മഞ്ചേരി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് അധ്യാപകരെ ക്ഷണിച്ചുകൊണ്ട് കത്ത് നല്‍കിയ മഞ്ചേരി നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഓഫീസ് തല്ലിത്തകര്‍ത്തു. നഗരസഭ സെക്രട്ടറിയുടെ ഓഫീസാണ് പ്രവര്‍ത്തകര്‍ തകര്‍ത്തത്.
എന്‍.പി.ആറിന് വേണ്ടി വിവരശേഖരണം നടത്തുന്നതിനായി അധ്യാപകരെ ആവശ്യപ്പെട്ടുകൊണ്ട് നഗരസഭയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ പ്രധാനധ്യാപകര്‍ക്കാണ് നഗരസഭ സെക്രട്ടറി കത്തയച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ സെന്‍സസ് ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച ഉത്തരവിന്റെ പകര്‍പ്പ് കൂടി ചേര്‍ത്തായിരുന്നു 17 സ്‌കൂളുകളിലേക്ക് സെക്രട്ടറി കത്തയച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ജനസംഖ്യാപ്പട്ടിക സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതായി പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷവും നഗരസഭ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുമുണ്ടായ നടപടിയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
2021ലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. കത്തിനോടൊപ്പം അയച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ ഇത് എന്‍.പി.ആറിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതാണ് വലിയ പ്രതിഷേധങ്ങള്‍ക്ക വഴി വെച്ചത്.
വിവാദമായതോടെ കത്ത് പിന്‍വലിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വന്ന പിഴവാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നായിരുന്നു നഗരസഭയുടെ പ്രതികരണം. ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ മാത്രം ആവശ്യപ്പെട്ട ഫോമിനൊപ്പം മുന്‍പ് ഇറങ്ങിയ ഉത്തരവിന്റെ പകര്‍പ്പ് കൂടി ഉള്‍പ്പെട്ടതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും നഗരസഭ അറിയിച്ചിരുന്നു.