മുംബൈയിലെ പ്രസിദ്ധമായൊരു കോളെജിലെ കുറച്ച് മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഈയടുത്ത ദിവസം അവരുടെ സോഷ്യോളജി പ്രൊഫസറെ സമീപിച്ചു. കടുത്ത അസ്വസ്ഥതയും ഉത്കണ്ഠയും അവരുടെ മുഖത്ത് പ്രകടമായിരുന്നു. ‘എങ്ങനെയാണ് ഞങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടത്’ എന്നവര്‍ പ്രൊഫസറോട് ചോദിച്ചു.
മുസ്ലിമല്ലാത്ത, ആ വനിതാ പ്രൊഫസര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. പഠനത്തിലേക്കും പരീക്ഷയിലേക്കും ശ്രദ്ധ തിരിക്കാനും ഈ രേഖകളെക്കുറിച്ചും മറ്റും ആശങ്കപ്പെടാതിരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു അവരെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ആശ്വാസവാക്കുകളൊന്നും അവരുടെ ഉള്ളിലെ നീറ്റല്‍ ശമിപ്പിക്കാന്‍ പോന്നതായിരുന്നില്ല. തങ്ങളുടെ മാതാപിതാക്കള്‍ക്കും അപ്പനപ്പൂപ്പന്മാര്‍ക്കും അവരുടെ ഇന്ത്യന്‍ ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകള്‍ എവിടെ നിന്ന് കിട്ടും എന്നവര്‍ വ്യാകുലപ്പെട്ടു.
പ്രൊഫസര്‍ തുടര്‍ന്ന് വിശദീകരിച്ച് പറഞ്ഞു, ‘ആ രേഖകളെക്കുറിച്ചും രാജ്യത്താകമാനം ബാധിച്ചിരിക്കുന്ന ഭയാവസ്ഥയെക്കുറിച്ചും നിങ്ങള്‍ ആലോചിച്ച് വിഷമിക്കേണ്ട. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നോക്കൂ, ഈ സര്‍ട്ടിഫിക്കറ്റുകളൊന്നും എനിക്കുമില്ല. ഇവിടെയാണ് ജനിച്ചു വളര്‍ന്നത്. നമ്മളൊക്കെ ഇന്ത്യക്കാരാണെന്ന യാഥാര്‍ഥ്യം ഭൂമിയിലെ ഒരു ശക്തിക്കും നിഷേധിക്കാനാവില്ല. ഇതിനപ്പുറം എന്റെ അമ്മയ്ക്കുപോലും അവരുടെ ഇന്ത്യന്‍ ഐഡന്റിറ്റി തെളിയിക്കാന്‍ മറ്റ് രേഖകളൊന്നുമില്ല’.
മുംബൈയിലെ പ്രമുഖ കോളെജില്‍ പഠിക്കുന്ന, വിദ്യാഭ്യാസം നേടിയ, മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയുള്ള മധ്യവര്‍ഗ കുടുംബങ്ങളില്‍നിന്നുള്ളവരുടെ അവസ്ഥ ഇതാണെങ്കില്‍, അരികുവല്‍ക്കരിക്കപ്പെട്ട, ശബ്ദമില്ലാത്ത, അതി വിദൂര ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കഴിയുന്ന ആദിവാസികളുടെയും ചെറു ഗ്രാമങ്ങളിലും ചേരികളിലും കഴിയുന്നവരുടെയും മാനസകാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഹിറ്റ്ലര്‍ ജര്‍മനിയില്‍ ജൂതന്മാര്‍ക്കെതിരെയും, സെര്‍ബിയയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെയും ഇസ്രയേലികള്‍ അധിനിവേശ പലസ്തീനിലും നടപ്പിലാക്കിയ വെറുപ്പിന്റെയും വര്‍ഗീയതയുടെയും വംശീയതയുടെയും ഇത്തരം പുനരാവിഷ്‌കാരങ്ങള്‍ തന്നെയാവും ബി.ജെ.പി 2024ല്‍ തുറുപ്പുചീട്ടാക്കുക എന്നത് നിശ്ചയം.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതല്‍ കശ്മീരിലെ മുസ്‌ലിം ജനതയ്ക്കുമേല്‍ പലതരത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന അധിനിവേശവും ഉപരോധവും അവര്‍ ഇന്ത്യ മുഴുവനും പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്ന വെറുപ്പിന്റെ മാതൃകയാണ്. കൂടാതെ, ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി), പൗരത്വ(ഭേദഗതി) ബില്‍ (സി.എ.ബി) എന്നിവ ബി.ജെ.പിക്കും ആര്‍.എസ്.എസിനും മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് തടങ്കല്‍ പാളയങ്ങളിലേക്കും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കും അയക്കാനുള്ള നീക്കത്തിലേക്കുള്ള വഴിവെട്ടലാണ്. ഇപ്പോള്‍തന്നെ ‘രണ്ടാംതര പൗരന്മാര്‍’ എന്ന് മുദ്രകുത്തപ്പെട്ട മുസ്ലിങ്ങളെ മാത്രം!
2002ല്‍ ഗുജറാത്തില്‍ നിരപരാധികളായ മുസ്ലിങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗുജറാത്തില്‍ ക്രൂരമായി വംശഹത്യക്കിരയാക്കിയ ശേഷം മുതല്‍ക്കു തന്നെ സംഘപരിവാര്‍ തുടരുന്ന മുസ്‌ലിം വിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന നെറികേടിന്റെ പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണിത്.
സ്വാതന്ത്ര്യ സമരത്തിന്റെ പരിസരത്തുപോലും ഉണ്ടായിരുന്നില്ലെങ്കില്‍ക്കൂടിയും, ഇതേ വംശീയോന്മൂലന സ്വപ്നം തന്നെയാണ് ആര്‍.എസ്.എസ്സും കണ്ടിരുന്നത്.
എന്നിരുന്നാലും, ഒരു സമുദായം പേടിയിലും സാമൂഹികാരക്ഷിതാവസ്ഥയിലുമാണെങ്കില്‍ അത് സമൂഹത്തെയാകമാനം ബുദ്ധിമുട്ടിലാക്കുകയും ആശങ്കയുടെ വക്കിലെത്തിക്കുകയും ചെയ്യുമെന്നുറപ്പാണ്. അസമിലെ എന്‍.ആര്‍.സി പട്ടിക തയ്യാറാക്കിയ സമയത്ത് നമ്മളത് നേരിട്ട് കണ്ടതാണ്.
അന്ന് അസമിലും പശ്ചിമ ബംഗാളിന്റെ അതിര്‍ത്തികളിലും ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആ മാസ് ഫോബിയ ഞാന്‍ കണ്‍മുന്നില്‍ അനുഭവിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ അവരുടെ പൗരത്വം തെളിയിക്കുന്ന രേഖകളുമായി തലങ്ങും വിലങ്ങും പരക്കം പായുകയായിരുന്നു. അവരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ടായിരുന്നു, തദ്ദേശീയരും പുരാതന സമുദായങ്ങളായ രാജ്ബൊങ്കികളും ആദിവാസികളുമുണ്ടായിരുന്നു.
അവിടെ, 70 വയസുള്ള ഒരു മുസ്ലിം സ്ത്രീ വിദേശിയെന്ന് മുദ്രകുത്തി ഡി വോട്ടര്‍ (സംശയാസ്പദ വോട്ടര്‍) ആയി പ്രഖ്യാപിക്കപ്പെട്ട് ജയിലിലാവുകയുമാണ്. അതേസമയം, അവരുടെ ഭര്‍ത്താവും ആണ്‍മക്കളും ഇന്ത്യക്കാരായി തുടരുന്നു.
ഒരു ദരിദ്ര കുടുംബത്തിലെ മുസ്‌ലിം ഭര്‍ത്താവിനെ വിദേശിയെന്ന് വിളിച്ച് ഇരുമ്പഴിക്കുള്ളിലാക്കുന്നു. മറുവശത്ത് അദ്ദേഹത്തിന്റെ സഹോദരനാവട്ടെ ഇന്ത്യന്‍ പൗരനായി തുടരുകയും ചെയ്യുന്നു. അടുപ്പെരിഞ്ഞിട്ട് ദിവസങ്ങളായ ആ കുടിലുകളിലെ പെണ്‍കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കുറഞ്ഞ കൂലിയില്‍ പലതരം ജോലികള്‍ ചെയ്യേണ്ടി വരുന്നു.
60 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു ഹിന്ദു രാജ്ബൊങ്കി സ്ത്രീയെ പോലീസ് പിടികൂടി, അതേസമയം, അവരുടെ ഭര്‍ത്താവിനെ ഇന്ത്യന്‍ പൗരനായി പ്രഖ്യാപിച്ചു. ഇത്തരം കേസുകള്‍ അസമില്‍ വ്യാപകമായി കൂടി വരികയാണ്.
നിരവധി അസം സ്ത്രീകള്‍ക്ക് ജീവിതംതന്നെ കൈവിട്ടുപോവുകയാണ്, പ്രത്യേകിച്ചും ദരിദ്രരും നിരക്ഷരരുമായ സ്ത്രീകള്‍ക്ക്. രേഖകള്‍ പൊതുവായി സംരക്ഷിക്കെപ്പടുകയോ ശേഖരിക്കുകയോ ചെയ്യാത്തതും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമോ ജനന സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തതുമായ ഒരു ഗ്രാമീണ സമൂഹത്തില്‍, അവര്‍ എങ്ങനെ തങ്ങളുടെ പൗരത്വം തെളിയിക്കാനാണ്?
മാസങ്ങള്‍ ജയിലില്‍ കിടന്ന ഗര്‍ഭിണിയായ ഒരു യുവതിയെ ഞാന്‍ കണ്ടു. സുപ്രീം കോടതിയുടെ ഇടപെടലിന് ശേഷം മാത്രമാണ് അവള്‍ മോചിപ്പിക്കപ്പെട്ടത്. വാക്കുകളില്‍ വിവരിക്കാനാവാത്തത്ര അവള്‍ കഷ്ടപ്പെട്ടു. വാസ്തവത്തില്‍, അസമിലെ ആയിരക്കണക്കിന് സ്ത്രീകള്‍, പ്രത്യേകിച്ച് വിദൂര ഗ്രാമങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ടവരും വിദ്യാഭ്യാസമില്ലാത്തവരുമായ സ്ത്രീകള്‍, ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നുണ്ട്.
ഗ്രാമത്തിലെ പോസ്റ്റ് മാസ്റ്റര്‍ക്കും അയല്‍ക്കാര്‍ക്കും ഗ്രാമമുഖ്യനുമൊക്കെ അവരെ അറിയാം. പക്ഷേ സ്വാതന്ത്ര്യത്തിനു മുമ്പോ ശേഷമോ ഉള്ള ഇന്ത്യയില്‍, 1951 ന് ശേഷം, ആ ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്നതാണെന്നു തെളിയിക്കാനുള്ള രേഖകള്‍ അവര്‍ക്ക് എവിടെ നിന്ന് ലഭിക്കും?
അല്ലെങ്കില്‍, ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും (എ.എസ്.യു) അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഒപ്പുവെച്ച കരാര്‍ പ്രകാര മുള്ളതും സുപ്രീം കോടതി നടപടികളില്‍ മുഖവിലക്കെടുക്കുന്നതുമായ 1971 ഓഗസ്റ്റ് 24 ന് മുന്‍പ് തന്നെ താമസമാക്കിയിരുന്നു എന്ന് എങ്ങനെ തെളിയിക്കും?
വര്‍ഷാവര്‍ഷം ബ്രഹ്മപുത്ര നിറഞ്ഞുകവിഞ്ഞ് അസമില്‍ കൊടിയ നാശമാണുണ്ടാക്കുന്നത്. ബ്രഹ്മപുത്ര ഗതിമാറിയൊഴുകുകയും കൃഷിഭൂമിയും വനപ്രദേശങ്ങളും പാലങ്ങളും ഗ്രാമങ്ങളും വെള്ളത്തില്‍ മുങ്ങുകയും ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശമാകെ ഇല്ലാതാവുകയും ചെയ്യാറുണ്ട്. അ്‌പ്പോഴൊക്കെ ഗ്രാമീണര്‍ താല്‍ക്കാലിക സുരക്ഷാ കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കോ മാറുകയാണ് പതിവ്.
മിക്കപ്പോഴും അവരുടെ ശേഖരങ്ങള്‍ക്കൊപ്പം രേഖകളും വെള്ളമെടുക്കും. വെള്ളത്തിലൊഴുകിപ്പോയ ആ രേഖകളില്‍നിന്ന് അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ എങ്ങനെ അവര്‍ക്ക് കിട്ടും?
പതിനായിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെ തന്നെ ദുരിതക്കയത്തിലേക്കെറിഞ്ഞ ഒരു ബുറോക്രാറ്റിക് ദുരന്തമായി അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന എന്‍.ആര്‍.സി പദ്ധതി മാറിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
അവരില്‍ പലരും അങ്ങേയറ്റം മോശം അവസ്ഥയില്‍ ജയിലിലേക്കും തടങ്കല്‍ കേന്ദ്രങ്ങളിലേക്കും തള്ളിയിടപ്പെട്ടു. ചിലര്‍ വിഷാദ രോഗികളായി, മറ്റുചിലര്‍ മാനസികമായും വൈകാരികമായും തകര്‍ന്നു, പലര്‍ക്കും ജീവന്‍ തന്നെ നഷ്ടപ്പെട്ടു.
ഈ എന്‍.ആര്‍.സി പ്രക്രിയയുടെ കോഡിനേറ്ററായിരുന്ന ഉന്നത ഉദ്യോഗസ്ഥന്‍ പ്രതീക് ഹജേലയെ സുപ്രീം കോടതി അദ്ദേഹത്തിന്റെ ഹോം കേഡറായ ഭോപ്പാലിലേക്ക് സ്ഥലം മാറ്റി കൊടുത്തു. ഇദ്ദേഹം ബി.ജെ.പി അനുഭാവിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഹലേജയും അവധിയില്‍ പ്രവേശിച്ചു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ വിധി ഉള്‍പ്പടെ ഭരണകക്ഷിയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി പ്രഖ്യാപനത്തിന് ശേഷം ഗോഗോയിയും വിരമിച്ചു.
ഭൂരിഭാഗം ഹിന്ദുക്കളും ഗോര്‍ഖകളും ബംഗാളി ഹിന്ദുക്കളും ബോറോകളും മറ്റ് ആദിവാസികളും രാജ്ബോങ്ഷികളുമായ 19 ലക്ഷത്തോപേര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് അന്തിമ എന്‍.ആര്‍.സി പട്ടിക പ്രഖ്യാപിച്ചു.
ആശങ്കയുണ്ടാക്കുന്ന വിധം ജനരോഷം ഇരമ്പുന്നത് കണ്ടതോടെ, തങ്ങളുടെ വിദ്വേഷ രാഷ്ട്രീയം കറങ്ങിത്തിരിഞ്ഞു തങ്ങളുടെ നേര്‍ക്കു തന്നെ വരുന്നതു കണ്ടപ്പോള്‍ മാത്രമാണ് ബി.ജെ.പിയും ആര്‍.എസ്.എസും എന്‍.ആര്‍.സിയെ പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത്.
ഇതൊരു പ്രകടമായ വൈരുദ്ധ്യമാണ്. മുസ്‌ലിങ്ങളെ ചിതലുകളെന്നും നിയമ വിരുദ്ധ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ച് അമിത് ഷായും ബി.ജെ.പിയും എന്‍.ആര്‍.സിയെ ആവര്‍ത്തിച്ച് സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയുമാണ്.
വാസതവത്തില്‍, ഈ ചിതല്‍ പ്രയോഗം രാജ്യമെമ്പാടും ഉപയോഗിക്കാവുന്ന ഒരു ക്ലീഷേയാക്കി അമിത് ഷാ മാറ്റി. എന്നിരുന്നാലും, ആയിരക്കണക്കിന് അമുസ്‌ലിങ്ങളും ആദിവാസികളും ഹിന്ദുക്കളും ഇപ്പോള്‍ എന്‍.ആര്‍.സിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനാല്‍, ഉപമയെ ഇനി എന്തുചെയ്യണമെന്നോ വിദ്വേഷ രാഷ്ട്രീയ പ്രചരണത്തിനായി ഇനി അതെങ്ങനെ ഉപയോഗിക്കണമെന്നോ അദ്ദേഹത്തിന് യാതൊരു ധാരണയുമില്ല.
ഇത്തരത്തിലുള്ള ഉപമകള്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളത് ജര്‍മനിയില് ജൂതന്മാരെ കീടമെന്നും പകര്‍ച്ച വ്യാധിയെന്നും വിളിച്ചപ്പോഴാണ്. അമേരിക്കന്‍ സൈന്യത്തിന്റെ രക്തരൂക്ഷിതമായ കൂട്ടക്കൊലകള്‍ക്കെതിരെ പോരാടുമ്പോള്‍ വിയറ്റ്നാമീസ് ജനതയും അതിന്റെ ഗറില്ല സൈന്യവും സമാനമായി മുദ്രകുത്തപ്പെട്ടു. കീടം എന്നതുകൊണ്ട് സമൂഹത്തിന്റെ ശത്രു എന്നായിരുന്നു അവരന്ന് അര്‍ത്ഥമാക്കിയിരുന്നത്.
ഉള്ളില്‍ നിന്നും കാര്‍ന്നു തിന്ന് നശിപ്പിക്കുന്ന കീടങ്ങളെ ചതച്ചരച്ചും, മരുന്ന് തളിച്ചും കൊന്നൊടുക്കണം. ഇവിടെ ഒരേയൊരു പ്രശ്‌നമേയുള്ളു, ഈ കീടങ്ങള്‍ വര്‍ഗീയതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും ആചാര്യന്മാര്‍ യാതൊരു കാരണവുമില്ലാതെ ശത്രുക്കളായി പ്രഖ്യാപിച്ച വലിയ വലിയ സമുദായങ്ങളും ജനക്കൂട്ടങ്ങളുമാണ്.
എന്‍.ആര്‍.സി ബൂമറാങ് പോലെ തിരിച്ചടിച്ചതിനാല്‍ അവസരത്തിനൊത്ത് ഭേദഗതി വരുത്തി സി.എ.ബി തള്ളിക്കയറ്റാനാണ് അവരുടെ ശ്രമം. അങ്ങനെയെങ്കിലും അസം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തങ്ങളുടെ കൈവശമുള്ള ആദിവാസികളെയും മറ്റുള്ളവരെയും അവര്‍ക്ക് പ്രീണിപ്പിച്ചേ മതിയാവൂ.
എങ്ങനെയാണ് ഹിന്ദുക്കളും സിഖുകാരുമൊന്നുമാകാതെ മുസ്ലിങ്ങള്‍ മാത്രം ‘നുഴഞ്ഞുകയറ്റ’ക്കാരാകുന്നത്? എങ്ങനെയാണ് വിദേശികളായ ബുദ്ധിസ്റ്റുകളും പാര്‍സികളും വളരെപെട്ടന്നുതന്നെ ഇന്ത്യന്‍ പൗരന്മാരാകുന്നത്? എന്തുകൊണ്ടാണ് ‘നിയമംലംഘിച്ച’ നുഴഞ്ഞുകയറ്റക്കാരെന്ന് അവരെ വിശേഷിപ്പിക്കാത്തത്?
അടിച്ചമര്‍ത്തപ്പെട്ട മറ്റ് ന്യൂനപക്ഷങ്ങളുടെ അവസ്ഥയെന്താണ്? അഹമദിയകള്‍, പാകിസ്താനിലെ സൂഫികളും ഷിയാക്കളും, ബര്‍മയിലെ റോഹിങ്ക്യകള്‍, ശ്രീലങ്കയിലെ തമിഴരും മുസ്‌ലിങ്ങളും, ഇന്ത്യയിലെ ആയിരക്കണക്കിന് തമിഴ് അഭയാര്‍ത്ഥികള്‍? ഇവരുടെയൊക്കെ അവസ്ഥയെന്താണ്?
മറ്റ് മതത്തില്‍പെട്ട അഭയാര്‍ത്ഥികളെ ഇന്ത്യ പൗരന്മാരായി സ്വീകരിക്കുന്നുണ്ടല്ലോ. എന്തുകൊണ്ട് മുസ്‌ലിങ്ങളെ സ്വീകരിച്ചുകൂടാ? അഹമദിയകളെ, തമിഴരെ?
അപ്പോള്‍ ആരാണ് ചിതലുകള്‍, ആരാണ് ഇന്ത്യന്‍ പൗരന്മാര്‍?
അതിനിടെ, പൗരത്വഭേദഗതി ബില്ലിനെ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പോക്ക് എന്നാണ് ഫെഡറല്‍ യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം വിശേഷിപ്പിച്ചത്. ലോക്സഭയിലും രാജ്യസഭയിലും ബില്ല് പാസാക്കിയാല്‍ അമിത് ഷായ്ക്കും മറ്റ് മുഖ്യ നേതാക്കള്‍ക്കും മേല്‍ യു.എസ് ഉപരോധമേര്‍പ്പെടുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘മതം മാനദണ്ഡമാക്കി അമിത് ഷാ ലോക്സഭയില്‍ ബില്ല് പാസ്സാക്കിയെടുത്തതില്‍ യു.എസ്.സി.ഐ.ആര്‍.എഫ് അത്യന്തം അസ്വസ്ഥരാണ്. തെറ്റായ വഴിയിലേക്കുള്ള അപകടകരമായ പോക്കാണ് പൗരത്വ ഭേദഗതി ബില്‍. വിശ്വാസത്തിനപ്പുറം തുല്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും ശ്രേഷ്ഠമായ മതേതര ബഹുസ്വര ചരിത്രത്തിനും എതിരാണത്’, യു.എസ്.സി.ഐ.ആര്‍.എഫ് പറയുന്നു.
മതത്തിനും പദവിക്കും ജാതിക്കും വിശ്വാസത്തിനുമപ്പുറം നിയമപരമായി എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ കടുത്ത ലംഘനമാണിതെന്ന് സംശയമില്ലാത്ത കാര്യമാണ്. പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി കേശവാനന്ദ് ഭാരതി കേസ് പരിഗണിക്കവെ ശരിവെച്ചിരുന്നു.
ഇത് അമിത് ഷായ്ക്കും അദ്ദേഹത്തിന്റെ ‘ബിഗ് ബ്രദറിനും’ വ്യക്തമായി അറിയാം. പൗരത്വ ഭേദഗതി ബില്‍ കോടതിയില്‍ എതിര്‍ക്കപ്പെടുമെന്നും അവര്‍ക്കറിയാം. എന്നിട്ടുമവര്‍ വികാര തീവ്രരായി തുടരുകയാണോ? എന്തുകൊണ്ട്?
കാരണം, ഇതവര്‍ക്ക് 2024ലേക്കുള്ള തുറുപ്പുചീട്ടാണ്. സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ കനത്ത പരാജയമായ അവര്‍ക്ക് മുഖം മിനുക്കാന്‍ ആകെയുള്ള പിടിവള്ളിയാണിത്. കാരണം, അവര്‍ക്ക് വെറുപ്പിന്റെ രാഷ്ട്രീയവും സാമൂഹിക ധ്രുവീകരണവും വര്‍ഗീയ വിഭജനവും പാകിസ്താന്‍ ആക്രമണവും മാത്രമേ വശമുള്ളു. വംശീയത പറഞ്ഞു വോട്ടു നേടാം എന്നാണവര്‍ പദ്ധതിയിടുന്നത്.
ഈ ബില്ലും അതിന്മേലുള്ള സംഘടിത വര്‍ഗീയോന്മാദവും ഇന്ത്യയുടെ വൈവിധ്യങ്ങളെയും മതേതര സങ്കല്പങ്ങളെയും തച്ചുടച്ചു നാശമാക്കന്‍ മാത്രമാണ് ഹേതുവാകുക. അതുവഴി ഭയവും അരക്ഷിതാവസ്ഥയായും കൊടികുത്തി വാഴുന്ന, കലാപം തെരുവ് തകര്‍ക്കുന്ന, ഒരു ‘ഹിന്ദുരാഷ്ര’ നിര്‍മിതിക്കും.
തീര്‍ച്ചയായും, ഇന്ത്യ, ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം, ഇതല്ല അര്‍ഹിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ