| Friday, 11th April 2014, 3:09 pm

ഇത്തവണയും പ്രവാസി വോട്ടില്ല: സാങ്കേതികതയില്‍ ഉടക്കി കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: വോട്ട് ചെയ്യാനുള്ള പ്രവാസികളുടെ ദീര്‍ഘകാല സ്വപ്‌നത്തിന് സാങ്കേതികത വീണ്ടും ഉടക്കാകുന്നു. സുപ്രീം കോടതിയിലെത്തിയ കേസില്‍ കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും വ്യത്യസ്ഥ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് അനുവദിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഓണ്‍ലെന്‍ വോട്ട് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഇന്റര്‍നെറ്റ് വഴിയുള്ള ഓണ്‍ലൈന്‍ വോട്ടിങിന് പ്രായേഗിക ബുദ്ധിമുട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനു പകരം തപാല്‍ വോട്ട് അനുവദിക്കാമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇക്കാര്യം കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കും.

തപാല്‍ വഴി വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിക്കൂടെയെന്ന് സുപ്രീംകോടതി ആരാഞ്ഞത്.

പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഡോ. ഷംസീര്‍ വയലിലാണ് പ്രവാസി വോട്ടവകാശത്തിന് തടസ്സമാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 20 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രംകോടതിയെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more