മോദിയും അമിത് ഷായും ഉള്ളിടത്തോളം കാലം ഒരു തീരുമാനവും അന്തിമമല്ല; പട്ടികയില്‍ കയറിക്കൂടിയ 'വിദേശികള്‍' ആഘോഷിക്കേണ്ട: അസം മന്ത്രി
India
മോദിയും അമിത് ഷായും ഉള്ളിടത്തോളം കാലം ഒരു തീരുമാനവും അന്തിമമല്ല; പട്ടികയില്‍ കയറിക്കൂടിയ 'വിദേശികള്‍' ആഘോഷിക്കേണ്ട: അസം മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 1:24 pm

ന്യൂദല്‍ഹി: ദേശീയ പൗരത്വ പട്ടിക അന്തിമമല്ലെന്ന് അസം മന്ത്രി ഹിമാനന്ദ ബിശ്വ ശര്‍മ. പട്ടികയില്‍ നിന്ന് പുറത്തായ ‘യഥാര്‍ത്ഥ ഇന്ത്യക്കാര്‍’ വിഷമിക്കരുതെന്നും അതുപോലെ പട്ടികയില്‍ ഉള്‍പ്പെട്ട ‘വിദേശികള്‍’ ആഘോഷിക്കേണ്ടെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. നരേന്ദ്രമോദിയും അമിത് ഷായും ഉള്ളിടത്തോളം കാലം ഒരു തീരുമാനവും അന്തിമമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” യഥാര്‍ത്ഥ ഇന്ത്യക്കാര്‍ ആയിരുന്നിട്ടും അന്തിമ പട്ടികയില്‍ നിന്ന് പുറത്തായവര്‍ ഒരു കാരണവശാലും വിഷമിക്കരുത്. പേടിക്കരുത്. അതുപോലെ വിദേശികളായിട്ടും പട്ടികയില്‍ കയറിക്കൂടിവര്‍ ആഘോഷിക്കുകയും വേണ്ട

നരേന്ദ്രമോദിയും അമിത് ഷായും ഇവിടെ ഉള്ളിടത്തോളം കാലം ഒരു തീരുമാനവും അന്തിമമായിരിക്കില്ല. അക്കാര്യം ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുകയാണ്. വിദേശികളുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും യഥാര്‍ത്ഥ ഇന്ത്യക്കാരുടെ പേര് ഉള്‍പ്പെടുത്തുകയും ചെയ്യുന്നതുവരെ ആരും ഒരു അവസാനവാക്ക് ഇവിടെ പറയരുത്. – അദ്ദേഹം പറഞ്ഞു.

അസം പൗരത്വ പട്ടിക പുറത്തിറയങ്ങിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ വെട്ടിലായത് ബി.ജെ.പിയായിരുന്നു. പൗരത്വം തെളിയിക്കാനാവാതെ വന്നവരില്‍ ബംഗാളി ഹിന്ദുക്കളാണ് വലിയ വിഭാഗമെന്നതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ഇതോടെ ദേശീയ പൗരത്വ പട്ടികക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബി.ജെ.പി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിമാനന്ദ ബിശ്വ ശര്‍മ തന്നെ പൗരത്വ പട്ടികക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പട്ടികയില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 20 ശതമാനവും മധ്യ അസമിലെ 10 ശതമാനവും പുനഃപരിശോധിക്കണമെന്നാണ് ബി.ജെ.പി ആവശ്യം. നിരവധി യഥാര്‍ഥ ഇന്ത്യക്കാര്‍ പട്ടികക്ക് പുറത്തായി. അങ്ങനെയൊരു സാഹചര്യത്തില്‍ ഈ പട്ടിക ശരിയാണെന്ന് എങ്ങനെ പറയാനാകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.