| Tuesday, 3rd January 2017, 8:10 am

അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ക്ക് ഇനി കസ്റ്റംസിന്റെ സാക്ഷ്യപത്രം വേണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: പ്രവാസികള്‍ക്കും നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ 8നും ഡിസംബര്‍ 30നും ഇടയില്‍ വിദേശത്തായിരുന്നവര്‍ക്കും അസാധു നോട്ടുകള്‍ ഇനി ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ കസ്റ്റംസ് സാക്ഷ്യപത്രം വേണമെന്ന് കേന്ദ്രം.

നാട്ടിലുള്ളവര്‍ക്ക് ഇനി അസാധു നോട്ട് മാറ്റിയെടുക്കാന്‍ അവസരമുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ക്കും നോട്ട് നിരോധന കാലയളവില്‍ വിദേശത്തായിരുന്നവര്‍ക്കും മാത്രമാക്കി അസാധു നോട്ട് മാറ്റല്‍ നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് റിസര്‍വ് ബാങ്ക് സര്‍ക്കുലറിലൂടെ മറ്റു ധനകാര്യസ്ഥാപനങ്ങളെ അറിയിച്ചിരുന്നു.

എന്നാല്‍ ഇക്കൂട്ടര്‍ ഇതിനായി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ നിന്ന് അതിനുള്ള സാക്ഷ്യപത്രം വാങ്ങണം. അസാധുവാക്കിയ നോട്ടുകള്‍ കാണിച്ചതിനുശേഷം ലഭിക്കുന്ന സാക്ഷ്യപത്രത്തോടൊപ്പം നിശ്ചിതബാങ്കുകളിലേ പണം നിക്ഷേപിക്കാനാവൂ. 25,000 രൂപവരെയാണ് ഇവര്‍ക്കുള്ള നിക്ഷേപ പരിധിയെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അസാധു നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയശേഷമേ സാക്ഷ്യപത്രം നല്‍കാവൂ. വിദേശത്തുനിന്നുവരുന്നവരോട് നോട്ടുമായി ബന്ധപ്പെട്ടവിഷയത്തില്‍ മാന്യമായി ഇടപെടണമെന്നും ഒരുതരത്തിലുള്ള അസൗകര്യവും യാത്രക്കാര്‍ക്ക് ഉണ്ടാവരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.


പ്രവാസികള്‍ക്ക് ജൂണ്‍ 30വരേയും നവംബര്‍ 8ന് ശേഷം വിദേശത്തായിരുന്നവര്‍ക്ക് മാര്‍ച്ച് 31 വരെയുമാണ് അസാധു നോട്ടുകള്‍ നിക്ഷേപിക്കാനാകുക.

എന്തെങ്കിലും കാരണങ്ങളാല്‍ ഡിസംബര്‍ 30നകം അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാതെ പോകുന്ന നാട്ടുകാര്‍ക്ക് അവ വരുന്ന മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ നിശ്ചിത ശാഖകളില്‍ വിശദീകരണം നല്‍കിക്കൊണ്ട് മാറ്റിയെടുക്കാമെന്നായിരുന്നു നോട്ട് നിരോധനം പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇക്കാര്യമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തിരുത്തിയത്.


ഇനി പത്തിലധികം അസാധു നോട്ടുകള്‍ കൈവശമുള്ളവര്‍ പിടിക്കപ്പെട്ടാല്‍ കുറഞ്ഞത് 10,000 രൂപ പിഴയടയ്ക്കേണ്ടിവരും. അല്ലെങ്കില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അക്കൗണ്ടില്‍ 50 ശതമാനം നികുതി നല്‍കി നിക്ഷേപം നടത്താം. അടയ്ക്കുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തിനു ശേഷമേ തിരികെക്കിട്ടൂ.

We use cookies to give you the best possible experience. Learn more