ഗുവാഹത്തി: തങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനത്തില്‍ അതൃപ്തി രേഖപ്പെടുത്തി നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) മണിപ്പുരിലെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ഇന്ന് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
എന്‍.പി.എഫിന്റെ തീരുമാനം ബി.ജെ.പിയെ ബാധിക്കില്ല. 60 അംഗ നിയമസഭയില്‍ എന്‍.പി.എഫിന്റെ നാല് അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചാലും ബി.ജെ.പി സഖ്യ സര്‍ക്കാരിന് 32 എം.എല്‍.എമാരുണ്ടാകും. 31 എം.എല്‍.എമാര്‍ ബി.ജെ.പിക്കു മാത്രമുണ്ട്. ബാക്കിയുള്ള എം.എല്‍.എ ലോക് ജനശക്തി പാര്‍ട്ടിയുടേതാണ്.
പാര്‍ട്ടി നേതൃത്വവുമായും എം.എല്‍.എമാരുമായും കൂടിയാലോചിച്ച ശേഷമാണു തീരുമാനമെടുത്തതെന്ന് എന്‍.പി.എഫിന്റെ മുതിര്‍ന്ന നേതാവും നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രിയുമായ ടി.ആര്‍ സെലിയാങ് ട്വിറ്ററില്‍ അറിയിച്ചു.
മണിപ്പുരില്‍ മാത്രമല്ല, നാഗാലാന്‍ഡിലും എന്‍.പി.എഫ് ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇരുകക്ഷികള്‍ക്കിടയിലുമുണ്ടായ അസ്വാരസ്യം മണിപ്പുരിലേക്കും വ്യാപിക്കുകയായിരുന്നു.
2017-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നത് കോണ്‍ഗ്രസായിരുന്നു. 28 എം.എല്‍.എമാരാണ് അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ 21 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പിയിലേക്ക് കോണ്‍ഗ്രസിന്റെ ഒമ്പതും തൃണമൂല്‍ കോണ്‍ഗ്രസും ഒന്നും എം.എല്‍.എമാര്‍ കൂറുമാറിയപ്പോള്‍ അവര്‍ സര്‍ക്കാരുണ്ടാക്കി. കൂടെ എന്‍.പി.എഫും ലോക് ജനശക്തി പാര്‍ട്ടിയും.
എന്നാല്‍ 2018-ലാണ് ബി.ജെ.പിയുമായും ബിരേന്‍ സിങ് സര്‍ക്കാരുമായും എന്‍.പി.എഫ് അസ്വാരസ്യത്തിലെത്തുന്നത്. 15 വര്‍ഷമായി ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന എന്‍.പി.എഫിനെ മാറ്റിനിര്‍ത്തി പുതുതായി രൂപീകരിച്ച നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടിയുമായി (എന്‍.ഡി.പി.പി) ചേര്‍ന്ന് നാഗാലാന്‍ഡില്‍ ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചതാണ് മണിപ്പുരിലെ കലഹത്തിനു കാരണം. തുടര്‍ന്ന് നാഗാലാന്‍ഡില്‍ കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ എന്‍.ഡി.പി.പി 18 സീറ്റുമായും ബി.ജെ.പി 12 സീറ്റുമായും ജയിച്ചുകയറുകയായിരുന്നു. ചെറുകക്ഷികളുടെയും ഒരു സ്വതന്ത്ര എം.എല്‍.എയുടെയും പിന്തുണയോടെയാണ് ബി.ജെ.പി-എന്‍.ഡി.പി.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാഗാലാന്‍ഡില്‍ ബി.ജെ.പിയുമായി സഖ്യം പുതുക്കാന്‍ എന്‍.പി.എഫ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും എന്‍.ഡി.പി.പി വിലങ്ങുതടിയായി നിലകൊണ്ടു. ഒടുവിലാണ് മണിപ്പുരിലെ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.