| Thursday, 28th February 2019, 11:36 pm

തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി; നരേന്ദ്ര മോദിക്കെതിരെ 9 സംസ്ഥാനങ്ങളിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. പദ്ധതിയുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് വേതനത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിരുത്തരവാദപരമായി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസു നല്‍കിയതെന്ന് നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ആക്ട് (എന്‍.ആര്‍.ഇ.ജി.എ) സംഘര്‍ഷ് മോര്‍ച്ച കൂട്ടായ്മയുടെ കുറിപ്പില്‍ പറയുന്നു.

ബിഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഗുജറാത്ത് എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 50 ജില്ലകളിലെ തൊഴിലാളികളാണ് രാജ്യത്തെ 150ഓളം പൊലീസ് സ്റ്റേഷനുകളിലായ കേസു നല്‍കിയിരിക്കുന്നതെന്ന് സ്ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

“അപര്യാപ്തമായ തുകകള്‍ അനുവദിച്ച്, വേതനം കൃത്യസമയത്ത് നല്‍കാതെ, ജോലി സാധ്യത തന്നെ ഇല്ലാതാക്കി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അടിച്ചമര്‍ത്തുന്ന സമീപനമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷത്തേത്”- കുറിപ്പില്‍ പറയുന്നു.

Also Read ഗാസ കൂട്ടക്കുരുതിയ്ക്ക് ഇസ്രഈല്‍ യുദ്ധക്കുറ്റത്തിന് വിചാരണ നേരിടണമെന്ന് ഐക്യരാഷ്ട്രസഭ അന്വേഷണ സംഘം

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പദ്ധതിക്കായി 88,000 കോടി രൂപയായിരുന്നു വകയിരുത്തേണ്ടിയിരുന്നതെന്നും എന്നാല്‍ അപര്യാപ്തമായ ഫണ്ട് ലഭ്യത വേതനം കുടുശ്ശികയാക്കുന്നതിന് കാരണമായെന്നും കുറിപ്പില്‍ പറയുന്നു.

തൊഴിലാളികളേയും അവരുടെ കുടുംബത്തേയും ദ്രോഹിക്കണമെന്ന മനോഭാവത്തോടെയാണ് മോദി പ്രവര്‍ത്തിച്ചതെന്നും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയവരെ അറസ്റ്റു ചെയ്യണമെന്നും കൂട്ടായ്മ പറഞ്ഞു.

മിക്ക സംസ്ഥാനങ്ങളിലും 2018 ഒക്ടോബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ ഫണ്ട് കൈമാറ്റം നടന്നിട്ടില്ലെന്നും, ഇത് സംബന്ധിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിങ്ങ് തോമറിന് കത്ത് നല്‍കിയതായും കുറിപ്പില്‍ പറയുന്നു.

“ബുള്ളറ്റ് ട്രെയ്‌നുകള്‍ നിര്‍മിക്കാനും, കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളാനും ഇഷ്ടം പോലെ കാശുള്ള സര്‍ക്കാറിന്റെ കയ്യില്‍, കൃത്യമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കാശില്ല”- പത്രക്കുറിപ്പില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more