിലാകും “പ്രോക്സി വോട്ട്” (മുക്ത്യാര്‍ വോട്ട്) അവതരിപ്പിക്കുക.

സൈന്യത്തിലും അര്‍ധ-സൈനിക വിഭാഗങ്ങളിലും ജോലിചെയ്യുന്നവര്‍ക്കുള്ള “പ്രോക്സി വോട്ടി”ല്‍നിന്ന് വ്യത്യസ്തമായാണ് പ്രവാസികളുടെ പ്രോക്സി വോട്ട്. സൈനികര്‍ക്ക് തങ്ങളുടെ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ പ്രായപൂര്‍ത്തിയായ ആരെവേണമെങ്കിലും മുക്ത്യാര്‍ ആയി നിയമിക്കാവുന്നതാണ്. ഒരാളെ നിയമിച്ചാല്‍ അത് സര്‍വീസ്‌കാലത്തേക്ക് മുഴുവന്‍ ബാധകമായിരിക്കും. അതൃപ്തിയുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റുകയും ചെയ്യാവുന്ന തരത്തിലാണ് സൈനികരുടെ വോട്ടവകാശം.

എന്നാല്‍ പ്രവാസികള്‍ക്ക് തങ്ങളുടെ മുക്ത്യാറെ ഓരോ തെരഞ്ഞെടുപ്പിലും ചുമതലപ്പെടത്തേണ്ട രീതിയിലാണ് ബില്ല് തയ്യാറാക്കുന്നത്. ഇതിനുവേണ്ടി ചില വ്യവസ്ഥകള്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ ഭേദഗതി ബില്ലില്‍ ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഓരോ തെരഞ്ഞെടുപ്പിനും നിശ്ചിതദിവസത്തിനുമുന്‍പ് പ്രവാസി മുക്ത്യാറെ ചുമതലപ്പെടുത്തണം.

പ്രവാസികളുടെ മുക്ത്യാര്‍ം തങ്ങളുടെ പേരും ഒപ്പും നോട്ടറി അല്ലെങ്കില്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുഖേന സാക്ഷ്യപ്പെടുത്തണം. പ്രവാസി നേരത്തേ സമര്‍പ്പിക്കുന്ന സാക്ഷ്യപത്രത്തിലെ മുക്ത്യാറുടെ വിവരങ്ങളും മുക്ത്യാര്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലവും ഒത്തുനോക്കിയായിരിക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുക.

നേരത്തെ പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് തപാല്‍വോട്ട് രേഖപ്പെടുത്താനുള്ള നിര്‍ദേശമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യം മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ തപാല്‍വോട്ട് ഇലക്ട്രോണിക് രൂപത്തില്‍ പ്രവാസികള്‍ക്ക് അയച്ചുകൊടുക്കുകയും അതില്‍വോട്ട് രേഖപ്പെടുത്തിയശേഷം അത് എംബസികള്‍ മുഖേന തപാലില്‍ തിരിച്ചയക്കുകയും ചെയ്യുക എന്ന നിര്‍ദേശം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള മന്ത്രിതലസമിതി തള്ളുകയായിരുന്നു.

പ്രവാസികള്‍ക്ക് അവരുടെ മണ്ഡലത്തില്‍ വോട്ടറായി എപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍ചെയ്യാം. അങ്ങനെ ചെയ്തവര്‍ക്കേ മുക്ത്യാറെ നിയോഗിക്കാനാവൂ. രജിസ്റ്റര്‍ ചെയ്യാന്‍ പ്രവാസികള്‍ കൂടുതലായി മുന്നോട്ടുവന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള കേരളത്തില്‍ നിന്നു ഇതുവരെ കാല്‍ലക്ഷത്തോളംപേര്‍ മാത്രമേ വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ത്തിട്ടുള്ളൂ. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രവാസിവോട്ട് ഒടുവില്‍ യാഥാര്‍ഥ്യമാവാന്‍ പോകുന്നത്.

We use cookies to give you the best possible experience. Learn more