തേജസ് പത്രാധിപരെ തുറുങ്കിലടയ്ക്കണം, സാധിക്കുമെങ്കില്‍ തൂക്കിക്കൊല്ലണം; പത്രത്തിനെതിരായ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എന്‍.പി ചെക്കുട്ടി
Daily News
തേജസ് പത്രാധിപരെ തുറുങ്കിലടയ്ക്കണം, സാധിക്കുമെങ്കില്‍ തൂക്കിക്കൊല്ലണം; പത്രത്തിനെതിരായ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എന്‍.പി ചെക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th October 2016, 4:36 pm

രാജ്യദ്രോഹ നടപടികളും വര്‍ഗീയ വിദ്വേഷ പ്രചാരണവും നടത്തുന്നുവെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ തേജസ് ദിനപത്രം എഡിറ്ററെ കേസെടുത്ത് തുറുങ്കിലടയ്ക്കണമെന്നും, സാധിക്കുമെങ്കില്‍ തൂക്കിലേറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


മലപ്പുറം: തേജസ് പത്രത്തില്‍ വരുന്ന ലേഖനങ്ങളും റിപ്പോര്‍ട്ടുകളും രാജ്യതാല്‍പര്യത്തിനെതിരാണെന്നും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി പരസ്യം നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പത്രത്തിന്റെ എഡിറ്റര്‍ എന്‍.പി ചെക്കുട്ടി.

രാജ്യദ്രോഹ നടപടികളും വര്‍ഗീയ വിദ്വേഷ പ്രചാരണവും നടത്തുന്നുവെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ തേജസ് ദിനപത്രം എഡിറ്ററെ കേസെടുത്ത് തുറുങ്കിലടയ്ക്കണമെന്നും, സാധിക്കുമെങ്കില്‍ തൂക്കിലേറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തേജസിന് സര്‍ക്കാര്‍ പരസ്യം നിഷേധിക്കാന്‍ കാരണമായി മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞത് ഈ പത്രത്തില്‍ വരുന്ന ലേഖനങ്ങളും റിപ്പോര്‍ട്ടുകളും രാജ്യതാല്‍പര്യത്തിനെതിരാണെന്നും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ പരസ്യങ്ങള്‍ നല്‍കാനാവില്ലെന്നുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ ഈ കണ്ടെത്തില്‍ വളരെ ഗൗരവം അര്‍ഹിക്കുന്നതാണ്. ഒരു നിമിഷംപോലും ഈ പത്രം തുടരാന്‍ അനുവദിക്കരുത്. കേസെടുത്ത് പത്രാധിപരെ തുറുങ്കിലടയ്ക്കണം. സാധിക്കുമെങ്കില്‍ തൂക്കിലേറ്റുകയാണ് വേണ്ടത്. രാജ്യദ്രോഹ വകുപ്പുകളാണ് കേസില്‍ ചേര്‍ക്കേണ്ടതെന്നും സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.

മലപ്പുറം ടൗണ്‍ ഹാളില്‍ പിറ്റ്‌സ സംഘടിപ്പിച്ച സെമിനാറിലെ മാധ്യമങ്ങളും അപര നിര്‍മ്മിതികളും സെഷനില്‍ വിഷയാവതരണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പ്രസ്ഥാനവുമായി ബന്ധമുള്ള ഒരു പത്രം ഇസ്‌ലാം മതപ്രവാചകനെക്കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തി. അത് വലിയ അലയൊലികളും പ്രതിഷേധങ്ങളും സൃഷ്ടിച്ചു. മറ്റൊരു പ്രമുഖ ഇടതുപക്ഷ പത്രം തെരഞ്ഞെടുപ്പ് കാലത്ത് തെറ്റായ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ പ്രസ്‌കൗണ്‍സിലിന്റെ വിമര്‍ശനം ഏറ്റുവാങ്ങി. ഇതൊന്നും കാണാത്തവരാണ് തേജസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പരസ്യം നിഷേധിക്കുന്നതെന്ന് എന്‍.പി ചെക്കുട്ടി ചൂണ്ടിക്കാട്ടി.

കീഴാള സമൂഹങ്ങളില്‍ നിന്നും മാധ്യമരംഗത്ത് ഉയര്‍ന്നുവരുന്ന നേര്‍ത്ത പ്രതിഷേധങ്ങളെപ്പോലും ഇല്ലാതാക്കാനാണ് ശ്രമം. തേജസ് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നുവെന്ന് എല്‍.കെ അദ്വാനി പറഞ്ഞാല്‍ മനസ്സിലാക്കാം. അതേ സ്വരത്തില്‍ പിണറായി വിജയന്‍ പറയാന്‍ പാടില്ല. അദ്ദേഹം ഇടതുപക്ഷത്തിന്റെ നെടുംതൂണാണ് എന്‍.പി ചെക്കുട്ടി പറഞ്ഞു.

മാധ്യമരംഗത്തെ ജനകീയ പ്രതിരോധത്തിന്റെ ചെറിയ തരികള്‍ പോലും പരസ്യനിഷേധത്തിലൂടെ ഊതിക്കെടുത്താനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ആശയങ്ങളെ തോല്‍പിക്കാനാവില്ലെന്ന് മാധ്യമരംഗത്തെ പ്രതിലോമ ശക്തികള്‍ മനസ്സിലാക്കണമെന്നും എന്‍.പി ചെക്കുട്ടി കൂട്ടിച്ചേര്‍ത്തു.

നേരത്തെ വര്‍ഗ്ഗീയത വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിയ്ക്കുന്ന തേജസ് ദിനപത്രവും ദ്വൈവാരികയ്ക്കുമെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ വൈ.കെ ബവേജ നവംബര്‍ 18നാണ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്.

എന്‍.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള തേജസിനെതിരെ ഗൗരവമേറിയ പരാമര്‍ശങ്ങളാണ് കത്തിലുണ്ടായിരുന്നത്. സാമുദായിക അജണ്ടയോടെ പ്രകോപനപരമായ വാര്‍ത്തകളും വീക്ഷണങ്ങളും പ്രസിദ്ധീകരിക്കുന്ന പത്രവും വാരികയും ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന നടപടികളെ ഭരണകൂട ഭീകരതയായാണ് പലപ്പോഴും ചിത്രീകരിക്കുന്നതെന്ന് കത്തില്‍ ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയായിരുന്നു തേജസിന് പരസ്യം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി ഉണ്ടായത്.