ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ഐ.വി ബാബു പിരിഞ്ഞുപോയത്. മുഖ്യധാരയിലുള്ള മലയാള പത്രപ്രവര്‍ത്തകരില്‍ അപൂര്‍വമായി കാണുന്ന ഭാഗ്യമോ നിര്‍ഭാഗ്യമോ ബാബുവിന് ഉണ്ടെന്ന് എനിക്കു തോന്നാറുണ്ട്. അദ്ദേഹത്തിന്റെ അത്രയൊന്നും ദൈര്‍ഘ്യമില്ലാത്ത തൊഴില്‍ജീവിതത്തില്‍ പ്രാധാന്യമുള്ള അനേകം അധ്യായങ്ങളുണ്ട്. ഓരോന്നിനും അപൂര്‍വതകളുണ്ട്, എല്ലാം സംഭവബഹുലവുമായിരുന്നു. ആ അധ്യായങ്ങളില്‍ ഒന്നില്‍മാത്രമേ ബാബുവിനോടൊപ്പം ഏതാണ്ട് പൂര്‍ണരൂപത്തില്‍ പങ്കാളിയും സാക്ഷിയുമാകാന്‍ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. അത് ഏറ്റവും ഒടുവിലത്തെ ‘തത്സമയം’ അധ്യായമായിരുന്നു. ഒടുവിലത്തേത് എന്നതുകൊണ്ടുമാത്രം ചിലപ്പോള്‍ അതായിരിക്കാം ഒരു പക്ഷേ, ഏറെ ഓര്‍മിക്കപ്പെടുക. അതിനെക്കുറിച്ച് ഒടുവില്‍ പറയാം
വിദ്യാര്‍ത്ഥി അധ്യായം
കോളജ് വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം തലശ്ശേര ഗവ.ബ്രണ്ണന്‍ കോളജിലായിരുന്നു. അവിടെ ചേര്‍ക്കാന്‍ ചെന്നപ്പോള്‍, രാഷ് ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകനായ അച്ഛന്‍ ഐ.വി ദാസ് മകനെയും കൂട്ടി ചെന്നു കണ്ടത് പ്രഫ. എം.എന്‍. വിജയനെയാണ്. മകനെ ഞാന്‍ നിങ്ങളെ ഏല്പിക്കുന്നു എന്നാണ് ദാസന്‍മാസ്റ്റര്‍ വിജയന്‍ മാറ്ററോട് പറഞ്ഞത്. വയസ്സായിക്കഴിഞ്ഞ നമ്മളെ ഇവരുടെയൊക്കെ കൈകളിലല്ലേ ഏല്‍പ്പിക്കേണ്ടത് എന്നു വിജയന്‍ മാസ്റ്റര്‍ മറുപടി പറഞ്ഞതായി അപ്പുക്കുട്ടന്‍ വള്ളിക്കുന്നു ഒരു അനുസമരണലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു. എം.എന്‍, വിജയന്റെ ശിഷ്യത്വം ബാബുവിന്റെ ജീവിതത്തെ സ്വാധീനിക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിക്കും, പക്ഷേ, അത് ഇത്രത്തോളം വരും എന്ന് എങ്ങനെ സങ്കല്‍പ്പിക്കാന്‍!
അച്ഛന്റെ ചിറകുപറ്റി ബാബു എസ്.എഫ്.ഐ പ്രവര്‍ത്തകനായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. വായനയും എഴുത്തും പ്രസംഗവും ഉടനീളം കൂടെ സഞ്ചരിച്ചു. പല പ്രവര്‍ത്തനങ്ങളില്‍, പല പോരാട്ടങ്ങളില്‍ അദ്ദേഹം ചെങ്കൊടിയേന്തി മുന്‍നിരയില്‍നിന്നിട്ടുണ്ട്. കോഴിക്കോട്ടെ അനുശോചനയോഗത്തില്‍ പഴയ സഹപ്രവര്‍ത്തകര്‍ അതു വിസ്തരിച്ചു പറഞ്ഞു.
പത്രപ്രവര്‍ത്തന അധ്യായം
പഠനം, വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തനം, സാമൂഹ്യചരിത്രഗവേഷണം എന്നിവയ്ക്കു ശേഷം ആരംഭിച്ച പത്രപ്രവര്‍ത്തനമാണ് ആ ജീവിതത്തിലെ മുഖ്യാധ്യായം. അവസാനം, ബോധം മറയും വരെ ഈ അധ്യായത്തില്‍ ഉറച്ചുനിന്നു. പല ഉപാധ്യായങ്ങള്‍ കൊണ്ട് സമൃദ്ധമാക്കിയ പ്രധാന ജീവിതാഭ്യാസം അതായി. ദേശാഭിമാനി അതിലൊരു പ്രധാന അധ്യായം തന്നെ. അതിനു മുമ്പ് കോളജ് അധ്യാപകനായും മൂന്നു സായാഹ്നപത്രങ്ങളിലും അനുഭവങ്ങള്‍ ആര്‍ജിച്ചിട്ടുണ്ട്. ദേശാഭിമാനിയിലാകട്ടെ എഡിറ്റോറിയല്‍ ഡസ്‌കിലും റിപ്പോര്‍ട്ടിങ്ങിലും ആഴ്ചപ്പതിപ്പിലും പ്രവര്‍ത്തിക്കാനായി. അച്ഛന്‍ കോളേജില്‍ കൊണ്ടുചെന്നേല്‍പ്പിച്ച വിജയന്‍മാസ്റ്റര്‍ പില്‍ക്കാലം ബാബുവിന്റെ രാഷ്ട്രീയത്ത അച്ഛന്‍ സ്വാധീനിച്ചതിലേറെ സ്വാധീനിച്ചു. ദേശാഭിമാനി ആഴ്ചപ്പതിപ്പില്‍ വിജയന്‍മാസ്റ്ററായിരുന്നു എഡിറ്റര്‍-എഡിറ്റര്‍ മാത്രമല്ല രാഷ്ട്രീയഗുരുവും. കേരളത്തിലെ പാര്‍ട്ടിയില്‍ കടുത്ത ആശയഭിന്നതയുടെ സ്ഫോടനങ്ങള്‍ക്ക് എം.എന്‍ വിജയന്‍ തിരികൊളുത്തിയപ്പോള്‍ ബാബു അതിനൊപ്പം ജ്വലിച്ചു. അന്ത്യനാളുകള്‍ വരെ നീണ്ടു പാര്‍ട്ടിയുമുള്ള ആ വേര്‍പിരിയില്‍.
സൗഹൃദം എന്ന അധ്യായം
പത്രപ്രവര്‍ത്തനത്തിന് സമാന്തരമായ രാഷ്ട്രീയം ബാബുവിനെ പിന്തുടരുന്നുണ്ടായിരുന്നു. അതുകൊണ്ട് ബാബു എന്തു നേടി എന്നു ചോദിക്കരുത്. പത്രപ്രവര്‍ത്തനം പോലും അദ്ദേഹത്തിനു രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയം ബാബുവിനെ പ്രബുദ്ധനാക്കി. സൗഹൃദങ്ങള്‍ക്ക് ഏറെ വില കല്‍പ്പിച്ച ബാബുവിന് രാഷ്ട്രീയം ഏറെ സമ്പന്ന സൗഹൃദങ്ങള്‍ പ്രദാനം ചെയ്തു. എന്റെ പഴയ സുഹൃത്ത് പരേതനായ കെ.ജയചന്ദ്രനെപ്പോലെ അദ്ദേഹം സൗഹൃദങ്ങളുടെ കാര്യത്തില്‍ അതിസമ്പന്നനായിരുന്നു. എല്ലാവരോടും ഒരേ സ്നേഹത്തോടെ പെരുമാറിപ്പോന്നു. ഇത്രയേറെ ഉറ്റ സുഹൃത്തുക്കളുള്ള മറ്റൊരു പത്രപ്രവര്‍ത്തകനെ ഈ തലമുറയില്‍ ഞാന്‍ കണ്ടിട്ടില്ല. എനിക്ക് അറിയുന്ന പത്തില്‍ ഒന്‍പതുപേരും ബാബുവിന്റെ സുഹൃത്തുക്കളാണെന്ന് അറിഞ്ഞ് ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്.
അവര്‍ പത്രപ്രവര്‍ത്തകരോ രാഷ് ട്രീയപ്രവര്‍ത്തകരോ മാത്രമായിരുന്നില്ല. തത്സമയം നാളുകളില്‍ എനിക്ക് അത് നേരിട്ട് അറിയാനായി. പരിചയക്കാരില്‍ ചെറിയ ഒരു ശതമാനം മാത്രമാകും മിക്കവര്‍ക്കും സുഹൃത്തുക്കള്‍. ബാബുവിന് സുഹൃത്തുക്കളേയുള്ളൂ, പരിചയക്കാരില്ല. പരിചയപ്പെടുന്നവരെല്ലാം അതിവേഗം സുഹൃത്തുക്കളാകും. രാഷ്ട്രീയബന്ധങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് വര്‍ണശബളിമയും ആനന്ദവും ഏകി. ധാരാളം രാഷ്്ട്രീയ എതിരാളികള്‍ ഉണ്ടായിരുന്നു, പക്ഷേ, ഒരു ശത്രു പോലും ഉളളതായി തോന്നിയില്ല. നിറഞ്ഞ ചിരിയോടെ എപ്പോഴും എല്ലാവരെയും സ്വീകരിക്കുകയും എപ്പോഴും വിളിച്ചോ സന്ദേശങ്ങളയച്ചോ ബന്ധം സജീവമായി നിലനിര്‍ത്തകയും ചെയ്തു പോന്ന അദ്ദേഹത്തെ ആര്‍ക്കും മറക്കാന്‍ പറ്റുമായിരുന്നില്ല.
ദേശാഭിമാനിക്കു പുറത്ത്
എം.എന്‍ വിജയന്‍ ബന്ധത്തിലൂടെ ബാബുവിലേക്കു പകര്‍ന്നുകിട്ടിയ പ്രത്യേക ഇടതുപക്ഷബോധം അദ്ദേഹത്തെയും സി.പി.എം ഔദ്യോഗികപക്ഷത്തിന്റെ ശത്രുവാക്കി. ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ അദ്ദേഹം ആ പക്ഷത്തോടൊപ്പം നിന്നു. ദേശാഭിമാനിയുടെ പത്രാധിപത്യവും പാഠം മാസികയുടെ പത്രാധിപത്യവും ഒരേ സമയം വഹിച്ച എം.എന്‍ വിജയന് ഇത്തരം ധാരാളം അനുയായികള്‍ ദേശാഭിമാനിയില്‍തന്നെ ഉണ്ടായിരുന്നു. പലരും അല്പം ശബ്ദം താഴ്ത്തി അവിടെ തുടര്‍ന്നു. ജോലിയോ ശമ്പളമോ പദവിയോ സൗഹൃദം പോലുമോ അദ്ദേഹത്തെ നിലപാടുകള്‍ എടുക്കുന്നതില്‍ സ്വാധീനിച്ചിട്ടില്ല. വിജയന്‍ മാസ്റ്റര്‍ക്കൊപ്പം നില്‍ക്കുന്നത് ദേശാഭിമാനിയില്‍ മോശമല്ലാത്ത ശമ്പളം പറ്റുന്ന ഒരു പത്രപ്രവര്‍ത്തകന് വലിയ നഷ്ടക്കച്ചവടമാകുമെന്ന് അറിയാതെ അല്ല ബാബു അതു ചെയ്തത്.
സ്ഥാപനത്തോട് കടുത്ത ഭിന്നാഭിപ്രായം ഉണ്ടായിട്ടും അത് പുറത്തെടുക്കാതെ ഒരു തൊഴിലായി മാത്രം പത്രപ്രവര്‍ത്തനത്തെ കണ്ട് ജോലിയില്‍ തുടരുന്നവരാണ് എല്ലാ പത്രങ്ങളിലുമുള്ള ബഹുഭൂരിപക്ഷവും. ആ ഭൂരിപക്ഷത്തില്‍ ഒരാളായില്ല ബാബു. ബാബുവിന് പുറത്തു പോകേണ്ടി വന്നു
എസ്.ജയചന്ദ്രന്‍നായര്‍ക്കൊപ്പം മലയാളം വാരികയില്‍ ചെലവിട്ട ഹ്രസ്വകാലത്തെ അനുഭവങ്ങള്‍ ബാബു ഓര്‍ത്തുപറയാറുണ്ട്. സാംസ്‌കാരിക പത്രപ്രവര്‍ത്തനം അദ്ദേഹത്തിന് വേഗം വഴങ്ങി. രാഷ്ട്രീയാദര്‍ശം വെടായാതെ പ്രവര്‍ത്തിക്കാന്‍ ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപര്‍ സഹായിച്ചു എന്നു വേണം പറയാന്‍. ബാബുവില്‍ ഏറെ സ്വാധീനം ചെലുത്തിയ ഗുരു തന്നെയാണ് ജയചന്ദ്രന്‍ നായര്‍. അദ്ദേഹം പത്രത്തില്‍നിന്നു ഇറങ്ങിയപ്പോള്‍ ബാബുവും ഇറങ്ങി.
നിഷ്പക്ഷ പത്രത്തിലെ പക്ഷം
പിന്നെ മംഗളം പത്രത്തില്‍. അതില്‍ തന്നെ ഒടുവില്‍ ഒരു ന്യൂഡല്‍ഹി ഉപാധ്യായം…ചുരുങ്ങിയ കാലത്തെ ഡല്‍ഹി ജീവിതത്തിനിടയിലും ഏറെ സൗഹൃദങ്ങള്‍ പുഷ്ടിപ്പെട്ടു. മലയാളികളും അല്ലാത്തതുമായ ഡല്‍ഹി പത്രപ്രവര്‍ത്തകരില്‍ മിക്കവരെക്കുറിച്ചുള്ള സൗഹൃദാനുഭവങ്ങള്‍ ബാബു തത്സമയം കാലത്ത് ഞങ്ങളോടു പങ്കുവച്ചിട്ടുണ്ട്. എല്ലാ ദിവസവും ആരെങ്കിലും എവിടെ നിന്നെങ്കിലും വിളിക്കുന്നുണ്ടാവും.
ഞാന്‍ പഠിച്ച പത്രപ്രവര്‍ത്തന എതിക്സ് പ്രകാരം പാര്‍ട്ടി പ്രവര്‍ത്തനം പത്രപ്രവര്‍ത്തകന്‍ വര്‍ജിക്കണം. പാര്‍ട്ടി പത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ അതാകാവൂ. ബാബു ഒരിക്കലം രാഷ്ട്രീയം വെടിഞ്ഞിട്ടില്ല. തത്സമയം പത്രത്തില്‍ പ്രവര്‍ത്തിച്ച സമയത്ത് അദ്ദേഹം രാഷ്ട്രീയബന്ധം തുടര്‍ന്നത് എന്നെ അമ്പരപ്പിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പേര് ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സാധ്യതയുള്ളവരുടെ പട്ടികയില്‍ സ്ഥലം പിടിക്കുക പോലും ചെയ്തു. അതു വാര്‍ത്തയുമായി.
മുന്‍ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി യുടെ പ്രചാരണക്കമ്മിറ്റിയുടെ ഭാരവാഹിയായിരുന്ന ബാബുവിന് അതൊന്നും ഒട്ടും പുതുമയുള്ളതായിരുന്നില്ല. ടി.പി ചന്ദ്രശേഖരന്റെ അറുകൊല അവര്‍ക്കൊരിക്കലും മറക്കാന്‍ കഴിയുന്നതായിരുന്നില്ല. കണ്ണീരും രോഷവും അടങ്ങാത്ത ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കൊപ്പം ബാബു ഒടുക്കം വരെ നിന്നു. വടകരയില്‍ എല്‍.ഡി.എഫിനെ തോല്പിക്കണം എന്ന വാശിയിലായിരുന്നു അവരെല്ലാം. ഒരു ഘട്ടത്തില്‍ യു.ഡി.എഫ് ഏതെങ്കിലും ദുര്‍ബല സ്ഥാനാര്‍ത്ഥിയെ വടകരയില്‍ നിര്‍ത്തിയേക്കും എന്ന് വാര്‍ത്ത പരന്നപ്പോള്‍ അത് തിരുത്തിക്കാനും കരുത്തനായ കെ.മുരളീധരനെ ഇറക്കാനും നടന്ന ശ്രമങ്ങളില്‍ ബാബുവും പങ്കു വഹിച്ചിരുന്നു എന്ന് എനിക്കു വ്യക്തമായി അറിയാം. ബാബു അതു മറച്ചുവെച്ചിരുന്നില്ല.
വാര്‍ത്തകളില്‍ തന്റെ പാര്‍ട്ടി അനുഭാവം അദ്ദേഹം കുത്തിത്തിരുകിയിരുന്നില്ല. നൂറു ശതമാനം നിഷ്പക്ഷത സാധ്യമോ ആശാസ്യമോ അല്ലെങ്കിലും വസ്തുതാപരമാവണം ഓരോ വാര്‍ത്തയും. വാര്‍ത്താബന്ധമുള്ള പരാമര്‍ശങ്ങളും അങ്ങനയാവണമെന്ന തത്ത്വത്തില്‍നിന്ന് അദ്ദേഹം വ്യതിചലിക്കാറില്ല. എനിക്ക് ഏതെങ്കിലും കാര്യത്തില്‍ ബാബുവുമായി ഏറ്റുമുട്ടേണ്ടതായി വന്നിട്ടില്ല എന്നതാണ് സത്യം.
പ്രത്യയശാസ്ത്ര പരിണാമം
സി.പി.എമ്മുമായുള്ള അകല്‍ച്ച കുറഞ്ഞെന്നും ബാബു പാര്‍ട്ടിയിലേക്കു മടങ്ങുമെന്നും ഒരുപാട് സുഹൃത്തുക്കള്‍ ആത്മാര്‍ത്ഥമായി കരുതിയിരുന്നു. പക്ഷേ, ബാബു പ്രത്യയശാസ്ത്രപരമായി നിലപാടുകള്‍ രൂപപ്പെടുത്തുന്നുണ്ടായിരുന്നു. ജനാധിപത്യപരമായ ഘടന ഇല്ലാത്ത പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇനി ഞാനില്ല എന്നദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
തത്സമയം പത്രത്തിന്റെ ഭാഷയും രീതികളും നയങ്ങളും രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് ബാബുവാണ്. പല ഭാഗത്തില്‍നിന്നും വിദഗ്ദ്ധരെ വിളിച്ചുവരുത്തി തത്സമയം പത്രത്തിന്റെ ഭാഷ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പുതിയ ആശയങ്ങള്‍ക്കായി പലേടത്തും പോയി പലരുമായും നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോഴത്തെ തത്സമയം പത്രശൈലി ബാബു രൂപപ്പെടുത്തിയതാണ്. പണ്ട് ടൈപ്പ് റൈറ്ററിന്റെ സൗകര്യത്തിനു വേണ്ടി വെട്ടിമുറിച്ച് നാശമാക്കിയ അക്ഷരങ്ങള്‍ ഡിജിറ്റല്‍ കമ്പോസിങ്ങ് കാലത്തു അതേപടി തുടരേണ്ടതില്ല എന്ന യുക്തി മിക്ക പത്രങ്ങളും സ്വീകരിച്ചിട്ടില്ല. ബാബുവിന്റെ ശ്രമബലമായി തത്സമയം പത്രം പഴയ മലയാളം ലിപിയിലേക്ക് തിരിച്ചുപോയി. മാദ്ധ്യമം എന്നേ തത്സമയം എഴുതാറുള്ളൂ, മാധ്യമം എന്നെഴുതാറില്ല. വിശദാംശങ്ങളില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും, ഒരു പരീക്ഷണമായിട്ടാണെങ്കിലും ഈ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ എഡിറ്ററും ചീഫ് എഡിറ്ററും സമ്മതിക്കുകയായിരുന്നു.
തത്സമയം അവസാന അധ്യായം
ഡല്‍ഹിയിലെ മംഗളം അനുഭവത്തില്‍ മനംമടുത്താണ് ബാബു തത്സമയം ഡസ്‌കിലേക്കു വന്നത്. ബാബു താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഉടമസ്ഥരില്‍ ഒരാളൂം ചീഫ് എഡിറ്ററുമായ ടി.പി ചെറൂപ്പ സമ്മതം മൂളുകയുമാണ് ചെയ്തത്. സ്ഥാപനത്തെ മലയാള പത്രരംഗത്ത് ഒരു ഗണനീയ ശക്തിയാക്കി വളര്‍ത്താം എന്ന ആത്മവിശ്വാസം ഉടമസ്ഥര്‍ക്ക് ഉണ്ടായിരുന്നു. ലോകമെങ്ങും അച്ചടി മാധ്യമങ്ങള്‍ ദുര്‍ബലമാകുന്നതിനെക്കുറിച്ച് ധാരാളം വായിക്കുകയും കുറച്ചെല്ലാം എഴുതുകയും ചെയ്ത എനിക്ക് ഇക്കാര്യത്തില്‍ ഒട്ടും ധൈര്യം ഉണ്ടായിരുന്നില്ല. എന്നാല്‍, നീണ്ടുനിന്ന മാര്‍ക്കറ്റ് സ്റ്റഡി നടത്തിയിട്ടുണ്ടെന്നും പോസിറ്റീവ് ആണ് ഫലം എന്നും ചീഫ് എഡിറ്റര്‍ ഉറപ്പിച്ചു പറഞ്ഞപ്പോഴാണ് ഈ പരീക്ഷണത്തിനൊപ്പം കൂടാന്‍ ഞാന്‍ സന്നദ്ധനായത്. ബാബു ഉള്‍പ്പെടെ ആര്‍ക്കും ആത്മവിശ്വാസക്കുറവുണ്ടായിരുന്നില്ല. ഒരു നല്ല ദിനപത്രം മലയാളികള്‍ നിരസിക്കുകയില്ല എന്നവര്‍ ഉറച്ചുവിശ്വസിച്ചു. പത്രം നന്നാക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു.
മോശമായ മൂലധനനിക്ഷേപം, തീരെ ഇല്ലെന്നുതന്നെ പറയാവുന്ന പബ്ലിസിറ്റി, മാസങ്ങള്‍ പിന്നിട്ടിട്ടും വിജയിക്കാത്ത പ്രചാര, പരസ്യ യജ്ഞങ്ങള്‍…….ഇതെല്ലാം ഏതാനും മാസങ്ങള്‍ക്കകം എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടിരുന്നു. മുഴുവന്‍ വലിപ്പത്തിലുള്ള പന്ത്രണ്ട് പേജ് സായാഹ്നപത്രം എന്ന ആശയം വിജയിപ്പിക്കാന്‍ കഴിയില്ല എന്ന ബോധ്യം തുറന്നു പറഞ്ഞാണ് ഞാന്‍ 2019 മെയ് ഒന്നു മുതല്‍ എഡിറ്റര്‍ സ്ഥാനമൊഴിഞ്ഞത്. അപ്പോള്‍ രണ്ടു മാസത്തെ ശമ്പളം ജീവനക്കാര്‍ക്കു മുടങ്ങിക്കഴിഞ്ഞിരുന്നു. ഇത്രയും പേജും ഇത്രയും എഡിറ്റര്‍മാരുമാരും ഇത്രയും സ്റ്റാഫും ഉള്ള ഒരു പത്രത്തെ ഒട്ടും വരുമാനം ഇല്ലാതെ മുന്നോട്ടുകൊണ്ടുപോകുക ആത്മഹത്യാപരമാണ് എന്നറിയാന്‍ വലിയ മാനേജ്മെന്റ് ജ്ഞാനമൊന്നും വേണ്ടല്ലോ. നിരവധി പേര്‍ രാജിവെച്ചൊഴിഞ്ഞുപോയി. പലരെയും ഒഴിവാക്കി. പേജുകള്‍ കുറച്ചു. വിശ്വാസം വെടിയാതെ പത്രം ഇപ്പോഴും തുടരുകയാണ്. മറ്റു പത്രപ്രവര്‍ത്തകര്‍ക്ക് ശമ്പളം മാസങ്ങളായി മുടങ്ങിക്കിടക്കുമ്പോള്‍ താന്‍ രാജിവെച്ചുപോകുന്നത് സഹപ്രവര്‍ത്തകരോട് ചെയ്യുന്ന വിശ്വാസവഞ്ചനയാവും എന്ന നിലപാടാണ് ഐ.വി ബാബു സ്വീകരിച്ചത്. ബാബു പ്രസിഡന്റായ യൂണിയന്‍ ഘടകം രൂപീകരിക്കുകയും മാനേജ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പല ശ്രമങ്ങള്‍ നടത്തുകയും ചെയ്തെങ്കിലും കാര്യമായൊന്നും നേടാനായില്ല.
മിക്ക ദിവസങ്ങളിലും ബാബു വിളിച്ച് സ്ഥാപനത്തിലെ സംഭവവികാസങ്ങള്‍ അറിയിക്കുമായിരുന്നു. പല സാധ്യതകളും ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഒന്നും ഫലവത്തായി രൂപപ്പെടുത്തനായില്ല. അങ്ങനെയിരിക്കെയാണ് ബാബു കഴിഞ്ഞ മാസാവസാനം എന്നെ വിളിച്ച് രാജിവെക്കുന്ന കാര്യം അറിയിച്ചത്. ഞാന്‍ പൂര്‍ണമായി യോജിച്ചു. രാജിക്കത്തിന്റെ ഡ്രാഫ്റ്റ് എനിക്കയച്ചുതന്നു. അത് പിറ്റേന്നു തന്നെ മാനേജ്മെന്റിനു കൈമാറുകയും ചെയ്തു. ഒരു മാസം കഴിയുമ്പോള്‍ പ്രാബല്യത്തില്‍ വരുന്ന രാജി.
അവസാനക്കാഴ്ച്ച
2020 ജനവരി പതിനാലാം തിയ്യതി വൈകുന്നേരം അഞ്ചരയോടെ ഞാന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചെന്നിരുന്നു. ഭാര്യയുടെ അടുത്ത ബന്ധു അവിടെ ചികിത്സയിലുണ്ടായിരുന്നു. അവരെ കാണാനാണ് ചെന്നത്. ഭാര്യ ബന്ധുക്കളുമായി രോഗകാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഞാന്‍ എന്റെ മൊബൈല്‍ സന്ദേശങ്ങളിലേക്ക് കടന്നു. രണ്ടര മണിക്കൂര്‍ മുമ്പ് ഐ.വി ബാബു അയച്ച ഒരു സന്ദേശം അതിലുണ്ട്. -ഞാന്‍ ആസ്പത്രിയിലാണ്, ബേബിയില്‍-. അത്ര മാത്രം. ഞാന്‍ ഭാര്യയെയും കൂട്ടി ബാബു കിടന്ന മുറിയിലെത്തി. ടീ ഷര്‍ട്ടും ബര്‍മുഡയുമായി നിറഞ്ഞ ചിരിയോടെ ബാബു ബഡ്ഡില്‍ ഇരിക്കുന്നു. മൂത്രത്തില്‍ ലേശം മഞ്ഞ, ചെറിയ പനി- വെറുതെ അഡ്മിറ്റ് ചെയ്തിരിക്കയാണ്. കൂറെ നേരം ബാബു നിര്‍ത്താതെ സംസാരിച്ചു, ചിരിച്ചു കൊണ്ടേ ഇരുന്നു, വരുന്നവരോടെല്ലാം ബഹളം കൂട്ടി. ബാബുവിന്റെ ഭാര്യയും മകനും ഒട്ടും അസ്വസ്ഥരല്ല. നാളെ വിളിക്കാം എന്ന വാഗ്ദാനത്തോടൊപ്പം ഞങ്ങള്‍ അന്നു പിരിഞ്ഞു.
അത് എന്നന്നേക്കുമായുള്ള പിരിയലായി…..