| Thursday, 2nd March 2023, 5:12 pm

ബി.ജെ.പിയെ ഒപ്പം കൂട്ടിയാലും രക്ഷയില്ല; മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത നിലയില്‍ എന്‍.പി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മേഘാലയയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. നിലവിലെ ഭരണകക്ഷിയായ എന്‍.പി.പിക്ക് 25 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പി മൂന്ന് സീറ്റ് മാത്രമാണ് നേടിയത്.

60 നിയമസഭാ മണ്ഡലമുള്ള മേഘാലയയില്‍ 31 സീറ്റ് വേണം ആര്‍ക്കെങ്കിലും അധികാരത്തിലെത്താന്‍. എന്‍.പി.പിക്ക് 25 ഉം ബി.ജെ.പിയുടെ മൂന്ന് സീറ്റും ഉള്‍പ്പെടെ സഖ്യമുണ്ടാക്കിയാലും 28 സീറ്റിലെത്താനെ കഴിയുകയുള്ളു.

തെരഞ്ഞെടുപ്പിന് മുമ്പ് എന്‍.പി.പിയുമായി സഖ്യത്തിലായിരുന്ന ബി.ജെ.പി പിന്നീട് മുഴുവന്‍ സീറ്റിലും മത്സരിക്കുകയായിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നതോടെ ബി.ജെ.പി മൂന്ന് സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ തവണത്തെ അത്രപോലും വോട്ട് ശതമാനത്തിലെത്താനും ബി.ജെ.പിക്ക് കഴിഞ്ഞില്ല.

അതിനിടെ, ബി.ജെ.പിയെ ഒപ്പം ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണ് എന്‍.പി.പി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ദ ബിശ്വ ശര്‍മ നിലവിലെ മേഘാലയ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുകൂടാതെ മറ്റ് പാര്‍ട്ടിയിലെ എം.എല്‍.എമാരെയും തങ്ങളുടെ സഖ്യത്തിലെത്തിക്കാന്‍ എന്‍.പി.പി ശ്രമിക്കുന്നുണ്ട്.

അതേസമയം, 13 ശതമാനം വോട്ടോടെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അഞ്ച് സീറ്റ് നേടി. എന്നാല്‍ കോണ്‍ഗ്രസിനിവിടെ ഒറ്റ സീറ്റും നേടാനായില്ല. 2018ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 21 സീറ്റും എന്‍.പി.പിക്ക് 20 സീറ്റും ലഭിച്ചിരുന്നു. അന്ന് ബി.ജെ.പിക്ക് രണ്ട് സീറ്റാണ് ഉണ്ടായിരുന്നത്.



Content Highlight: NPP unable to form government in Meghalaya

We use cookies to give you the best possible experience. Learn more