| Wednesday, 12th February 2020, 8:13 am

അസം പൗരത്വ പട്ടികയിലെ നിര്‍ണായക വിവരങ്ങള്‍ കാണാനില്ല; ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷനെ പഴിച്ച് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസം ദേശീയ പൗരത്വ പട്ടികയില്‍നിന്നും രേഖകള്‍ അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ട്. ആരെയൊക്കെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ആരെല്ലാം പുറത്തായി എന്ന് വ്യക്തമാക്കുന്ന രേഖകളിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. എന്‍.ആര്‍.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നാണ് വിവരങ്ങള്‍ കാണാതായിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീംകോടതി വിധിയെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ അന്തിമ പട്ടിക തയ്യാറാക്കിയിരുന്നത്.

ഓണ്‍ലൈന്‍ വിവരങ്ങള്‍ അപ്രത്യക്ഷമായത് വ്യക്തമാക്കി അസം പ്രതിപക്ഷനേതാവ് ദേബബ്രത സൈകിയ സെന്‍സസ് കമ്മീണര്‍ക്ക് കത്ത് നല്‍കി. ‘എന്‍.ആര്‍.സി അതോറിറ്റിയുടെ ഉദാസീനമായ മനോഭാവം കാരണമാണ് വിവരങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നത്. ഇതുവരെ ലിസ്റ്റ് പ്രകാരമുള്ള പ്രക്രിയകള്‍ ആരംഭിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വിവരങ്ങള്‍ അപ്രത്യക്ഷമായത് വഞ്ചനാപരമായ കുറ്റവും പ്രഥമദൃഷ്ട്യാ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണ്’, സൈകിയ കത്തില്‍ പറയുന്നു.

വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ക്ലൗഡ് സ്‌റ്റോറേജിലായിരുന്നു പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നതെന്നും വിപ്രോ സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇത്തരം സംഭവമുണ്ടായതിന് പിന്നിലെന്നുമാണ് എന്‍.ആര്‍.സി ഔദ്യോഗിക വൃത്തങ്ങളുടെ വാദം.

അസം എന്‍.ആര്‍.സി കോഡിനേറ്റര്‍ പ്രതീക് ഹജേല സ്ഥലം മാറിപ്പോയതിന് ശേഷം പുതിയ കോഡിനേറ്ററെ നിയമിച്ചിട്ടില്ല. ഇതാണ് സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാതിരുന്നതിന് കാരണമായി അധികൃതര്‍ പറയുന്നത്. പുതിയ കോഡിനേറ്ററെ നിയമിച്ചാലുടന്‍ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാന്‍ കഴിയുമെന്നും അത് വളരെപെട്ടന്നുതന്നെ ഉണ്ടാകുമെന്നുമാണ് വിശദീകരണം.

We use cookies to give you the best possible experience. Learn more