'അമിത് ഷാ സാഹേബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും'; എന്‍.പി.ആറിനെതിരെ ഉവൈസി
NRC
'അമിത് ഷാ സാഹേബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും'; എന്‍.പി.ആറിനെതിരെ ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th December 2019, 10:06 am

ഹൈദരാബാദ്: എന്‍.ആര്‍.സിയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) എന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. എന്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഉവൈസി ചോദിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘1955-ലെ പൗരത്വ നിയമപ്രകാരമാണ് അവര്‍ എന്‍.പി.ആര്‍ ചെയ്യുന്നത്. അപ്പോള്‍ അതിന് എന്‍.ആര്‍.സിയുമായി ബന്ധമില്ലേ? എന്തുകൊണ്ടാണ് അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്റെ പേരെടുത്തു പറഞ്ഞാണ് അദ്ദേഹം എന്‍.ആര്‍.സി രാജ്യത്തുടനീളം നടപ്പാക്കുമെന്നു പറഞ്ഞത്.

അമിത് ഷാ സാഹേബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. എന്‍.ആര്‍.സി എന്‍.പി.ആറിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. 2020 ഏപ്രിലില്‍ എന്‍.പി.ആര്‍ നടപ്പിലാകുമ്പോള്‍ അധികൃതര്‍ രേഖകള്‍ ആവശ്യപ്പെടും. അവസാന പട്ടിക എന്‍.ആര്‍.സി തന്നെയാകും.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.പി.ആര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമമാണെന്ന് ശശി തരൂര്‍ എം.പി ആരോപിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം എന്‍.പി.ആറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശ്യങ്ങള്‍ മാറിയിട്ടില്ലെന്നും അവതരണ തന്ത്രങ്ങള്‍ പരിഷ്‌കരിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് തരൂര്‍ പറഞ്ഞത്.

മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നീരിക്ഷകനുമായ ശിവം വിജ് എന്‍.പി.ആറിനെതിരെ പങ്കുവെച്ച ട്വീറ്റ് സഹിതമാണ് തരൂര്‍ ജനസംഖ്യ പട്ടികക്കെതിരെ പ്രതികരിച്ചിരിക്കുന്നത്.

എന്‍.ആര്‍.സിയെക്കുറിച്ചും എന്‍.പി.ആറിനെക്കുറിച്ചും നിലവിലുള്ള ആശയക്കുഴപ്പം മനസിലാക്കാന്‍ ഇത് വളരെ പ്രധാനപ്പെട്ട വിശദീകരണങ്ങളാണ് എന്നു കുറിച്ചുകൊണ്ടാണ് ശിവം വിജിന്റെ ട്വീറ്റ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ പൗരത്വ പട്ടിക അംഗീകരിക്കാത്ത സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു.

എന്‍.ആര്‍.സിയും ദേശീയ ജനസംഖ്യാ പട്ടികയും (എന്‍.പി.ആര്‍)തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

എന്‍.പി.ആറിനും എന്‍.ആര്‍.സിക്കും വ്യത്യസ്ത പ്രക്രിയകളാണ് ഉള്ളതെന്നും രണ്ടും തമ്മില്‍ ബന്ധമില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു.

എന്‍.പി.ആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്‍.ആര്‍.സിക്കായല്ലെന്നും എന്‍.പി.ആര്‍ വേണ്ടെന്ന് പറയുന്ന കേരളത്തിലെയും ബംഗാളിലെയും മുഖ്യമന്ത്രിമാര്‍ അത്തരത്തിലൊരു തീരുമാനമെടുക്കരുതെന്നും പുനരാലോചന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.