ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ദേശീയപൗരത്വപ്പട്ടിക രാജ്യത്തൊട്ടാകെ നടപ്പില്‍വരുത്തുമെന്ന് ബി.ജെ.പി എം.പി ഒ.പി. മഥുര്‍. സുപ്രീം കോടതിയുടെ അനുവാദത്തോടെ അസമില്‍ കൊണ്ടുവന്ന പൗരത്വപ്പട്ടിക തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെല്ലായിടത്തും കൊണ്ടുവരാനാണ് പദ്ധതിയെന്ന് മഥുര്‍ മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞു.
എന്‍.ആര്‍.സി വരുന്നു എന്നതു കൊണ്ട് ഇന്ത്യക്കാര്‍ ഭയക്കേണ്ടതില്ലെന്നും ഇന്ത്യന്‍ പൗരന്മാരായിട്ടുള്ളവരെ രാജ്യത്തുനിന്നും പുറത്താക്കുകയില്ലെന്നും മഥുര്‍ പറയുന്നുണ്ട്. ബി.ജെ.പി രണ്ടാം തവണയും അധികാരത്തിലേറുമെന്നതിലും മഥുറിന് സംശയമില്ല.
“2019ല്‍ ഞങ്ങള്‍ തീര്‍ച്ചയായും അധികാരത്തിലേറുക തന്നെ ചെയ്യും. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ അസമില്‍ മാത്രമാണ് എന്‍.ആര്‍.സി നടപ്പില്‍ വരുത്തിയിട്ടുള്ളത്. രാജ്യത്തെല്ലായിടത്തും പൗരത്വപ്പട്ടിക കൊണ്ടുവരും.” മഥുര്‍ പ്രസ്താവിച്ചു.
രാജ്യത്തെ ധര്‍മശാലയാക്കി മാറ്റാന്‍ അനുവദിക്കില്ല. “നുഴഞ്ഞു കയറിയിട്ടുള്ളവരെ” എന്തു വിലകൊടുത്തും നിയമപരമായിത്തന്നെ പുറത്താക്കും. എന്നാല്‍ ഇന്ത്യക്കാരാരും പരിഭ്രാന്തരാകേണ്ടതില്ല. ഒരൊറ്റ ഇന്ത്യന്‍ പൗരനെപ്പോലും പുറന്തള്ളില്ല, എം.പി പറയുന്നു.
ഇന്ത്യക്കാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കുന്നതല്ല ദേശീയപൗരത്വപ്പട്ടികയെന്നും പുറത്താക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ സമയബന്ധിതമായ നീക്കങ്ങള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി എ.എന്‍.ഐക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെയാണ് മഥുറിന്റെ പ്രസ്താവനയും പുറത്തു വന്നിരിക്കുന്നത്.
ജൂലായ് 30ന് പുറത്തുവിട്ട പൗരത്വപ്പട്ടിക പ്രകാരം 40 ലക്ഷം പേരാണ് ആസ്സാമില്‍ പൗരാവകാശത്തില്‍ നിന്നും പുറത്തായിരിക്കുന്നത്. വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ച ഈ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.