| Monday, 27th April 2020, 4:00 pm

ഒരേ കുടുംബത്തിലുള്ള പ്രവാസികള്‍ക്കും വെവ്വേറെ രജിസ്‌ട്രേഷന്‍; രജിസ്റ്റര്‍ ചെയ്തവരുമായി ബന്ധപ്പെടുമെന്ന് നോര്‍ക്ക, ഇപ്പോള്‍ നടത്തുന്നത് വിവരശേഖരണമെന്നും വിശദീകരണം

ജിതിന്‍ ടി പി

കോഴിക്കോട്: വിദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതോടെ നിരവധി പേരാണ് നോര്‍ക്ക വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇതുവരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 1,65,631 പേരാണ്. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം വേണമെന് കേന്ദ്രത്തോട് നോര്‍ക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

161 രാജ്യങ്ങളില്‍ നിന്ന് രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇയില്‍ നിന്നാണ്. 65,608 പേരാണ് ഇവിടെ നിന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത്. സൗദിയില്‍ നിന്ന് 20755 പേരും ഖത്തറില്‍ നിന്ന് 18392 പേരും കുവൈറ്റില്‍ നിന്ന് 9626 പേരും ഇതുവരെ രജിസ്റ്റര്‍ ചെയ്തു. ഒമാനില്‍ നിന്ന് 7286ഉം ബഹറൈനില്‍ നിന്ന് 3451 പേരും മാലിദ്വീപില്‍ നിന്ന് 1100 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നവരുടെ കണക്ക് തയ്യാറാക്കി ക്വാറന്റൈന്‍ സൌകര്യം ഒരുക്കാന്‍ വേണ്ടിയാണ് നോര്‍ക്ക വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. രാവിലെ 11 മണി വരെയാണ് ഇത്രയും പേര്‍ രജിസ്റ്റര്‍ ചെയ്തത്.

കൊവിഡ് 19 നെ തുടര്‍ന്ന് ലോക്ക് ഡൗണില്‍പ്പെട്ട് ആശങ്കയിലായ പ്രവാസികള്‍ കൂട്ടത്തോടെ രജിസ്റ്റര്‍ ചെയ്തുവെന്ന് വ്യക്തമാണ്. എന്നാല്‍ എല്ലാ പ്രവാസികളേയും ഉടന്‍ എത്തിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഗര്‍ഭിണികള്‍, പ്രായമായവര്‍, വിസാ കാലാവധി തീര്‍ന്നവര്‍ എന്നിവരെയാണ് ആദ്യം മുന്‍ഗണനാക്രമത്തില്‍ നാട്ടിലെത്തിക്കുകയെന്ന് സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും പലതവണ വ്യക്തമാക്കിയതാണ്.

‘എല്ലാവരേയും ഒന്നിച്ച് കൊണ്ടു വരുന്നത് അപ്രായോഗികമാണ്. അതുകൊണ്ട് എല്ലാവരും ഇങ്ങോട്ട് മടങ്ങി വരണമെന്നില്ല. ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് മുന്‍ഗണന. വരുന്നവരെ സ്വീകരിക്കാന്‍ എല്ലാ തയാറെടുപ്പുകളും ഒരുക്കിയിട്ടുണ്ട്’, ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

അതേസമയം നോര്‍ക്ക രജിസ്‌ട്രേഷനില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് പ്രവാസികള്‍ പറയുന്നു. വെബ്‌സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യുന്നത് ഒാരോ വ്യക്തിയുടേയും വിവരങ്ങളാണെന്നും അവരുടെ കൂടെയുണ്ടാകുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം പ്രത്യേകമായി വേറെ രജിസ്ട്രര്‍ ചെയ്യണമെന്നും ദുബായിലെ പ്രവാസിയായ അംജദ് ആരാമം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഞാനും എന്റെ ഭാര്യയും തിരിച്ചുവരാനാഗ്രഹിക്കുകയാണെങ്കില്‍ ഞങ്ങള്‍ രണ്ട് പേരും പ്രത്യേകമായി രജിസ്ട്രര്‍ ചെയ്യണം. ഞങ്ങളില്‍ ആര്‍ക്കാണോ മുന്‍ഗണന എന്ന് നിശ്ചയിച്ചായിരിക്കും തിരിച്ചുകൊണ്ടുപോകുന്നത്. ഇവിടെ ഒരേ ഐസോലേഷനിലുള്ളവര്‍ അത്തരത്തില്‍ വേര്‍തിരിക്കപ്പെട്ടേക്കാം’, അംജദ് പറഞ്ഞു.

എന്നാല്‍ നിലവില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത് വിദേശത്ത് നിന്ന് ഇക്കാലയളവില്‍ എത്രത്തോളം പ്രവാസികള്‍ തിരിച്ചെത്തുമെന്നറിയാനും അവര്‍ക്ക് എങ്ങനെയൊക്കെയുള്ള ക്വാറന്റൈന്‍ സൗകര്യം ഒരുക്കണം എന്നതിനെക്കുറിച്ച് ധാരണയുണ്ടാക്കാനുമാണെന്ന് നോര്‍ക്ക ഉദ്യോഗസ്ഥനായ റിബിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഒരു കുടുംബത്തിന് മുഴുവനായിട്ട് രജിസ്റ്റര്‍ ചെയ്യുന്നത് നിലവില്‍ സംവിധാനമില്ല. വ്യക്തികളെ മാത്രമാണ് രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തുന്നത്. രജിസ്ട്രര്‍ ചെയ്യുന്നവരെ വെരിഫൈ ചെയ്യുന്നതിനായി ഫോണ്‍ വഴിയോ മറ്റോ ബന്ധപ്പെടും. അതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.’ റിബിന്‍ പറഞ്ഞു.

എത്രപേര്‍ തിരികെ വരും എന്നതിന്റെ കണക്ക് ശേഖരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എത്രപേരെ ക്വാറന്റൈന്‍ ചെയ്യേണ്ടിവരും എന്നതിനാണ് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നോക്കുന്നത്. തിരിച്ചുകൊണ്ടുവരുമ്പോള്‍ അവരെ വിളിച്ച് വിവരങ്ങള്‍ വ്യക്തമായി ചോദിച്ചറിയും. ഗര്‍ഭിണികളുടെ കേസില്‍ ഒരാള്‍ക്ക് കൂടെ വരാമെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരികെ കൊണ്ടുവരുന്നവരുടെ മുന്‍ഗണനാ പട്ടിക സംസ്ഥാനം തയ്യാറാക്കി നല്‍കുമെങ്കിലും കേന്ദ്രമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് തിരികെ എത്താന്‍ വേണ്ടിയുള്ള രജിസ്‌ട്രേഷനും നോര്‍ക്ക ആരംഭിക്കും.

കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി വലിയ സജ്ജീകരണങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധനയ്ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും.

‘രോഗലക്ഷണം ഒന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. വിദേശ രാജ്യത്ത് യാത്രാസൗകര്യമില്ലാതെ കുടുങ്ങിപ്പോയവര്‍ നാട്ടിലേക്ക് വരാന്‍ വലിയതോതില്‍ ആഗ്രഹിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്’,മുഖ്യമന്ത്രി പറഞ്ഞു.

ലേബര്‍ ക്യാമ്പില്‍ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികള്‍, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗമുള്ളവര്‍, വിസ കാലാവധി പൂര്‍ത്തിയാക്കപ്പെട്ടവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കി സ്റ്റുഡന്റ് വീസയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതരായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്.

അതേസമയം, വിദേശത്തുള്ളവരെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരുന്ന നടപടിയുടെ ഭാഗമായി കരട് സ്ഥിതിവിവരം തയാറാക്കിയിട്ടുണ്ട്. 200 ല്‍ പരം രാജ്യങ്ങളിലായ് 12.6 മില്ല്യന്‍ ആളുകളാണ് ഉള്ളത്. ആകെ പ്രവാസികളില്‍ 8.9 മില്ല്യന്‍ ആളുകള്‍ ഉള്ളത് ആറ് രാജ്യങ്ങളിലാണ്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് യുഎഇയിലാണ്. 3.4 മില്ല്യന്‍ ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. സൗദി അറേബ്യയില്‍ ഉള്ളത് 2.6 മില്ല്യന്‍ ഇന്ത്യക്കാരും കുവൈറ്റ്, ഒമാന്‍,ഖത്തര്‍, ബഹറിന്‍ രാജ്യങ്ങളിലായി 2.9 മില്ല്യന്‍ ഇന്ത്യക്കാരുമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more