|

അമ്മയുടെ ജന്മസ്ഥലം ചോദിച്ചാല്‍ പറയാന്‍ എനിക്കും സാധിക്കില്ല, ഈ ചോദ്യങ്ങള്‍ പിന്‍വലിക്കണം; എന്‍.പി.ആറിനായി കൂട്ടിച്ചേര്‍ത്ത ചോദ്യങ്ങള്‍ സംശയമുളവാക്കുന്നതാണെന്ന് നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: എന്‍.പി.ആര്‍ വിവരശേഖരണത്തിനായി പുതുതായി കൂട്ടിച്ചേര്‍ത്ത ചോദ്യങ്ങള്‍ സംശയമുളവാക്കുന്നതാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഈ ചോദ്യങ്ങള്‍ പിന്‍വലിക്കണമെന്നും നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

2011 ലെ ചോദ്യങ്ങള്‍വെച്ച് എന്‍.പി.ആര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമെങ്കില്‍ മാത്രം പൂരിപ്പിച്ചാല്‍ മതിയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാവുന്നതാണല്ലോ. എങ്കില്‍ അതെന്തിനാണ് എന്‍.പി.ആറിനായി ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു.

‘2011 ലും എന്‍.പി.ആര്‍ ഉണ്ടായിട്ടുണ്ട്. 2015 ല്‍ എന്‍.പി.ആര്‍ അവലോകനം ചെയ്തിട്ടുമുണ്ട്. അത് 2020 ലും നടക്കും. പക്ഷെ പുതിയ ചില ചോദ്യങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. അതുകൊണ്ട് 2011 ലെ മാതൃക തന്നെ പിന്തുടരുന്നതാണ് നല്ലത്’, നിതീഷ് കുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനനസ്ഥലവും ജനനത്തിയതിയും എല്ലാവര്‍ക്കും അറിയാന്‍ സാധ്യതയില്ലെന്നിരിക്കെ ആ ചോദ്യം ഉള്‍പ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധാറിലും മറ്റ് രേഖകളിലും ഇത് ഉണ്ടാകുമെന്നിരിക്കെ വീണ്ടും ആവര്‍ത്തിക്കേണ്ടതില്ലെന്നും നിതീഷ് പറഞ്ഞു.

തന്റെ അമ്മയുടെ ജനനസ്ഥലത്തെക്കുറിച്ച് ചോദിച്ചാല്‍ ഭൂരിപക്ഷം പേരേയും  പോലെ തനിക്കും പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.ഡി.യു ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും നിതീഷ് കുമാര്‍ പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൗരത്വ നിയമം നടപ്പിലാക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും വിധി വരുന്നതുവരെ ജനങ്ങള്‍ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO: