അസമില്‍ നിന്ന് മുസ്‌ലീങ്ങളെ, ബംഗ്ലാദേശികളെന്ന് ചാപ്പകുത്തി പുറത്താക്കാനുള്ള ശ്രമം ഇപ്പോഴൊന്നും ആരംഭിച്ചതല്ല. ഇന്ത്യയിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്ന് നടന്ന ഇടമാണ് അസം. ഗുജറാത്തിന് മുമ്പ്, മുസ്‌ലീങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ തീവ്രഹൈന്ദവര്‍ ശ്രമിച്ച ഇടം. 1967-ല്‍ രൂപം കൊണ്ട് ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ എന്ന സംഘടന ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്നാരോപിച്ച് മുസ്‌ലീങ്ങള്‍ക്കെതിരെ കലാപം നടത്താന്‍ ആരംഭിച്ചതോടെയാണ് അസമില്‍ ഇന്നുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നത്. 1979 മുതല്‍ 85 വരെ ആയിരക്കണക്കിന് മുസ്‌ലീങ്ങളെ കൊന്നൊടുക്കി അസം മൂവ്മെന്റ് മുന്നോട്ട് പോയി.
ആറുമണിക്കൂറിനുള്ളില്‍ മൂവായിരത്തോളം മുസ്‌ലീങ്ങളെ കൊന്ന് തള്ളിയ നല്ലി കൂട്ടക്കൊലയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. ഈ വംശഹത്യയുടെ തുടര്‍ച്ചയായി ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്റെ രാഷ്ട്രീയ വിഭാഗമായ അസം ഗണപരിഷദ് അധികാരത്തില്‍ വന്നു. അതോടെ കലാപകാരികളുമായി കരാറുണ്ടാക്കുന്നുവെന്ന മട്ടില്‍ അവര്‍ ഒപ്പിട്ട കരാര്‍ പ്രകാരം 1971 മാര്‍ച്ച് 25ന് മുമ്പ് അസമിലുണ്ടായതായി രേഖയില്ലാത്തവരെയൊക്കെ ബംഗ്ലാദേശി കുടിയേറ്റക്കാരി കണക്കാക്കാം എന്നതായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് അസം സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് 40 ലക്ഷത്തോളം ഇന്ത്യാക്കാരെ ബംഗ്ലാദേശികള്‍ എന്ന് പേരിട്ട് പൗരത്വപട്ടികയില്‍ നിന്ന് വെട്ടിമാറ്റി നാടുകടത്താനും ജയിലിടാനും ഒരുങ്ങുന്നത്. അസമിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ എങ്ങനെയാണ് അസമില്‍ കുടംബങ്ങളെ തകര്‍ക്കുന്നത്, മുസ്‌ലീങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ ആയുധമായി മാറുന്നത് എന്നതിനെ കുറിച്ച് “കാരവന്‍” മാഗസിന്റെ ജൂലായ് ലക്കത്തില്‍ പ്രവീണ്‍ ദോന്തി എഴുതിയ വിശദമായ റിപ്പോര്‍ട്ടിന്റെ വിവര്‍ത്തനത്തിന്റെ ഒന്നാം ഭാഗം.
***
1983 ഫെബ്രുവരി 18ന് രാവിലെ മധ്യ അസമില്‍ 3000ത്തിലേറെ ബംഗാളി മുസ്‌ലീങ്ങളാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. അതും ആറുമണിക്കൂറിനുള്ളില്‍. ആക്രമണം നടന്ന 14 ഗ്രാമങ്ങളിലൊന്നായ നെല്ലിയുടെ പേരിലാണിന്ന് ഈ കൂട്ടക്കൊല അറിയപ്പെടുന്നത്. ഇന്നേവരെ ഈ കുറ്റവാളികള്‍ക്കെതിരെ ഒരു നടപടിയുമുണ്ടാവില്ല, ഉത്തരവാദികളായി ആരെയും കണ്ടെത്തിയിട്ടുമില്ല. അതിനുശേഷം ഈ ശിക്ഷാഭയമില്ലായ്മ അസമിലെ പല മുസ്ലിം വിരുദ്ധ കൂട്ടക്കൊലകളിലും പ്രതിഫലിച്ചിട്ടുണ്ട്. ഓരോ തവണയും അക്രമത്തെ ന്യായീകരിക്കാന്‍ ഇരകള്‍ നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാരായി ചിത്രീകരിക്കപ്പെട്ടു. അത്തരത്തിലുള്ള ആക്രമണങ്ങള്‍ ഏറ്റവുമൊടുവില്‍ നടന്നത് 2014 മെയ്യില്‍ ആണ്. മനാസ് നാഷണല്‍ പാര്‍ക്കിനടുത്തുള്ള ഖാഗ്രബരി ഗ്രാമത്തില്‍ അന്ന് കൊല്ലപ്പെട്ടത് 38 പേരായിരുന്നു. മൂന്നുവയസുള്ള കുട്ടിയുള്‍പ്പെടെ 20 കുട്ടികളുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.
ഇത്തരം അക്രമങ്ങളെ പല രീതിയില്‍ നിസാരവത്കരിക്കുന്ന രീതി അസമീസ് സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. മത, ഭാഷാ ന്യൂനപക്ഷങ്ങളിലെ ഏറ്റവും ബലഹീനരെ വേട്ടയാടുക, ആക്രമിക്കുകയെന്ന, അസമീസ് വംശീയവാദികളുടെ കാലാകാലമായ ക്രൂരതക്കെതിരെ നടപടികളെടുക്കാന്‍ കെല്പില്ലാത്തവിധത്തില്‍ തകര്‍ന്നതാണ് നീതി നിര്‍വഹണ വിഭാഗവും സംസ്ഥാന സര്‍ക്കാരീന്റെ കീഴിലുള്ള അതിന്റെ ബഹുശാഖകളും. ഈ “നിയമസാധുതമായ” വേട്ടയാടലിന്റെ ഫലമാണ് ദ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്.
ആസാമില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടും കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തിയുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നയത്തിന് സമാനമാണ്. ഇവിടെ അവമതിപ്പോടെ മിയാകള്‍ എന്ന് വിളിക്കപ്പെടുന്ന ബംഗാളി മുസ്ലീങ്ങളാണ് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത്.
2015 സെപ്റ്റംബര്‍ മുതല്‍ കോക്രജാര്‍ ജില്ലാ ജയിലില്‍ തടങ്കലില്‍ കഴിയുകയാണ് കമലാ ബീഗം എന്ന 50 കാരി. 1964ലെ ഫോറിനേഴ്സ് ഓര്‍ഡറിനു കീഴില്‍ ഫോറിന്‍ ട്രിബ്യൂണല്‍ എന്ന അര്‍ധ ജുഡീഷ്യല്‍ ബോഡി അവരെ വിദേശിയായി പ്രഖ്യാപിക്കുകയായിരുന്നു. ഒമ്പതു മക്കളില്‍ ഏക പെണ്ണാണിയിരുന്നു അവര്‍. പിതാവ് ധാനി മിയ 2003 ല്‍ മരിച്ചു. മാതാവ് സലേമാന്‍ നീസയ്ക്ക് ഇപ്പോള്‍ 80 വയസായി. നിയമപരമായി ആ കുടുംബം മുഴുവന്‍ ഇന്ത്യക്കാരാണ്. പക്ഷേ അവള്‍ മാത്രം….
ജൂണ്‍ ആദ്യവാരത്തിലെ കഠിനമായ ചൂടുള്ള ഒരു ദിവസമാണ്, അവരുടെ സ്വദേശമായ ഡാടിര്‍ബോറിയിലെ വീട്ടില്‍ ചെന്ന് ഞാനവരെ കണ്ടത്. വിളറിയ മുഖവും കുഴിഞ്ഞ കണ്ണുകളും അസ്ഥികൂടം കണക്കെയുള്ള ശരീരവും അവരുടെ ദുരിത ജീവത്തിന്റെ രേഖാചിത്രമായിരുന്നു. അവരെല്ലാം ദിവസക്കൂലിക്കാരാണ്. അറസ്റ്റിലാകുന്നതിനു മുമ്പ് കമലാ ബീഗം ചായക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. അവരുടെ അറസ്റ്റു കഴിഞ്ഞ് ഏതാണ്ട് രണ്ടുമാസക്കാലം ബന്ധുക്കള്‍ക്ക് ആര്‍ക്കും തന്നെ അവരെ കാണാന്‍ കഴിഞ്ഞില്ല. കാരണം അവര്‍ എവിടെയാണെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. കണ്ടെത്തിയപ്പോള്‍ പണമായിരുന്നു പ്രശ്നം. പണം ഉണ്ടാക്കിയപ്പോഴേക്കും ഒരു തവണ മാത്രമേ അവര്‍ക്ക് കമലയെ കാണാനായുള്ളൂ. വീണ്ടും കാണാനുള്ള മനസുറപ്പ് അവര്‍ക്കില്ലായിരുന്നു.
കമലയുടെ ഇളയ സഹോദരന്‍ ഷാഹനൂര്‍ തമിഴ്നാട്ടിലാണ് ജോലി ചെയ്യുന്നത്. സെക്യൂരിറ്റിയായിട്ട്. ജൂണ്‍ ആദ്യം ഈദിന് വീട്ടില്‍ വന്നപ്പോള്‍ അവന്‍ അവരെ കണ്ടിരുന്നു. അവന്‍ നാല് ചെറുമാങ്ങകളും രണ്ട് വെള്ളരിക്കയും കുറച്ചു അടക്കയും ഒരു ബാഗിലാക്കി കൊണ്ടുവന്നിരുന്നു. ജയിലിലെ ചുവന്ന ഗ്രില്ലിന് അപ്പുറവും ഇപ്പുറവും നിന്നുള്ള കൂടിക്കാഴ്ചാ വേളയില്‍ അവന് ഒന്നും പറയാനായില്ല. “ചേച്ചിയെ അവിടെ കണ്ടപ്പോള്‍ എന്താണ് പറയേണ്ടതെന്ന് ഞാന്‍ മറന്നു” -ഷാഹനൂര്‍ പിന്നീട് എന്നോടു പറഞ്ഞു.
അവന്‍ അവര്‍ക്ക് 700 രൂപ നല്‍കി. “പത്തുരൂപയുടെ ബിസ്‌കറ്റ് പാക്കറ്റിനുവരെ അതിനുള്ളില്‍ 50 രൂപയാണ് വില” ഷാനഹൂര്‍ പറയുന്നു. അതിനുള്ളില്‍ ലഭിക്കുന്ന ഭക്ഷണം “നായയ്ക്ക് കൊടുക്കാന്‍ പോലും തികയില്ല”യെന്നാണ് കമലാ ബീഗം അവനോട് പറഞ്ഞത്.
ഏതാണ്ട് 40 വര്‍ഷം മുമ്പ് വിവാഹശേഷം ഡാടിര്‍ബോറിയില്‍ നിന്നും 20 കീലോമീറ്റര്‍ അകലെയുള്ള പാകബേട്ബറിയിലേക്ക് പോയതാണ് കമലാ ബീഗം. കൂലിവേല ചെയ്യുന്ന ഭര്‍ത്താവ് മസാബിര്‍ റഹ്മാന്‍ ദേവന്‍ കടുത്ത ആസ്ത്മാ രോഗിയാണ്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്.
2012 ഫെബ്രുവരിയില്‍ ബാര്‍പേട്ടയിലെ ഫോറിനര്‍ ട്രൈബ്യൂണലില്‍ നിന്നും അവര്‍ക്കൊരു നോട്ടീസ് ലഭിച്ചു. “വിദേശിയായി” പ്രഖ്യാപിക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അത്. എന്തുകൊണ്ട് അവരുടെ പൗരത്വത്തില്‍ സംശയമുന്നയിക്കുന്നുവെന്നതിന് നോട്ടീസില്‍ യാതൊരു വിശദീകരണവുമുണ്ടായിരുന്നില്ല. മൂന്നാഴ്ചയ്ക്കുള്ളില്‍ ട്രൈബ്യൂണലിനു മുമ്പാകെ ആവശ്യമായ രേഖകളുമായി അത് തെളിയിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
ധാനി മിയ തന്റെ പിതാവാണെന്ന് പറയുന്ന 1965 ലെയും 1997 ലെയും വോട്ടര്‍ ലിസ്റ്റ് കമലാ ബീഗം ട്രൈബ്യൂണലിനു മുമ്പാകെ സമര്‍പ്പിച്ചു. എന്നിട്ടും ട്രൈബ്യൂണല്‍ അവരെ, 1971 മാര്‍ച്ച് 25നുശേഷം ആസാമില്‍ പ്രവേശിപ്പിച്ച, വിദേശ പൗരയായി പ്രഖ്യാപിച്ചു. ഓള്‍ ആസാം സ്റ്റുഡന്റ്സ് യൂണിയനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും 1985ല്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം 1971 മാര്‍ച്ച് 25 മുമ്പ് ഇന്ത്യയിലുള്ളവര്‍ക്കേ മാത്രമേ ഇന്ത്യന്‍ പൗരത്വത്തിന് യോഗ്യത ലഭിക്കൂ.
കമലാ ബീഗത്തെ വിദേശിയായി പ്രഖ്യാപിക്കുന്ന വിധിയില്‍ ട്രൈബ്യൂണല്‍ അംഗം അവരുടെ പാരമ്പര്യത്തേയും വിവാഹരേഖയേയും ചോദ്യം ചെയ്യുന്നുണ്ട്. 1965ലെ വോട്ടര്‍ ലിസ്റ്റില്‍ ധാനി മിയയുടെ പിതാവിന്റെ പേര് “അബ്ദുള്‍” എന്നും 1997ലേതില്‍ “ലത്തീഫ് എന്നുമാണ് ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പേരുകള്‍ ഒരേ വ്യക്തിയെ സൂചിപ്പിക്കുന്നതാണെന്നും മുത്തച്ഛന്റെ പേര് അബ്ദുള്‍ ലത്തീഫ് എന്നാണെന്നും വിശദീകരിച്ച് കമലാ ബീഗം ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്തു.
രണ്ടു ലിസ്റ്റിലുമുള്ള ധാനി മിയ അബ്ദുള്‍ ലത്തീഫിന്റെ മകനാണെങ്കില്‍ എന്തുകൊണ്ട് വോട്ടര്‍ലിസ്റ്റിലുള്ള പിതാവിന്റെ പേരിലെ പിഴവ് നികത്താന്‍ ശ്രമിച്ചില്ലെന്നതായിരുന്നു ട്രൈബ്യൂണല്‍ അംഗത്തിന്റെ ചോദ്യം. 1965 മുതല്‍ 50 വര്‍ഷക്കാലയളവിനിടെ എന്തുകൊണ്ട് തെറ്റുതിരുത്താന്‍ ശ്രമിച്ചില്ലെന്ന ചോദ്യത്തിന് കമലാ ബീഗം “മൗനം പാലിച്ചു” എന്നാണ് ട്രൈബ്യൂണല്‍ അംഗം രേഖപ്പെടുത്തിയത്.
1965 ലിസ്റ്റിലാണ് ട്രൈബ്യൂണല്‍ അംഗം അടുത്ത പിഴവ് കണ്ടെത്തിയത്. ആ ലിസ്റ്റില്‍ ധാനി മിയയുടെ പ്രായം 21 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 1997ലെ ലിസ്റ്റില്‍ അത് 53 ആകേണ്ടിടത്ത് 74 ആണ്. പിതാവിന്റെ പ്രായത്തില്‍ ഇത്തരമൊരു വര്‍ധനവുണ്ടായി എന്ന വിഷയത്തിലും കമലാ ബീഗം മൗനം പാലിക്കുകയാണുണ്ടായതെന്നാണ് ട്രൈബ്യൂണല്‍ അംഗം രേഖപ്പെടുത്തിയത്. വിവാഹശേഷം മറ്റൊരു ഗ്രാമത്തില്‍ ജീവിക്കുകയാണ് എന്നതിന് ഗ്രാമത്തലവന്റെ പക്കല്‍ നിന്നുള്ള രേഖ അവര്‍ ഹാജരാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“വോട്ടര്‍ പട്ടികയില്‍ പിതാവിന്റെ പേരിനോടു സാമ്യമുള്ള പേരും വസ്തുതകളും കണ്ടെത്തി അത് ട്രൈബ്യൂണലിനു മുമ്പിലിട്ടാല്‍ ട്രൈബ്യൂണല്‍ അത് പൂര്‍ണമായി വിഴുങ്ങുമെന്ന് കരുതേണ്ട.” എന്നാണ് അംഗം വിധിയില്‍ പറയുന്നത്.
ചോദ്യം ചെയ്യപ്പെട്ട വ്യക്തി നിരക്ഷരയും ദരിദ്രരുമാണ് എന്ന വസ്തുതയൊന്നും ട്രൈബ്യൂണലിനു മുമ്പില്‍ വിഷയമായില്ല. ധാനി മിയയ്ക്ക് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രായം അറിയില്ലായിരിക്കുമെന്നും രണ്ടു സമയത്തും ഏതാണ്ടൊരു പ്രായം പറഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹത്തിന് തോന്നിയില്ല. അല്ലെങ്കില്‍ പേരുവിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ഇലക്ടറല്‍ എന്യൂമറേറ്റര്‍ക്ക് സ്ഥിരമായി പറ്റാവുന്ന പിഴവായിരിക്കുമെന്നും ചിന്തിച്ചില്ല. പകരം അവര്‍ സമര്‍പ്പിച്ച തെളിവിനെ അവിശ്വസിക്കുകയാണ് അദ്ദേഹം ചെയ്തത്.
രണ്ട് പട്ടികയിലുമുള്ള ധാനി മിയ ഒരേ ഗ്രാമത്തിലുള്ള വ്യത്യസ്ത ആളുകളാകാമെന്നും അബ്ദുളും ലത്തീഫും രണ്ടു പേരാകാമെന്നുമുള്ള സാധ്യതയാണ് അദ്ദേഹം പരിഗണിച്ചത്. അല്ലെങ്കില്‍ വോട്ടര്‍ ലിസ്റ്റില്‍ നിന്നും കമലാ ബീഗം ആ പേര് തെരഞ്ഞെടുത്തതാവാമെന്നും വിശ്വസിച്ചു. 1965ലെ ലിസ്റ്റിലുള്ള, ധാനി മിയയുടെയും പിതാവ് അബ്ദുളിന്റെയും വിലാസം- ഹൗസ് നമ്പര്‍ 6, ഡാടിര്‍ബോറി വില്ലേജ് – ഒന്ന് തന്നെയാണെന്നുള്ള കാര്യം അദ്ദേഹം പരിഗണിച്ചില്ല. “കമലാ ബീഗം 1971 മാര്‍ച്ച് 25നുശേഷം അസമിലേക്ക് (ഇന്ത്യയിലേയ്ക്ക്) കുടിയേറിയ വിദേശി”യാണെന്ന് ഭരണകൂടം കണക്കാക്കുന്നതിന് താന്‍ അനുകൂലമാണെന്ന് അദ്ദേഹം എഴുതി.
2013 ജനുവരിയില്‍ സമുദായ നേതാക്കളുടെ സഹായത്തോടെ കമലയുടെ കുടുംബം ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചു. കുറച്ചുകൂടി രേഖകളും അവര്‍ ശേഖരിച്ചിട്ടുണ്ടായിരുന്നു. 1985ലെയും 2010ലെയും വോട്ടര്‍ ലിസ്റ്റുകള്‍, ധായി മിയയുടെ പേരിലുള്ള ഭൂമിയുടെ രേഖകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ധാനി മിയയുടെ പിതാവിന്റെ പൂര്‍ണ്ണമായ പേര് അബ്ദുള്‍ ലത്തീഫ് എന്നാണെന്ന് ആ രേഖകള്‍ ശരിവയ്ക്കുന്നു. കൂടാതെ ഈ രേഖകള്‍ കൈവശം വച്ചിരിക്കുന്നയാള്‍ അതേ ഗ്രാമവാസിയാണെന്ന് തെളിയിക്കുന്ന ഗ്രാമത്തലവന്‍ നല്‍കുന്ന പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു. റിട്ട് ഹര്‍ജിക്ക് കീഴില്‍ പുതിയ തെളിവുകള്‍ പരിഗണിക്കുന്നതിലുള്ള പ്രയാസം ചൂണ്ടിക്കാണിച്ച ഹൈക്കോടതി ജഡ്ജി ബി.ജെ.ശര്‍മ്മയും ചൂണ്ടിക്കാണിച്ചത് ട്രൈബൂണല്‍ അംഗത്തിന്റെ അതേ ആശങ്കകളായിരുന്നു.
“ഇന്ത്യന്‍ പൗരത്വം പോലുള്ള സുപ്രധാന കാര്യങ്ങളില്‍ ഇത്തരത്തിലുള്ള വലിയ വ്യതിയാനങ്ങള്‍ ലഘുവായി അവഗണിക്കരുത്”-അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2015 ആഗസ്തില്‍ ആ ഹര്‍ജി തള്ളിയെങ്കിലും ബീഗം ആ തീരുമാനത്തിന്റെ പ്രാധാന്യം മനസിലാക്കിയിരുന്നില്ല. ഒരു മാസത്തിന് ശേഷം ബാര്‍പേട്ടയിലുള്ള ബോര്‍ഡര്‍ വിങ് പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ പിറ്റേന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അവര്‍ക്ക് സന്ദേശമെത്തി. അവര്‍ പോയി. അവരെ കൃത്യമായും അറസ്റ്റ് ചെയ്ത് കൊക്രാജാര്‍ ജയിലിലടച്ചു. കുടംബത്തിലാരും അപ്പോള്‍ ബീഗത്തിനൊപ്പം ഉണ്ടായിരുന്നില്ല.
അന്നുച്ചയോടെ, ബോര്‍ഡര്‍ പോലീസ് തന്നെ ദൂരെയ്ക്കെവിടേക്കോ കൊണ്ടുപോവുകയാണെന്ന്, കമല ബീഗം തന്റെ പ്രിയപ്പെട്ട സഹോദരന്‍ കൈമുദ്ദീനെ-ജ്യേഷ്ഠന്മാരില്‍ രണ്ടാമത്തെയാള്‍, സ്വന്തമായി അദ്ദേഹത്തിന് സെല്‍ഫോണുണ്ട്- വിളിച്ചു പറഞ്ഞു. എവിടേയ്ക്കാണ് എന്ന കാര്യം അവര്‍ക്കൊരു പിടിയുമുണ്ടായിരുന്നില്ല. ആ ദിവസമോര്‍മ്മിച്ചപ്പോള്‍ കൈമുദ്ദീന്റെ തൊണ്ടയിടറി. തലയൊന്ന് വെട്ടിച്ച് അദ്ദേഹം കണ്ണീരടക്കി. എന്നാല്‍, അടുത്തു തന്നെ ഇരുന്നിരുന്ന, മൂത്ത ജ്യേഷ്ഠന്‍ സാഹേബുദ്ദീന് പിടിച്ച് നില്‍ക്കാനായില്ല.
അവരുടെ ഉമ്മ, സലേമാന്‍ നീസ ഒരുമണിക്കൂറിലേറെയായി ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് നിശബ്ദയായി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അസമില്‍ പൗരത്വം തെളിയിരുന്നതിനുള്ള ഏറ്റവും പഴയ രേഖയായ 1951 ലെ ദേശീയ പൗര രജിസ്റ്ററില്‍ പേരുള്ളയാളാണ് സലേമാന്‍ നീസ. മുറിവേറ്റത് പോലെ അവരെന്നെ സൂക്ഷിച്ച് നോക്കി, പിന്നെ പറയാന്‍ ആരംഭിച്ചു. “എന്തു തരം സര്‍ക്കാരാണിത്, ഇവരൊന്നും അമ്മയ്ക്ക് പിറന്നവരല്ലേ? അവര്‍ക്ക് ഹൃദയമില്ലേ? അവള്‍ ജീവിക്കാനായി എല്ലുമുറിയെ ജോലി ചെയ്യുകയായിരുന്നു. അവളെ എങ്ങനെയാണ് അവര്‍ക്ക് ജയിലിടാന്‍ പറ്റുക? കൊന്നുകളയുന്നതായിരുന്നു ഭേദം!” പിന്നെയവര്‍ നിശബ്ദം കൂട്ടിച്ചേര്‍ത്തു-“”എങ്ങനെയാണ് ഒരു മനുഷ്യനെ ഇരുമ്പ് കൂടിനകത്ത് അടച്ചിടാന്‍ ആവുക??””