| Monday, 6th October 2014, 6:52 am

ആരോഗ്യരംഗത്ത് ആശങ്കയുണ്ടാക്കി മരുന്നുകള്‍ക്ക് വന്‍വിലവര്‍ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കോഴിക്കോട്: മരുന്നുകളുടെ വില നിയന്ത്രണം മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ കാന്‍സര്‍ പ്രതിരോധ മരുന്നിന് ഒരു ലക്ഷം രൂപ കുത്തനെ കൂട്ടി. 108 മരുന്നുകളെ അവശ്യമല്ലാത്ത (Non Essential) വിഭാഗത്തില്‍ പെടുത്തിയാണ് വിലനിയന്ത്രണാധികാരം നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്   അതോറിറ്റിയില്‍ നിന്നും എടുത്തുകളഞ്ഞിരിക്കുന്നത്. ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം, എയ്ഡ്‌സ്, ക്ഷയം, മലേറിയ, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള എല്ലാ മരുന്നുകള്‍ക്കും ഇരട്ടിയോളം വിലയാണ് മോദി സര്‍ക്കാറിന്റെ നടപടിയിലൂടെ വര്‍ധിക്കുന്നത്.

കാന്‍സര്‍ പ്രതിരോധത്തിനടക്കമുള്ള 108 മരുന്നുകളുടെ വിലനിയന്ത്രണാധികാരമാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയില്‍ (എന്‍.പി.പി.എ) നിന്നും എന്‍.ഡി.എ സര്‍ക്കാര്‍ എടുത്തു കളഞ്ഞിരിക്കുന്നത്. എന്‍.പി.പി.എ ജൂലൈ മാസം ഇറക്കിയ വിലനിലവാരത്തെ റദ്ദ് ചെയ്ത് കൊണ്ട് കമ്പനികളുടെ താത്പര്യത്തിനനുസരിച്ച് “അവശ്യമല്ലാത്ത മരുന്ന്” എന്ന വിഭാഗത്തില്‍ പെടുത്തിയാണ് ഈ പിന്മാറ്റം.

മരുന്നുകളുടെ വില നിര്‍ണയാധികാരം തങ്ങള്‍ക്ക് വേണമെന്ന് സ്വകാര്യ മരുന്നു കമ്പനികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനെതിരെ എന്‍.പി.പി.എ രംഗത്തെത്തിയിരുന്നു. എന്നാല്‍ എന്‍.പി.പി.എയുടെ ജൂലൈ മാസത്തെ സര്‍ക്കുലര്‍ ഇറങ്ങിയതു മുതല്‍  ഈ നീക്കത്തിനെതിരെ സ്വകാര്യ മരുന്നു കമ്പനികളുടെ സംഘടനയായ ഒ.പി.പി. നടത്തിയ എതിര്‍പ്പിനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയിലൂടെ ഇപ്പോള്‍ വിജയം കൈവന്നിരിക്കുന്നത്. മരുന്ന് കമ്പനികള്‍ക്ക് അനുകൂലമായെടുത്ത കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയെ കമ്പനികള്‍ സ്വാഗതം ചെയ്തു.

നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു തൊട്ടുമുമ്പാണ് ബഹുരാഷ്ട്ര കുത്തക മരുന്നുനിര്‍മാണ കമ്പനികള്‍ക്ക് അനുകൂലമായുള്ള തീരുമാനമെടുത്തത്. കാന്‍സര്‍ പ്രതിരോധത്തിനുള്ള 8,500 രൂപ വിലയുള്ള ഗ്ലിവെകിന് (Glevec) ഇനി മുതല്‍ 1,08,000 രൂപയായിരിക്കും. കാന്‍സര്‍ പ്രതിരോധമരുന്നിന് പുറമേ പേവിഷബാധയേല്‍ക്കാതിരിക്കാനുള്ള ആന്റി റാബിസ് മരുന്നിന് 2670 രൂപയില്‍നിന്ന് 7,000 രൂപയിലെത്തി.

ആരോഗ്യ സേവനരംഗത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ടുള്ള വിലവര്‍ധനവാണിതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. വില വര്‍ധനവ് സോഷ്യല്‍ മീഡിയകളില്‍ ഇതിനകം തന്നെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. “മോഡിഫൈഡ് പ്രൈസ് ജനങ്ങളെ കൊള്ളയടിക്കാന്‍” എന്ന തലക്കെട്ടിലാണ് മിക്ക സ്റ്റാറ്റസുകളും ഇതിനകം വന്നിരിക്കുന്നത്. ഇടതുപക്ഷ പാര്‍ട്ടികളുള്‍പ്പെടെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളൊന്നും വിലവര്‍ധനക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വരാത്തതിനെതിരെയും സോഷ്യല്‍ മീഡിയകളില്‍ കടുത്ത വിമര്‍ശനം ഉണ്ട്.

ഓഹരി വിപണികളില്‍ പണം മുടക്കുന്നവര്‍ക്ക് നഷ്ടം ഉണ്ടാകാത്ത, സുരക്ഷിതമേഖല എന്നറിയപ്പെടുന്ന മരുന്നുകമ്പനികളുടെ ഓഹരിവിലയില്‍ അപ്രതീക്ഷിത കുതിച്ചുചാട്ടമാണ് 108 മരുന്നുകള്‍ക്കു വിലനിയന്ത്രണം ഇല്ലാതായതോടെ ഉണ്ടായിരിക്കുന്നത്.

അവശ്യമല്ലാത്ത മരുന്ന് എന്ന വിഭാഗത്തില്‍ വരുമ്പോള്‍ തന്നെ രാജ്യത്താകെ 11 ലക്ഷത്തോളം ക്യാന്‍സര്‍രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. നിലവിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് പുറമെ കേരളത്തില്‍ പ്രതിവര്‍ഷം 40,000ത്തോളം പുതിയ കാന്‍സര്‍ രോഗികളുണ്ടാകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കാന്‍സര്‍ ചികിത്സക്കുള്ള ഗ്ലിവെകിന് ഒരു ലക്ഷം രൂപയുടെ വര്‍ധനവിന് പുറമെ ഈ വിഭാഗത്തിലുള്ള വീനറ്റ് (Veenat) 8,500 രൂപയില്‍ നിന്നും 11,500 രൂപയായും ഗെഫ്റ്റിനേറ്റ് (Geftinate) 5,900 രൂപയില്‍ നിന്നും 11,500 രൂപയായും നൊല്‍വാഡെക്‌സിന് (Nolvadex) 45 രൂപയില്‍ നിന്നും 200 രൂപയായും വര്‍ധിക്കുന്നത്.

ലോകരാജ്യങ്ങള്‍ പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമായാണ് ഹൃദ്രോഗത്തെയും രക്തസമ്മര്‍ദ്ദത്തെയും അടയാളപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 4.7 കോടി ഹൃദ്രോഗികളുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ജനസംഖ്യയില്‍ 20-40 ശതമാനം പ്രായപൂര്‍ത്തിയായവര്‍ പട്ടണപ്രദേശങ്ങളിലും 12-17 ശതമാനം പ്രായപൂര്‍ത്തിയായവര്‍ ഗ്രാമപ്രദേശങ്ങളിലും രക്തസമ്മര്‍ദ്ദമുള്ളവരാണ്. 2025 ആകുന്നതോടെ രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ഇത്രയധികം സാര്‍വത്രികമായ രക്തസമ്മര്‍ദ്ദം അവശ്യമരുന്നിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍.

രക്തസമ്മര്‍ദത്തിനും ഹൃദ്രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന കാര്‍ഡെസിന് (Cardace 5mg) 92 രൂപയില്‍ നിന്നും 128 രൂപയായും സെലോക്കെന്‍ (Seloken XL50) 78 രൂപയില്‍ നിന്നും 164 രൂപയായും പ്ലാവിക്‌സ് (Plavix) 147 രൂപയില്‍ നിന്നും 1615 രൂപയായും ലോസറിന് (Loser 50mg) 67 രൂപയില്‍ നിന്നും 94 രൂപയായും വര്‍ധിച്ചു. രക്തസമ്മര്‍ദ്ദം ചികിത്സിക്കുകയും മരുന്ന് കഴിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഹൃദ്രോഗത്തിലേക്കും ഗുരുതരമായ കാര്‍ഡ്യാക് വാസ്‌കുലാറിലേക്കും രോഗികളെ എത്തിക്കും.

4.1 കോടി പ്രമേഹരോഗികളാണ് നിവവിലുള്ളത്. പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നവരില്‍ ഭൂരിപക്ഷവും ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ടവരാണ്. പ്രമേഹരോഗികളില്‍ കൂടുതലും കേരളത്തിലായതിനാല്‍ മലയാളികളെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. പ്രമേഹ കുത്തിവയ്പിനുള്ള ഹുവാമിന്‍ മിക്സ്റ്റാര്‍ഡിന് (Huamin Mixtard Injection) 140 രൂപയില്‍നിന്ന് 169 രൂപയായും അമറില്‍ 2ന് (Amaryl 2) 98 രൂപയില്‍നിന്ന് 208 രൂപയായും വര്‍ധിച്ചിരിക്കുകയാണ്.

ആന്റിബയോട്ടിക് മരുന്നുകള്‍ക്കും വില കൂടി. മോക്‌സിസിപ് (Moxicip 400) 250 രൂപയില്‍നിന്ന് 399 രൂപയായും, മോക്‌സിഫ് (Moxif) 295 രൂപയില്‍നിന്ന് 418 രൂപയായും, ടാക്‌സിം (Taxim O 200) 118 രൂപയില്‍നിന്ന് 198 രൂപയായും, ഓഗ്‌മെന്റിന്‍ 625 (Augmentin 625) 150 രൂപയില്‍ നിന്ന് 263 രൂപയായും ടാരിബിഡ് 200 (Taribid 200) 34 രൂപയില്‍ നിന്നും 173 എന്നിങ്ങനെയാണ് വില കൂടിയത്.

പേവിഷബാധയ്ക്കുള്ള ആന്റി റാബിസ് (കമറാബ്) മരുന്നിന് 2,670 രൂപയില്‍നിന്ന് ഒറ്റയടിക്ക് 7,000 രൂപയായാണ് കൂടിയത്. ആല്‍ബുമിന്‍ 3,800ല്‍നിന്ന് 5,500 രൂപയായും ആന്റി ഡി 2,200 രൂപയില്‍നിന്ന് 3,500 രൂപയായും വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കൊളസ്‌ട്രോളിനുള്ള സ്റ്റോര്‍വാസിന് (Starvas 10)62 രൂപയില്‍നിന്ന് 97 രൂപയായി വര്‍ധിച്ചപ്പോള്‍ (Alprox 0.25) 15 രൂപയില്‍ നിന്നും 22 രൂപയായി.

22 ലക്ഷം ക്ഷയരോഗികളും 25 ലക്ഷം എയ്ഡ്‌സ് എച്ച്.ഐ.വി ബാധിതരുമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മരുന്നിന്റെ വിലനിയന്ത്രണം എടുത്തുകളയുന്നതോടെ സാധാരണക്കാരായ രോഗികളെ കടുത്ത പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിക്കുക. ആരോഗ്യരംഗത്ത് വന്‍കുതിച്ചുചാട്ടം നടത്തിയ കേരളത്തിലടക്കം മരുന്നുകളുടെ തീവില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.

We use cookies to give you the best possible experience. Learn more