മുംബൈ: ദേശീയ പൗരത്വപ്പട്ടിക രാജ്യത്തൊട്ടാകെ കൊണ്ടുവരണമെന്ന് ബി.ജെ.പിഎം.എല്‍.എ രാജ് പുരോഹിത്. ധാരാളം ബംഗ്ലാദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് മുംബൈയെന്നും, അതിനാല്‍ മുംബൈയില്‍ എന്‍.ആര്‍.സി കൊണ്ടുവരേണ്ടത് അത്യാവശ്യമാമെന്നുമാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പിയായ പുരോഹിതിന്റെ വാദം.
“പൗരത്വപ്പട്ടിക ഇവിടെയും കൊണ്ടുവന്ന് മുംബൈയിലും കൊളാബയിലും താമസിക്കുന്ന ബംഗ്ലാദേശികളെ തിരിച്ചറിഞ്ഞ് കണക്കെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ മുംബൈ ജില്ലാ കലക്ടര്‍, എ.സി.എസ് ഹോം, സി.പി മുംബൈ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവര്‍ക്ക് എഴുതിയിട്ടുണ്ട്.” പുരോഹിത് മാധ്യമങ്ങളോടു പറഞ്ഞു.
മുംബൈ നഗരത്തില്‍ താമസിക്കുന്ന ബംഗ്ലാദേശികള്‍ നഗരത്തിലെ വിഭവ ലഭ്യത കുറയുന്നതിന് കാരണമാകുന്നുണ്ടെന്നും, അതിനാല്‍ പ്രദേശത്തുള്ള “അനധികൃത” ബംഗ്ലാദേശികളെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നേരത്തേ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടിരുന്നു.
“ആസാമില്‍ നാല്‍പതു ലക്ഷത്തിലധികം പേര്‍ അനധികൃതമായി കുടിയേറിപ്പാര്‍ത്തവരാണെന്നു തെളിഞ്ഞിട്ടുണ്ട്. രാജ് താക്കറെ വര്‍ഷങ്ങളോളം പറഞ്ഞുകൊണ്ടിരുന്ന വിഷയമാണിത്.” സേനയുടെ നേതാക്കളിലൊരാളായ ബാല നന്ദ്ഗവോങ്കര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
“രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുംബൈയിലെത്തി സ്ഥിരതാമസമാക്കുന്നുണ്ട്. അവരില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും ഉള്‍പ്പെടുന്നു. വിഭവങ്ങളുടെ ലഭ്യതയെ ഇത് ബാധിക്കുന്നുണ്ടെന്നു മാത്രമല്ല, നഗരത്തിലെ നീതിന്യായ വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.” പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
ആസാം ജനതയില്‍ നിന്നും നാല്‍പതു ലക്ഷം പേരെ പുറന്തള്ളിക്കൊണ്ടുള്ള പൗരത്വപ്പട്ടിക പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒന്നടങ്കം എതിര്‍ത്തിരുന്നു. മമത ബാനര്‍ജിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള പ്രതിപക്ഷനേതാക്കളെല്ലാം ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്.