'എന്‍.ആര്‍.സിയും എന്‍.പി.ആറും പാവപ്പെട്ടവര്‍ക്കു മേലുള്ള നികുതിയാണ്'; കേന്ദ്രത്തിനെതിരെ വീണ്ടും രാഹുല്‍
NRC
'എന്‍.ആര്‍.സിയും എന്‍.പി.ആറും പാവപ്പെട്ടവര്‍ക്കു മേലുള്ള നികുതിയാണ്'; കേന്ദ്രത്തിനെതിരെ വീണ്ടും രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th December 2019, 1:13 pm

ന്യൂദല്‍ഹി: എന്‍.ആര്‍.സിയും എന്‍.പി.ആറും പാവപ്പെട്ടവര്‍ക്കു മേലുള്ള നികുതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢിലെ റായ്പുരില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘എന്‍.ആര്‍.സിയാണെങ്കിലും എന്‍.പി.ആറാണെങ്കിലും അതു പാവപ്പെട്ടവര്‍ക്കു മേലുള്ള നികുതിയാണ്. നോട്ടുനിരോധനം പാവപ്പെട്ടവര്‍ക്കു മേലുള്ള നികുതിയാണ്. ഇതു പാവപ്പെട്ട ജനങ്ങള്‍ക്കു നേരെയുള്ള ആക്രമണമാണ്. ഇപ്പോള്‍ അവര്‍ ചോദിക്കുകയാണ്, എങ്ങനെയാണു തങ്ങള്‍ക്കു തൊഴില്‍ ലഭിക്കുകയെന്ന്,’ രാഹുല്‍ പറഞ്ഞു.

നേരത്തേ രാജ്യത്തു കരുതല്‍ തടവറകളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിയുടെ ഈ വാദത്തെ പൊളിക്കുന്ന ബി.ബി.സിയുടെ സ്റ്റോറി ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ആര്‍.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോടു കള്ളം പറഞ്ഞു’ എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന എല്ലാവരോടും താന്‍ ഐക്യപ്പെടുന്നതായി രാഹുല്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

‘പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണ്. ഇത്തരം വൃത്തികെട്ട ആയുധങ്ങള്‍ക്കെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം സമാധാനപരവും അഹിംസാപരവുമായ സത്യാഗ്രഹമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ സമാധാനപരമായ പ്രതിഷേധിക്കുന്ന എല്ലാവരോടും ഞാന്‍ ഐക്യപ്പെടുന്നു.’- അദ്ദേഹം പറഞ്ഞു.